ആലപ്പുഴ: ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടിൽനിന്ന് ഒന്നേകാൽ കോടി രൂപയോളം ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ ഭർത്താവും കാമുകിയും റിമാൻഡിലാകുമ്പോൾ ചർച്ചയാകുന്നത് പ്രാർത്ഥനാ ഗ്രൂപ്പിലെ പ്രണയം. തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിൽ കായംകുളം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത കോഴിക്കോട് കോടഞ്ചേരി വേളംകോട് സ്വദേശി സിജു കെ. ജോസി(52)നെയും കാമുകി കായംകുളം ഗോവിന്ദമുട്ടം സ്വദേശി പ്രിയങ്ക(30)യും കുറ്റസമ്മതം നടത്തി.

യു.എസിൽ നേരത്തെ ഭാര്യയ്ക്കൊപ്പം താമസിച്ചിരുന്ന സിജു കെ. ജോസ് അവിടെ പാസ്റ്ററായി ജോലിചെയ്തിരുന്നതായാണ് പൊലീസ് നൽകുന്നവിവരം. ഇയാൾ അംഗമായ ഒരു ഓൺലൈൻ പ്രാർത്ഥനാഗ്രൂപ്പിൽ പ്രിയങ്കയും അംഗമായിരുന്നു. വാട്‌സാപ്പിലൂടെയുള്ള അടുപ്പം അതിതീവ്രവമായ പ്രണയമായി മാറി. പിന്നീട് കാമുകിക്ക് ഭാര്യയുടെ അക്കൗണ്ടിലെ പണം കൈമാറുകയായിരുന്നു. സിജു കെ. ജോസിന്റെയും ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടുകളിൽനിന്നാണ് പ്രതികൾ പണം ട്രാൻസ്ഫർ ചെയ്തത്. ഇത് ഭാര്യ കണ്ടെത്തിയതാണ് നിർണ്ണായകമായത്.

അമേരിക്കയിൽ നഴ്‌സായ ഭാര്യയുമായി ചേർന്നുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് അവരറിയാതെ 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ പാസ്റ്ററുടെ നടപടി ഏറെ താമസിച്ചാണ് ഭാര്യ അറിഞ്ഞത്. പ്രണയം മൂത്തതോടെ തന്നെ പണവുമായി രണ്ടു പേരും കേരളത്തിലേക്ക് വന്നു. സിജുവിന്റെ കാമുകിയായ പ്രിയങ്കയുടെ എച്ച്.ഡി.എഫ്.സി. ബാങ്ക് അക്കൗണ്ടിലേക്കാണ് 1.25 കോടിയോളം രൂപ ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്തിരുന്നത്. പലതവണകളായി പണം ട്രാൻസ്ഫർ ചെയ്ത വിവരം സിജുവിന്റെ ഭാര്യ അറിഞ്ഞിരുന്നില്ല. ഇതിനിടെ, ഇവർക്ക് സംശയം തോന്നി ബാങ്ക് രേഖകൾ പരിശോധിച്ചതോടെയാണ് നാട്ടിലുള്ള ഭർത്താവ് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത് കണ്ടെത്തിയത്. ഇതോടെ കേസ് കൊടുക്കാൻ തീരുമാനിച്ചു.

പ്രിയങ്കയുടെ കായംകുളത്തെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം മുഴുവൻ ട്രാൻസ്ഫർ ചെയ്തതെന്ന് കണ്ടെത്തിയതോടെ ഇവർ കായംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു. കസെടുത്തതോടെ സിജുവും പ്രിയങ്കയും കേരളത്തിൽനിന്ന് മുങ്ങിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും വിദേശത്തേക്ക് കടന്നതായി കണ്ടെത്തി. തുടർന്ന് രണ്ട് പ്രതികൾക്കും എതിരേ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം പ്രതികളായ രണ്ടുപേരും നേപ്പാളിൽനിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയിരുന്നു. അവിടെ പിടിവീണു.

