കൊച്ചി: ബംപർ ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിച്ചയാൾ വിൽപ്പനക്കാരിക്ക് 1 ലക്ഷം രൂപ പാരിതോഷികം നൽകി. ആലുവ കീഴ്മാടിൽ ചെടിച്ചട്ടി കമ്പനി ജോലിക്കാരനായ ചക്കംകുളങ്ങര പാലച്ചുവട്ടിൽ പി.കെ. ചന്ദ്രനാണ് ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുൻപിൽ ലോട്ടറി വിൽക്കുന്ന സ്മിജ കെ. മോഹന് 1 ലക്ഷം രൂപ നൽകിയത്. ഇന്നലെ രാവിലെയാണ് ലോട്ടറി അടിച്ച തുക ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്.

തുടർന്ന് ചന്ദ്രൻ സ്മിജയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. തിരുവോണം ബംപർ ലോട്ടറി വേണമെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ സ്മിജയുടെ പക്കൽ നിന്നും ബംപർ ടിക്കറ്റ് വാങ്ങിയ ശേഷം 1 ലക്ഷം രൂപ കൊടുക്കുകയുമായിരുന്നു. ലോട്ടറി അടിച്ചപ്പോൾ തന്നെ ചന്ദ്രൻ സ്മിജയ്ക്ക് ഒരു തുക നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സ്മിജ അതു നിരസിച്ചിരുന്നു. അതിനാൽ ഇപ്പോൾ കിട്ടിയ തുക ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് സ്മിജ മറുനാടനോട് പറഞ്ഞു.

കഴിഞ്ഞ മാർച്ചിലാണ് സ്മിജ വിറ്റ സമ്മർ ബംപർ ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിച്ചത്. ചന്ദ്രൻ ഫോൺ വഴി കടമായി വാങ്ങിയ ലോട്ടറിക്കായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പു ദിവസം ഉച്ചയായിട്ടും വിറ്റുപോകാതെ സ്മിജയുടെ പക്കൽ ബാക്കിയായ 12 ടിക്കറ്റുകളിൽ ഒന്നിനായിരുന്നു സമ്മാനം ലഭിച്ചത്. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന പലരെയും വിളിച്ചു സ്മിജ ടിക്കറ്റ് വേണോ എന്നു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണു ചന്ദ്രനെയും വിളിച്ചത്. കൈവശമുള്ള ടിക്കറ്റുകളുടെ നമ്പറുകൾ സ്മിജ പറഞ്ഞപ്പോൾ അതിൽ നിന്ന് എസ്.ഡി 316142 നമ്പർ ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കാൻ ചന്ദ്രൻ പറഞ്ഞു. ടിക്കറ്റ് വിലയായ 200 രൂപ പിറ്റേന്നു തരാമെന്നും പറഞ്ഞു.

സ്മിജ ടിക്കറ്റ് മാറ്റിവച്ച ശേഷം അതിന്റെ ഫോട്ടോ ചന്ദ്രനു വാട്സാപ്പിൽ അയച്ചു കൊടുത്തു. ഞായറാഴ്ച ഉച്ച കഴിഞ്ഞു ഫലം വന്നപ്പോഴാണ് ഒന്നാം സമ്മാനം ചന്ദ്രന്റെ ടിക്കറ്റിനാണെന്ന് അറിഞ്ഞത്. 6 കോടി രൂപ അടിച്ച ടിക്കറ്റ് അപ്പോൾ സ്മിജയുടെ പക്കൽ തന്നെയായിരുന്നു. പിന്നീട് അവരും ഭർത്താവ് രാജേശ്വരനും കൂടി അതു ചന്ദ്രന്റെ വീട്ടിൽ എത്തിച്ചുകൊടുത്തു. സ്മിജയുടെ സത്യസന്ധതയ്ക്ക് വലിയ കയ്യടിയാണ് നേടിയത്. പൊലീസുകാർ പോലും ആദരവ് നൽകി. കഴിഞ്ഞ ജൂലൈയിൽ ഏജന്റിന്റെ കമ്മീഷൻ തുകയായ 51 ലക്ഷം രൂപ സ്മിജയ്ക്ക് ലഭിച്ചിരുന്നു.

സ്മിജയും ഭർത്താവ് രാജേശ്വരനും ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സർക്കാർ പ്രസിൽ താൽക്കാലിക ജീവനക്കാരായിരുന്നു. ജോലി നഷ്ടപ്പെട്ടപ്പോഴാണു ചുണങ്ങംവേലിയിൽ റോഡരികിൽ ലോട്ടറി തട്ട് ഇട്ടത്. ലൈഫ് പദ്ധതിയിൽ പട്ടിമറ്റം വലമ്പൂരിൽ ലഭിച്ച വീട്ടിലാണു താമസം. ഇവരുടെ മൂത്ത മകൻ ജഗൻ (12) തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗത്തിനു ചികിത്സയിലാണ്. രണ്ടാമത്തെ മകൻ ലുഖൈദിനു (രണ്ടര) രക്താർബുദം വന്നു മാറി.

സമ്മാനത്തുകയുടെ കമ്മീഷൻ തുക ഉപയോഗിച്ച് മക്കളുടെ ചികിത്സയും മറ്റും നടത്തുകയാണ്. കൂടാതെ കോവിഡ് സമയത്ത് പട്ടിണിയായിരുന്നപ്പോഴും മകന്റെ ചികിത്സയ്ക്കായും സഹായിച്ച സുഹൃത്തിനും സഹോദരിക്കും ഇതിൽ ഒരു പങ്ക് നൽകുകയും ചെയ്തു.