തൃശൂർ: സൈബർ ഇടത്തിലൂടെ നിങ്ങൾ എങ്ങനെ സമർത്ഥമായി കബളിപ്പിക്കപ്പെടാം എന്ന് വ്യക്തമാക്കുന്നതിന് കൂടിയാണ് കേരളാ പൊലീസ് ഇന്നലെ സോഷ്യൽ മീഡിയ വഴി ഹണിട്രാപ്പ് ഒരുക്കി യുവാവിനെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ യുവതിടെ സമഗ്ര വിവരം പുറത്തുവിട്ടത്. സമാനമായ തട്ടിപ്പിന് ഇരയായ നിരവധി പേർ നമുക്കിടയിൽ ഉണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പുറത്തുപറയുന്നില്ലെന്ന് മാത്രം. സോഷ്യൽ മീഡിയയിലുടെ കെണിയൊരുക്കി കിടപ്പറയിൽ എത്തിക്കുക. അതിന് ശേഷം നഗ്നചിത്രങ്ങൾ വെച്ച് വിലപേശുക. ഇതാണ് ഹണിട്രാപ്പുകാർ കുറച്ചുകാലങ്ങളായി നടത്തുന്ന തന്ത്രം. ഈ തന്ത്രത്തിൽ വീണു വശം വെട്ടു യുവാവ് നൽകിയ പരാതിയിലാണ് ചേലക്കര ഐശ്വര്യ നഗർ ചിറയത്ത് സിന്ധു (37) എന്ന യുവതി അറസ്റ്റിലായത്.

പത്ത് ലക്ഷം രൂപ തട്ടിയെടുക്കുക എന്നതായിരുന്നു സിന്ധു ലക്ഷ്യമിട്ടത്. ഇതിനോടകം തന്നെ ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തിരുന്നു.
പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി മൂന്നരപ്പവൻ സ്വർണവും ഒന്നേമുക്കാൽ ലക്ഷം രൂപയും തട്ടിയെടുത്ത ശേഷം 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു ഭീഷണി തുടരുന്നതിനിടെയാണ് അറസ്റ്റ്.

2021 ഫെബ്രുവരി മാസത്തിൽ സോഷ്യൽ മീഡിയ വഴിയാണ് യുവാവും യുവതിയും പരിചയപ്പെട്ടത്. ഇയാളെ തൃശൂരിലേക്ക് വിളിച്ചുവരുത്തി, പരസ്പര സമ്മതപ്രകാരം ഒരു സ്വകാര്യഫ്ളാറ്റിൽ വെച്ച് ശാരീരികമായി ബന്ധപ്പെട്ടു. തുടർന്ന് പൊലീസിനെ വിളിച്ച് അറസ്റ്റ്ചെയ്യിപ്പിക്കുമെന്നും അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തി സ്വർണ ഏലസ്സും, സ്വർണമാലയും ലോക്കറ്റും അടക്കം മൂന്നരപവൻ നിർബന്ധിച്ച് ഊരി വാങ്ങി.

പിന്നീട് ഒരു ദിവസം, ഏലസ്സും, സ്വർണലോക്കറ്റും തിരികെ തരാം എന്ന് പറഞ്ഞ്, ഇയാളെ ഷൊർണൂരിലെ ഒരു സ്വകാര്യലോഡ്ജിലേക്ക് വിളിച്ചുവരുത്തി, അവിടെവെച്ച്, മൊബൈലിൽ നഗ്നചിത്രങ്ങൾ പകർത്തി, ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കും എന്നും ഭീഷണിപ്പെടുത്തി. കൈവശമുണ്ടായിരുന്ന 1,75,000 രൂപ നിർബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. അതിനുശേഷം യുവതി ഇയാളെ ടെലിഫോണിൽ ബന്ധപ്പെട്ട്, പത്ത് ലക്ഷം രൂപ തന്നില്ലെങ്കിൽ നഗ്നചിത്രങ്ങൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

ശല്യം സഹിക്കാനാകാതെ, പരാതിക്കാരൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെതുടർന്ന്, കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പരാതിക്കാരനെ കൊണ്ട് തൃശൂരിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈൽഫോണിൽ നിന്നും ഇരുവരും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകളും, ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സമാനമായ തട്ടിപ്പുകള് സിന്ധു നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സിന്ധു ഒറ്റക്കാണോ കെണിയരുക്കി പണം തട്ടിയത് എന്നതും പരിശോധിക്കുന്നുണ്ട്. അടുത്തകാലത്തായി ഇത്തരം തട്ടിപ്പുകളിൽ എല്ലാം തന്നെ സംഘടിതമായ സ്വഭാവം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിന്ധുവിനും കൂട്ടാകളിൽ ഉണ്ടാകുമെന്ന നിഗമനത്തിലാണ പൊലീസ്. ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

അന്വേഷണ സംഘാംഗങ്ങൾ: ഈസ്റ്റ് എസ്എച്ച്ഓ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർ കെ. ഉമേഷ്, അസി. സബ് ഇൻസ്പെക്ടർ സണ്ണി വി.എഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നിജിത ടി, സ്മിത കെ, ഹണി എൻ.വി.