പത്തനംതിട്ട: പാർലമെന്ററി രംഗത്ത് കെ. ശിവദാസൻ നായർ നേരിട്ട ശക്തമായ തിരിച്ചടിയായിരുന്നു ആറന്മുളയിൽ 2016 ലെ തെരഞ്ഞെടുപ്പിൽ വീണാ ജോർജിനോട് ഏറ്റു വാങ്ങിയ തോൽവി. പാർട്ടിക്കുള്ളിൽ ഒരു വിഭാഗം തന്നെ കാലുവാരിയതാണെന്ന് വേദനയോടെ മനസിലാക്കിയ ശിവദാസൻ നായർ ആദ്യം പൊട്ടിത്തെറിച്ചു. പിന്നെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീണയുടെ സമുദായം പറഞ്ഞുള്ള വോട്ടു പിടിത്തം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കേസ് നൽകി.

ആദ്യമൊക്കെ കേസ് ജയിക്കുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഹർജി കോടതി തള്ളിയതോടെ മൂന്നു വർഷം നീണ്ട രാഷ്ട്രീയ വനവാസത്തിലായി ശിവദാസൻ നായർ. ഇനിയും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകണ്ട എന്ന കുടുംബാഗംങ്ങളുടെ നിർബന്ധവും ശിവദാസൻ നായർക്ക് അനുസരിക്കേണ്ടി വന്നു. പത്തനംതിട്ട കോടതിയിൽ കേസുമൊക്കെയായി അദ്ദേഹം സജീവമായി.

അങ്ങനെ ഇരിക്കേയാണ് 2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നത്. ശബരിമല വിഷയം സജീവമായ ജില്ലയിൽ കെ സുരേന്ദ്രൻ മത്സരിക്കാൻ വരുന്നതും വീണാ ജോർജ് എൽഡിഎഫ് സ്ഥാനാർത്ഥിയായതും ആന്റോ ആന്റണിക്ക് തിരിച്ചടിയാകുമെന്ന് കണ്ട് പ്രചാരണത്തിന് നേതൃത്വം നൽകാൻ ഉമ്മൻ ചാണ്ടിയാണ് ശിവദാസൻ നായരെ വീണ്ടും കളത്തിൽ ഇറക്കിയത്. ആന്റോയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയ ശിവദാസൻ നായർക്ക് വീണ്ടും ആറന്മുള സീറ്റിലേക്ക് പ്രതീക്ഷ നൽകിയത് ഉമ്മൻ ചാണ്ടിയായിരുന്നു.

കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടറി അനീഷ് വരിക്കണ്ണാമല, അംഗം പി മോഹൻരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടം എന്നിവരുടെ പേരുകൾ പലപ്പോഴായി മണ്ഡലത്തിൽ ഉയർന്നെങ്കിലും ശിവദാസൻ നായർക്ക് കുലുക്കമൊന്നുമുണ്ടായില്ല. കഴിഞ്ഞ തവണ ശിവദാസൻ നായരെ കാലുവാരിയ പാർട്ടിക്കാർ ഇപ്പോഴും സജീവമാണ്. പത്തനംതിട്ടയിൽ ഘടക കക്ഷിയായ മുസ്ലിം ലീഗ് കട്ടക്കലിപ്പിലും. കടുത്ത വെല്ലുവിളി തന്നെ ശിവദാസൻ നായർക്ക് നേരിടേണ്ടി വരും.