മലപ്പുറം: മാസ്‌ക ധരിച്ചത് ശരിയല്ലെന്ന കാരണത്താൽ എൽ.ഡി.എഫ് പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്ത എസ്‌ഐയെ സ്ഥലം മാറ്റിയത് മണിക്കൂറുകൾക്കുള്ളിൽ. കൊണ്ടോട്ടി എസ്ഐ റെനിനെ സിപിഎം ഇടപെട്ട് സ്ഥലം മാറ്റിയത് ക്രൈംബ്രാഞ്ചിലേക്ക്. മലപ്പുറത്ത് പൊലീസ് ക്രൂരതകൾ നിരവധി അരങ്ങേറിയെങ്കിലും നടപടിയുണ്ടായത് എൽ.ഡി.എഫിനെ തൊട്ടപ്പോൾ മാത്രം.

കോൺഗ്രസ്-എസ് നേതാവ് ഭക്ഷണസാധനങ്ങളുമായി താമസസ്ഥലത്തേക്കു പോകുന്നതിനിടെയാണ് കൊണ്ടോട്ടി എസ്ഐ റെനിൻ കസ്റ്റഡിയിലെടുത്തത്. പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്തതോടെ അന്വേഷിക്കാനെത്തിയ സിപിഎം ഏരിയാ കമ്മിറ്റിയംഗം കൂടിയായ മുൻകൊണ്ടോട്ടി നഗരസഭാ കൗൺസിലറോടും എസ്‌ഐ മോശമായി പെരുമാറിയതായ ആരോപിച്ചാണ് സ്ഥലംമാറ്റം. കൊണ്ടോട്ടി എസ്ഐ. കെ.ആർ. റെനിനെയാണ് ഇന്ന് ക്രൈംബ്രാഞ്ചിലേക്കു സ്ഥലം മാറ്റിയത്.

കൊണ്ടോട്ടി ജനതാബസാർ സ്വദേശിയായ കോൺഗ്രസ്-എസ് നേതാവിനെ ഇതെ അങ്ങാടിയിൽവച്ചാണ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവം ഉന്നത ഉദ്യോഗസ്ഥരോടു പരാതിപ്പെട്ടതോടെയാണ് എസ്ഐയെ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തിൽ എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൺ റൈറ്റ് ഓർഗനൈസേഷൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയാതി എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. സംഭവത്തെ തുടർന്ന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് സിഐ.ടി.യു പ്രവർത്തകർ ഉൾപ്പെടെ എത്തിയിരുന്നു.

അതേ സമയം മലപ്പുറത്ത് നിരവധികേസുകൾ പൊലീസിനെതിരെ ഉയർന്നിട്ടും അതിനൊന്നും നടപടിയെടുക്കാതെ അവസാനം എൽ.ഡി.എഫ് നേതാക്കളെ തൊട്ടപ്പോൾ മാത്രമാണ് നടപടിയുണ്ടായതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം വാണിയമ്പലത്തുവെച്ച് യുവാവിനെ പൊലീസ് ക്രൂരമായി മർദിക്കുന്ന വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ മലപ്പുറം വടക്കേമണ്ണയിൽവെച്ച് ലോറി ഡ്രൈവറേയും അക്രമിച്ചു. ഇതിന് പുറമെ മഞ്ചേരിയിൽ പലതവണ സമാനമായ സംഭവങ്ങളുണ്ടായി. ഇതിലൊന്നും നടപടിയെടുക്കാത്ത അധികൃതർ ഈകേസിനുമാത്രം വലിയ പരിഗണ നൽകിയതായും ആരോപണമുണ്ട്.