തിരുവനന്തപുരം: സംസ്ഥാനത്ത് ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക് മാറ്റുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.

നിലവിൽ തിരക്ക് കുറഞ്ഞ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന 30 യാത്രക്കാർക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ആണ് സോളാർ ഇന്ധനം ഉപയോഗിച്ച് സർവ്വീസ് നടത്തുന്നതിന് വേണ്ടി മാറ്റുന്നത്. അത് വഴി ഇന്ധനം ഒഴിവാക്കി പരിസ്ഥിതി സൗഹാർദ്ദവും ചെലവ് കുറഞ്ഞതുമായ ബോട്ട് സർവ്വീസുകൾ നടത്തി ജലഗതാഗത മേഖലയെ ലാഭത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

ഇതിനായി പത്ത് കോടി രൂപയുടെ ഭരണാനുമതി നൽകി കഴിഞ്ഞു. ടെന്റർ നടപടി ഉടൻ തന്നെ ആരംഭിക്കുമെന്നും 18 മാസം കൊണ്ട് ഈ നാല് റൂട്ടുകളിലെ ബോട്ടുകൾ പൂർണ്ണമായും സൗരോർജ്ജത്തിൽ തന്നെ സർവ്വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.