സൂറത്ത്: ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് ആറ് മരണം. സൂറത്തിൽ പ്രിന്റിങ് മില്ലിന് സമീപമുണ്ടായ വാതക ചോർച്ചയിലാണ് ആറ് മരണം സ്ഥിരീകരിച്ചത്. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണ്. ജെറി കെമിക്കൽ നിറച്ച ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. നഗരത്തിലെ സച്ചിൻ ഡിഐഡിസി ഏരിയയിലാണ് സംഭവം. ടാങ്കർ ഡ്രൈവർ ഡ്രെയ്നിലേക്ക് കെമിക്കൽ മാറ്റുമ്പോഴാണ് വാതക ചോർച്ച ഉണ്ടായത് എന്നാണ് റിപ്പോർട്ട്.

സാരി മില്ലിലെ തൊഴിലാളികളാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. വാതക ചോർച്ച സംഭവിച്ചതായി തിരിച്ചറിഞ്ഞപ്പോഴേക്കും വിഷവാതകം പരന്നിരുന്നു. സൂറത്ത് പൊലീസ് ഉടനെ സംഭവ സ്ഥലത്ത് എത്തുകയും ആളുകളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സച്ചിൻ ജിഐഡിസി മേഖലയിലെ സാരീ മില്ലിലെ തൊഴിലാളികളാണ് മരിച്ച ആറ് പേർ. മില്ലിന് സമീപത്തുള്ള കടയിൽ നിന്ന് ചായ കുടിക്കുമ്പോഴാണ് വിഷവാതകം ശ്വസിക്കാൻ ഇടയായത്. വാതകം ചോർന്ന ഉടനെ ഡ്രൈവർ അവിടെ നിന്ന് ഓടി രക്ഷപെട്ടു.