തിരുവനന്തപുരം: ഫലസ്തീൻ-ഇസ്രയേൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ, പശ്ചിമേഷ്യൻ മേഖല മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ഉയരുകയാണ്. അതിനിടെ, സോഷ്യൽ മീഡിയയിൽ സമാന്തരമായി വേറൊരു യുദ്ധവും നടക്കുകയാണ്. ഇസ്രയേലിൽ മലയാളി യുവതി ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്താത്ത മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആദ്യമെത്തി.

ഭീകരവാദികളോട് നിങ്ങൾ സന്ധി ചെയ്‌തോളൂ. എന്നാൽ കൊല്ലപ്പെട്ടത് ഒരു മലയാളി പെൺകുട്ടിയാണെന്നെങ്കിലും നിങ്ങൾ ഓർക്കേണ്ടതായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. ഫെയിസ്ബുക്കിലായിരുന്നു പ്രതികരണം.

മുഖ്യമന്ത്രി എന്തുകൊണ്ടാണ് അനുശോചനം രേഖപ്പെടുത്താത്തതെന്ന് പിസി ജോർജ് ചോദിച്ചു. നാല് വോട്ടിന് വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അന്യദേശത്തു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കൻ മുഖ്യമന്ത്രി കപടനാണെന്നും പിസി ജോർജ് ആരോപിച്ചു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്താത്ത നേതാക്കളെ തിരഞ്ഞുപിടിച്ചായി വിമർശനം. അനുശോചന പോസ്റ്റിട്ടവരിൽ ചിലരാകട്ടെ, ഫലസ്തീൻ തീവ്രവാദികൾ എന്ന വിശേഷണം ഉപയോഗിച്ചതോടെ പുലി വാല് പിടിച്ചു. എതിർപ്പുമായി വലിയൊരു വിഭാഗം വന്നതോടെ പലരും പോസ്റ്റ് തിരുത്തുകയോ മുക്കുകയോ ചെയ്തു. മുക്കിയവരെയും തിരുത്തിയവരെയും സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ കടന്നാക്രമിച്ചു.

പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി

ലോക നഴ്‌സസ് ദിനത്തോട് അനുബന്ധിച്ചുള്ള പോസ്റ്റിലാണ് മുഖ്യമന്ത്രി ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കാര്യവും പരാമർശിച്ചത്.

ആദ്യ പോസ്റ്റ്:

ഇസ്രേയൽ-ഫലസ്തീൻ സംഘർഷത്തിൽ അവിടെ നഴ്‌സായി ജോലി ചെയ്തിരുന്ന ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ മരണപ്പെട്ട വാർത്ത നാടിനെയാകെ ദുഃഖത്തിലാഴ്‌ത്തിയ സന്ദർഭം കൂടിയാണിത്. സൗമ്യയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുകയാണ്. അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു- ഇതായിരുന്നു ആദ്യ പോസ്റ്റ്. എന്നാൽ, ആ പോസ്റ്റിൽ നിലവിൽ സൗമ്യയുടെ മരണത്തിലെ അനുശോചന സന്ദേശം അപ്രത്യക്ഷമായിരിക്കുന്നു. പോസ്റ്റ് എഡിറ്റ് ചെയ്തതാണെന്നും ഡിലീറ്റ് ചെയ്തതാണെന്നും സോഷ്യൽ മീഡിയ തർക്കിച്ചു. ഇരുപക്ഷങ്ങളായി തിരിഞ്ഞ് വാദപ്രതിവാദങ്ങളായി. എന്നാൽ, പിന്നീട് സൗമ്യക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പോസ്റ്റിട്ടെങ്കിലും ഇസ്രയേൽ-ഫലസ്തീൻ ചേരികളായി തിരിഞ്ഞ് വിമർശനങ്ങൾ കമന്റുകളായി എത്തി

മുഖ്യമന്ത്രിയുടെ പുതിയ പോസ്റ്റ്: ഇങ്ങനെ

 

സൗമ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന മുഖ്യമന്ത്രിയുടെ രണ്ടാമത്തെ പോസ്റ്റ്‌

ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചു വരികയാണ്. അതിനായി ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ സഞ്ജീവ് സിങ്ലയുമായി നോർക്കയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ ബന്ധപ്പെട്ടിട്ടുണ്ട്. അവിടുത്തെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യൻ എംബസ്സി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന് അംബാസഡർ അറിയിച്ചു. സൗമ്യയുടെ അകാല വിയോഗത്തിൽ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന വിധത്തിൽ നഷ്ടപരിഹാരം നേടിയെടുക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഉമ്മൻ ചാണ്ടിയും പോസ്റ്റ് തിരുത്തി

ആദ്യ പോസ്റ്റ് ഇങ്ങനെ

ഇസ്രാഈലിൽ വർഷങ്ങളായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്. സന്തോഷുമായി സൗമ്യ വീഡിയോ കോളിൽ സംസാരിക്കുന്നതിനിടയിൽ ബോംബാക്രമണത്തിന്റെ രൂപത്തിൽ എത്തിയ അപ്രതീക്ഷിത മരണം ഏറെ ദാരുണമായി.

