കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി നടത്തിയ സർവേ കല്ലിടൽ മരവിപ്പിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. ജിയോ ടാഗ് ഉപയോഗിച്ച് സർവേ നടത്തുമെന്നും അറിയിച്ചു.

ജിയോ ടാഗ് സർവേ നേരത്തേ ആയിക്കൂടായിരുന്നോ എന്നും കോലാഹലം വേണ്ടിയിരുന്നോ എന്ന് കോടതി ചോദിച്ചു. സർവേ രീതി മാറ്റിയിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

കെ റെയിൽ സർവേയ്ക്ക് ജിയോ ടാഗ് നേരത്തെ തന്നെ ആകാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. എങ്കിൽ ഇത്രയും കോലാഹലത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സാമൂഹ്യ ആഘാത പഠനത്തിനായി സർക്കാർ ഇത്രയും കാലോഹലം ഉണ്ടാക്കേണ്ട കാര്യമില്ല. കൊണ്ടുവന്ന സർവേക്കല്ലുകൾ എവിടെയെന്നും കെ റെയിലിനോട് സിംഗിൾ ബെഞ്ച് ആരാഞ്ഞു.

സർവേ കല്ലുകൾ ഇനി സ്ഥാപിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർവേ കല്ലിടലിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്.

എന്തിനാണ് കല്ലിടുന്നതെന്ന് ഇപ്പോഴും പലർക്കും അറിയില്ല. സാമൂഹികാഘാത പഠനത്തിന്റെ പേരിൽ വൻ കോലാഹലമാണ് നടന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുക എന്നതായിരുന്നു കോടതിയുടെ ശ്രമം. എന്നാൽ മുഴുവൻ വസ്തുതകളും അറിയിക്കാൻ സർക്കാർ തയ്യാറായിരുന്നില്ലെന്ന് കോടതി വിമർശിച്ചു.

ജിയോ ടാഗ് വഴിയാണ് സർവേയെന്ന് സർക്കാർ അറിയിച്ചപ്പോഴാണ് ഇത് നേരത്തെ തന്നെ ആകാമായിരുന്നില്ലേ എന്ന് കോടതി ചോദിച്ചത്. സാമൂഹ്യാകാഘ പഠനത്തിന്റെ മറവിൽ വലിയ കല്ലിടുന്നത് എന്തിനെന്ന് സർക്കാർ മറുപടി പറഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. എന്തുമാകാമെന്ന നിലപാട് ബ്യൂറോക്രസിയുടേതാണെന്ന് വിമർശിച്ച കോടതി, വികസനത്തിന്റെ പേരിൽ കേരളത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. ഇത് ആശങ്കപ്പെടുത്തുന്നെന്നും കോടതി നിരീക്ഷിച്ചു.

ജിയോ ടാഗ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് സർക്കാർ കോടതിയിൽ ഹാജരാക്കി. കൊച്ചി മെട്രോ ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി, അതുകൊണ്ട് സ്ഥലമേറ്റെടുപ്പിന് പ്രശ്‌നങ്ങൾ ഉണ്ടായില്ല, സിൽവർ ലൈനും ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്തെ ഈ ബഹളങ്ങളാണ് പദ്ധതി സംബന്ധിച്ച കേന്ദ്ര നിലപാടിനേയും സ്വാധീനിച്ചതെന്ന് കരുതുന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. തുടക്കത്തിൽ കേന്ദ്ര സർക്കാർ അനുകൂല നിലപാടായിരുന്നെന്നും ഹൈക്കോടതി പറഞ്ഞു. സിൽവർ ലൈൻ കല്ലിടൽ ചോദ്യം ചെയ്തുള്ള ഹർജിയിൽ രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ കോടയിൽ പറഞ്ഞു. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

കല്ലിട്ടും അല്ലാതെയും സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. അതിർത്തി നിർണയത്തിന്റെ കാര്യത്തിൽ കുറച്ചുകൂടി വ്യക്തത വരുത്തുകയാണു റവന്യു വകുപ്പ് ചെയ്തതെന്നും കല്ലിടൽതന്നെ വേണമെന്നു നിർബന്ധമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.