തിരുവനന്തപുരം ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്കെതിരെ അനുപമ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ജനറൽ സെക്രട്ടറി ഷിജൂഖാൻ. സമിതിക്കെതിരെ അനുപമ ഉയർത്തിയ ആരോപണങ്ങൾ അവാസ്തവമാണെന്നും ദത്ത് നൽകാൻ സമിതിക്ക് ലൈസൻസുണ്ടെന്നും ഷിജൂഖാൻ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ സമിതിയെ തകർക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം വാർത്താകുറിപ്പിലൂടെ പറഞ്ഞു.

ഷിജൂഖാൻ പറഞ്ഞത്: 'ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 സെക്ഷൻ 41 പ്രകാരം സ്പെഷ്യലൈസ്ഡ് അഡോപ്ഷൻ എജൻസിക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സമിതിക്കുണ്ട്. 20.12.2017 മുതൽ അഞ്ചു വർഷത്തേക്ക് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്ന നിലവിലെ രജിസ്ട്രേഷന് 2022 വരെ കാലയളവുണ്ട്. അനുമതി ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. അവാസ്തവങ്ങളും അമാന്യമായ ആക്ഷേപങ്ങളും നിരത്തി ശിശുക്ഷേമ സമിതിയെ അപമാനിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തകർക്കാനുള്ള കുപ്രചരണത്തെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.''

ലൈസൻസില്ലാത്ത ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്താണെന്നാണ് അനുപമ ആരോപിച്ചത്. ഷിജുഖാനെതിരെ ക്രിമിനൽ കേസെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അനുപമ പറഞ്ഞിരുന്നു. കുഞ്ഞിനെ ആന്ധ്രാ ദമ്പതികൾക്ക് കൈമാറുമ്പോൾ സമിതിക്ക് ലൈസൻസ് ഇല്ലാ എന്നത് വ്യക്തം. അങ്ങനെ നടത്തിയത് ദത്തല്ല കുട്ടിക്കടത്താണെന്നുമാണ് അനുപമ പറഞ്ഞത്.

അതേസമയം, ദത്ത് കേസിൽ കുഞ്ഞ്, അനുപമ, പങ്കാളി അജിത്ത് എന്നിവരുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു. ഡിഎൻഎ പരിശോധനയിൽ തിരിമറിക്ക് സാധ്യതയുണ്ടെന്നു സാംപിൾ നൽകിയശേഷവും അനുപമ ആരോപിച്ചു.

എന്നാൽ കുഞ്ഞിന്റെ അവകാശത്തിനാണു പ്രഥമ പരിഗണനയെന്നും സുതാര്യത ഉറപ്പാക്കാൻ ഡിഎൻഎ സാംപിൾ എടുക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ വിഡിയോയിൽ പകർത്തിയിട്ടുണ്ടെന്നുമായിരുന്നു മന്ത്രി വീണാ ജോർജിന്റെ മറുപടി. ആന്ധ്രയിൽ നിന്നു ഇന്നലെ തലസ്ഥാനത്തെത്തിച്ച കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാ സാംപിളാണ് ആദ്യമെടുത്തത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ഉദ്യോഗസ്ഥർ, കുഞ്ഞു കഴിയുന്ന കുന്നുകുഴിയിലെ നിർമല ശിശുഭവനിൽ രാവിലെ പത്തരയോടെയെത്തി അരമണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങി