കോട്ടയം: പൊലീസ് സ്റ്റേഷനിൽ ജാമ്യം എടുക്കാനെത്തിയ പ്രവാസിയായ പാലക്കാടുകാരനോട് കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്‌ഐ.യെ വിജിലൻസ് അറസ്റ്റു ചെയ്യുമ്പോൾ തെളിയുന്നത് പൊലീസുകാരന്റെ ഉന്നത ബന്ധം. കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കെ.എ അനിൽകുമാറിനെ അറസ്റ്റു ചെയ്തത്. മുമ്പും കൈക്കൂലി കേസിൽ ഇയാൾ കുടുങ്ങിയിട്ടുണ്ട്.

ഒരു എസ്‌ഐ വാഹനാപകടത്തിൽപ്പെട്ടപ്പോൾ അനുകൂലമായി എഫ്.ഐ.ആർ തയ്യാറാക്കാനായി അദ്ദേഹത്തിന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ ചരിത്രവുമുണ്ട് അനിൽകുമാറിന്. എട്ടു വർഷം മുൻപ് കടുത്തുരുത്തിയിൽ ജോലി ചെയ്യവെ സിഐയുടെ ഒപ്പും എഫ്.ഐ.ആറും തിരുത്തിയതിന് വകുപ്പുതല നടപടി നേരിട്ടിരുന്നു. അന്ന് സ്ഥലം മാറ്റിയെങ്കിലും സ്വാധീനത്തെ തുടർന്ന് കടുത്തുരുത്തിയിൽ തിരികെയെത്തി. പിന്നേയും കൈക്കൂലി വാങ്ങൽ തുടർന്നു.

പാലക്കാട് സ്വദേശിയും ദുബായിൽ സ്വകാര്യ വ്യക്തിയുടെ സെക്രട്ടറിയുമായ വിനോയ് എന്നയാൾ വിജിലൻസിനു നൽകിയ പരാതിയിലാണ് അനിൽകുമാറിനെ അറസ്റ്റു ചെയ്തത്. കൈക്കൂലി കൊടുത്ത് മടുത്തപ്പോഴായിരുന്നു വിനോയ് ഈ നീക്കം നടത്തിയത്. മാതാപിതാക്കളിൽ നിന്ന് 20,000 രൂപ വാങ്ങിയ ശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ദുബായിൽ ജോലിചെയ്യുന്ന പാലക്കാട് സ്വദേശി വിനോയി വിജിലൻസിനെ സമീപിച്ചത്.

വിനോയിക്കും മാതാപിതാക്കൾക്കുമെതിരെ കുറുപ്പന്തറ സ്വദേശിയായ ഭാര്യ നൽകിയ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. പിന്നീട് കോട്ടയം സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുക്കാനായി പാലക്കാട്ടുനിന്ന് കടുത്തുരുത്തിയിലെത്തിയ മാതാപിതാക്കളോട് അനിൽകുമാർ രണ്ടു തവണയായി 20,000 രൂപ കൈക്കൂലി വാങ്ങി.

ജൂലായിൽ നാട്ടിലെത്തിയ വിനോയി കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയപ്പോൾ 20,000 രൂപ കൂടി ആവശ്യപ്പെട്ടു. 5000 രൂപ ജാമ്യം എടുക്കാൻ വരുമ്പോഴും ബാക്കി 15,000 പിറ്റേന്നും നൽകണമെന്നായിരുന്നു ആവശ്യം. ജാമ്യം എടുക്കാൻ സ്റ്റേഷനിലെത്തിയ വിനോയിയോട് ജാമ്യം ലഭിക്കണമെങ്കിൽ പണം തരണമെന്ന് അനിൽകുമാർ പറഞ്ഞു. ഇക്കാര്യം വിനോയി വിജിലൻസിനെ അറിയിക്കുകയായിരുന്നു. ഇതാണ് നിർണ്ണായകമായത്.

വിജിലൻസ് നൽകിയ 5000 രൂപ സ്റ്റേഷനു പുറത്തു കിടന്നിരുന്ന കാറിൽ ഇരുന്ന വിനോയിയിൽനിന്ന് വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്‌പി വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അനിൽ കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.