കേസിൽ വിശദമായ അന്വേഷണത്തിനും ചോദ്യംചെയ്യലിനുമായി പ്രതികളെ ഉടൻതന്നെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കായംകുളം എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി അറിയിച്ചു.ജോയിന്റ് അക്കൗണ്ടിൽനിന്ന് ഭാര്യ അറിയാതെ ട്രാൻസ്ഫർ ചെയ്ത പണം സിജുവും പ്രിയങ്കയും ആഡംബര ജീവിതത്തിനായി വിനിയോഗിച്ചെന്നാണ് പൊലീസിന്റെ നിഗമനം. പണം കണ്ടെടുക്കാനും പണം ഉപയോഗിച്ചത് എന്തിനുവേണ്ടിയാണെന്നും കണ്ടെത്താൻ ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യും.

ഈ തുക ഉപയോഗിച്ച് പ്രിയങ്ക ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിജുവിന്റെ തൃശൂർ സ്വദേശിനിയായ ഭാര്യ യുഎസിൽ നഴ്സാണ്. 2 ആശുപത്രികളിൽ ജോലി ചെയ്യുന്ന അവരുടെ ഒരു ആശുപത്രിയിൽ നിന്നുള്ള വരുമാനമാണ് നാട്ടിലുള്ള അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പ് നടത്തിയത്. ഒന്നേകാൽ കോടി രൂപ മാറ്റിയതിൽ ഇനി 28 ലക്ഷം ബാക്കിയുണ്ട്. ഇതു പൊലീസിന്റെ നിർദ്ദേശപ്രകാരം മരവിപ്പിച്ചു. പ്രിയങ്കയ്ക്ക് സിജുവിന്റെ കുടുംബവുമായി വർഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സിജുവിന്റെ ഭാര്യയുമായും പ്രിയങ്കയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇവരുമായി പ്രിയങ്ക ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, ഭർത്താവുമായി പ്രിയങ്ക അടുപ്പത്തിലാണെന്ന് ഭാര്യ അറിഞ്ഞിരുന്നില്ല. സിജു ഇടയ്ക്കിടെ യുഎസിൽ നിന്നു നാട്ടിലെത്തി മടങ്ങിയിരുന്നു. ഒടുവിൽ നാട്ടിൽനിന്നു മടങ്ങിയെത്താൻ വൈകിയതിൽ ഭാര്യയ്ക്കു സംശയം തോന്നി. ബാഗ് പരിശോധിച്ചപ്പോൾ ലഭിച്ച ചില രേഖകളിൽ നിന്നാണ് പണം അക്കൗണ്ടിൽനിന്നു മാറ്റിയത് അറിഞ്ഞത്.

ലുക്ക് ഔട്ട് നോട്ടീസാണ് നിർണ്ണായകമായത്. ലുക്ക് ഔട്ട് നോട്ടീസുള്ളതിനാൽ ഡൽഹി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് കായംകുളം പൊലീസ് ഡൽഹിയിലെത്തിയാണ് രണ്ടുപ്രതികളെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതവും നടത്തി. ഏറെനാളായി സിജുവും ഹിന്ദു സമുദായത്തിൽപെട്ട പ്രിയങ്കയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഭാര്യയെ വഞ്ചിച്ച് അമേരിക്കയിൽ നിന്നും നാട്ടിലെത്തിയ സിജു പ്രിയങ്കയുമായി ഒളിവിൽ കഴിയുകയായിരുന്നു. ആലപ്പുഴ ജില്ല പൊലീസ് മേധാവി ജെ. ജയ്‌ദേവിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്‌പി അലക്‌സ് ബേബി, സിഐ മുഹമ്മദ് ഷാഫി, എസ്‌ഐ നിയാസ്, പൊലീസുകാരായ ബിനു മോൻ, അരുൺ, അതുല്യ മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.