മുംബൈ: ബിഗ് ബോസ് 13-ാം സീസണിലെ വിജയിയും ബോളിവുഡ് നടനുമായ സിദ്ധാർഥ് ശുക്ല ഹൃദയാഘാതം മൂലം മരിച്ചു. 40 വയസ്സായിരുന്നു. ഉറങ്ങുന്നതിന് മുൻപ് ചില മരുന്നുകൾ കഴിച്ച സിദ്ധാർഥ് പിന്നീട് എഴുന്നേറ്റില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അവശനിലയിലാണ് ശുക്ലയെ ആശുപത്രിയിൽ എത്തിച്ചത. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്നതാണ് സിദ്ധാർഥിന്റെ കുടുംബം.

ഷോബിസിൽ മോഡലായാണ് സിദ്ധാർഥ് ശുക്ല തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ബാബുൽ ക ആംഗ്ന ചുട്ടി ന എന്ന ടെലിവിഷൻ ഷോയിലെ അഭിനയത്തിലൂടെയാണ് ഇദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റിയത്. തുടർന്ന് നിരവധി ടെലിവിഷൻ ഷോകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2014ലാണ് ബിഗ് ബോസ് 13-ാം സീസണിൽ പങ്കെടുക്കുകയും വിജയിയാകുകയും ചെയ്തത്. കരൺ ജോഹർ നിർമ്മിച്ച ചിത്രത്തിൽ സഹനടനായി അഭിനയിച്ചാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.