ന്യൂഡൽഹി; പുതിയ ഐടി നിയമത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ. ഉത്തരവ് അനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിച്ചോയെന്നത് സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് സാമൂഹിക മാധ്യമങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു

പുതിയ ഐടി നിയമം നിലവിൽ വന്നുവെന്നതായി അറിയിച്ച മന്ത്രാലയം, റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയത്. സാധിക്കുമെങ്കിൽ ഇന്ന് തന്നെ റിപ്പോർട്ട് വേണമെന്നാണ് ആവശ്യപ്പെട്ടത്.

2021 ഐടി നിയമം അനുസരിച്ച് സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാൻ കമ്പനികൾ മൂന്ന് ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതുണ്ട്. നിയമനത്തിന് നൽകിയ അവസാന ദിവസവും പൂർത്തിയായ സാഹചര്യത്തിൽ കമ്പനികൾക്കെതിരെ സർക്കാർ നടപടി കടുപ്പിക്കുകയാണ്. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും കമ്പനികളുടെ മേൽവിലാസവും ഉൾപ്പെടെയുള്ള റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ ഒടുവിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാൽ ട്വിറ്റർ ഫേസ്‌ബുക്ക് വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ സാമൂഹിക മാധ്യമ കമ്പനികളൊന്നും ഇതുവരെയും നിയമനം നടത്തിയിട്ടില്ല. സന്ദേശങ്ങളുടെ ഉറവിടം സർക്കാരിന് വെളിപ്പെടുത്തണമെന്ന പുതിയ നിയമത്തിലെ നിബന്ധനക്കെതിരെ വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതൽ സാമൂഹിക മാധ്യമങ്ങൾക്ക് സർക്കാരിനോട് വെളിപ്പെടുത്തേണ്ടി വരുമെന്നതാണ് പുതിയ ഐടി നിയമം വ്യക്തമാക്കുന്നത്.

കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ ചട്ടങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് ആയ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ആരാണ് ആദ്യം അയച്ചത് എന്നു നിർദ്ദേശിക്കുന്ന ചട്ടം ജനങ്ങളുടെ സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

പുതിയ ചട്ടങ്ങൾ അംഗീകരിക്കുന്നതിനു കേന്ദ്ര സർക്കാർ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചിരിക്കെയാണ് വാട്ട്സ്ആപ്പ് ഹൈക്കോടതിയെ സമീപിച്ചത്. സന്ദേശങ്ങൾ ആര് ആദ്യം അയച്ചു എന്നു രേഖപ്പെടുത്തുക എന്നതിനർഥം ഓരോ സന്ദേശത്തെയും നിരീക്ഷണത്തിലാക്കുക എന്നു തന്നെയാണെന്ന് വാട്ട്സ്ആപ്പ് പറയുന്നു. വാട്ട്സ്ആപ്പ് പിന്തുടരുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ തകർക്കുന്നതാണ് കേന്ദ്ര നിർദ്ദേശം. അടിസ്ഥാനപരമായി അത് സ്വകാര്യതയുടെ ലംഘനവുമാണെന്ന് കമ്പനി പറയുന്നു.

എന്നാൽ വാട്‌സ്ആപ്പിന്റെ ഈ വാദങ്ങളെല്ലാം തള്ളിയ കേന്ദ്രസർക്കാർ സ്വാകാര്യത കാത്ത് സൂക്ഷിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നതായി വ്യക്തമാക്കി. സർക്കാർ നിർദ്ദേശിച്ച് മാനദണ്ഡങ്ങളൊന്നും വാട്‌സ്ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതല്ല. എന്നാൽ ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്വമാണെന്നും ദേശ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ഈ വർഷം ആദ്യം പുറത്തിറക്കിയ ഐടി ചട്ടങ്ങളിലാണ്, സന്ദേശങ്ങൾ ആരാണ് ആദ്യം അയച്ചത് എന്നതിനു രേഖ വേണമെന്ന് നിർദ്ദേശിച്ചത്. ഇത് ചെയ്യാത്തപക്ഷം ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്നും ചട്ടത്തിൽ നിർദ്ദേശിക്കുന്നു. അതിനിടെ സർക്കാർ നിർദ്ദേശങ്ങളോട് സഹകരിക്കുമെന്ന് ഗൂഗിളും യൂട്യൂബും വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ പ്രതികരിക്കാൻ ട്വിറ്റർ ഇനിയും തയ്യാറായിട്ടില്ല.