തിരുവനന്തപുരം: കിഴക്കമ്പലത്തിലുണ്ടായത് ഒറ്റപ്പെട്ട സംഭവമെന്നും ഈ അക്രമസംഭവത്തിന്റെ പേരിൽ അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും തൊഴിൽ മന്ത്രി വി.ശിവൻകുട്ടി . എറണാകുളത്തെ സംഭവത്തെക്കുറിച്ച് ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊലീസും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളെ സംരക്ഷിക്കണമെന്ന നിലപാടാണ് ഈ സർക്കാരിന്റേതെന്നും ശിവൻ കുട്ടി വ്യക്തമാക്കി.

ഇന്നലെ പതിനൊന്ന് മണിയോടെയാണ് കിഴക്കമ്പലത്തെ അക്രമസംഭവങ്ങൾക്ക് തുടക്കം. കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കാരൾ നടത്തിയിരുന്നു. ഈ സംഘത്തിലെ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ക്യാംപിലുണ്ടായിരുന്ന മറ്റൊരു വിഭാഗം എല്ലാവരും ഉറങ്ങുന്ന സമയത്ത് കാരൾ നടത്തുന്നതിനെ എതിർത്തു. ഇതോടെ ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായി.

തർക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ട. സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചു വിടുകയായിരുന്നു. നാട്ടുകാരാണ് പൊലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകൾ വഴി രക്ഷപ്പെടുത്തിയത്. പൊലീസ് പിന്മാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിച്ചു. ഒരു വാഹനം പൂർണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു.


സംഘർഷത്തിന് പിന്നാലെ സമീപസ്റ്റേഷനുകളിൽ നിന്നുൾപ്പെടെ വൻ പൊലീസ് സന്നാഹം എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ക്യാമ്പുകൾ റെയ്ഡ് ചെയ്ത പൊലീസ് സംഘം 150 ലധികം തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റ കുന്നത്തുനാട് ഇൻസ്‌പെക്ടർ വി.ടി ഷാജൻ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചികിൽസയിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലിസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.