പൊതുപ്രവർത്തകരും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗങ്ങളുമായ സതീശന്റെയും സാവിത്രിയുടെയും മകളാണ് ദുരന്തത്തിനിരയായ സൗമ്യ. ഈ കുടുംബവുമായി വർഷങ്ങളായുള്ള ബന്ധമാണുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ വേർപാടിന്റെ നടുക്കത്തിൽ കഴിയുന്ന കുടുംബാംഗങ്ങളുടെ വേദന നാടിന്റെ മുഴുവൻ സങ്കടമാണ്.

വിദേശരാജ്യങ്ങളിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കരുതലിന്റെ കാവൽ മാലാഖമാരായി സേവനം ചെയ്യുന്ന മലയാളി നഴ്സുമാർ എത്രമാത്രം അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് എന്നുകൂടിയാണ് ഈ ദാരുണ ദുരന്തം വിരൽചൂണ്ടുന്നത്.

സന്തോഷുമായും കുടുംബാംഗങ്ങളുമായും ഫോണിൽ സംസാരിച്ചു. സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സഹമന്ത്രി വി. മുരളീധരന് കത്ത് അയച്ചു.

തീവ്രവാദികളുടെ ആക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടുവെന്ന പരാമർശം ഒരുവിഭാഗത്തെ ചൊടിപ്പിച്ചതോടെ ഉമ്മൻ ചാണ്ടിയും പോസ്റ്റ് തിരുത്തി

പുതിയ പോസ്റ്റിന്റെ ആദ്യ ഭാഗം

ഇസ്രയേലിൽ വർഷങ്ങളായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്.
സന്തോഷുമായി സൗമ്യ വീഡിയോ കോളിൽ സംസാരിക്കുന്നതിനിടയിൽ ബോംബാക്രമണത്തിന്റെ രൂപത്തിൽ എത്തിയ അപ്രതീക്ഷിത മരണം ഏറെ ദാരുണമായി.

രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ, കെ.എസ്.ശബരിനാഥൻ, എ.എ.റഹീം തുടങ്ങേി വിവിധ വിഷയങ്ങളിൽ പ്രതികരിക്കാറുള്ള മതേതരപാർട്ടി നേതാക്കന്മാർ അനുശോചനം അറിയിച്ചില്ലെന്ന പേരിലും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. എന്നാൽ, ചെന്നിത്തല പിന്നീട് പോസ്റ്റിട്ടെങ്കിലും, വിവാദഭാഗങ്ങൾ തൊടാതെ കരുതലോടെയായിരുന്നു.

ചെന്നിത്തലയുടെ പോസ്റ്റ്

ഇസ്രേയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യാ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ അടിയന്തിരമായി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡർ സജ്ജീവ് കുമാർ സിങ്ളക്ക് കത്ത് നൽകി.അതോടൊപ്പം ഇസ്രയേലിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.സൗമ്യയുടെ വേർപാട് സൃഷ്ടിച്ച വേദനയിൽ കുടുംബാംഗങ്ങളോടൊപ്പം പങ്ക് ചേരുന്നു.
ആദരാഞ്ജലികൾ

അതിനിടെ, കൊല്ലപ്പെട്ടത് ഫലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിലാണെന്ന പരാമർശത്തെ ചൊല്ലി കോൺഗ്രസ് നേതാവ് വീണ എസ് നായരും പുലിവാല് പിടിച്ചു.

ഇസ്രയേലിൽ മലയാളി യുവതി കൊല്ലപ്പെട്ടത് ഫലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിലാണെന്ന പരാമർശം പിൻവലിച്ച കോൺഗ്രസ് നേതാവ് വീണ എസ് നായർക്കുനേരെ സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്നും വ്യാപക സൈബർ ആക്രമണം. തീവ്ര ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കാനാണ് വീണ തന്റെ വാക്കുകൾ തിരുത്തിയതെന്നും മരിച്ച യുവതിയോട് മാന്യത കാണിക്കണമെന്നും പറഞ്ഞുകൊണ്ടാണ് ആക്രമണം. സംഘപരിവാർ അനുകൂല ചായ്വുള്ള പല ഫേക്ക് ഐഡികളിൽ നിന്നും വീണയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള പരാമർശങ്ങളും തെറിവിളികളും കമന്റുകളായി വന്നുകൊണ്ടിരിക്കുകയാണ്.

പോസ്റ്റ് തിരുത്തിയെന്നും താൻ ഖേദിക്കുന്നുവെന്നും അറിയിക്കുന്ന പോസ്റ്റിന് താഴയൊണ് അധിക്ഷേപിക്കുന്ന കമന്റുകൾ. ലഭിച്ച സ്‌ക്രീൻഷോട്ട് താൻ ശ്രദ്ധിക്കാതെ പോസ്റ്റ് ചെയ്യുകയായിരുന്നെന്നും അത് ബോധപൂർവ്വമല്ലെന്നുമാണ് പോസ്റ്റിലൂടെ വീണ നായർ പറഞ്ഞത്.