സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കളാണ് കേസിൽ പ്രതിസ്ഥാനത്തുള്ളത്. 2017ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സോളാർ സംരംഭക നൽകിയ പരാതിയിലാണ് നടപടി. ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈടൻ, എപി അനിൽകുമാർ എന്നീ കോൺഗ്രസ് നേതാക്കളും ഇപ്പോഴത്തെ ബിജെപി ദേശീയാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ എപി അനിൽകുമാറിനെതിരായ പരാതിയിലാണ് മൊഴിയെടുപ്പ് പൂർത്തിയായത്. മറ്റുള്ളവർക്കെതിരായ പരാതികളിൽ നേരത്തേ മൊഴിയെടുപ്പ് പൂർത്തിയായിരുന്നു. സംസ്ഥാനത്ത് സ്വർണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം സജീവമായിരിക്കെയാണ് സോളാർ കേസിലെ മൊഴിയെടുപ്പ് പൊലീസ് പൂർത്തിയാക്കിയിരിക്കുന്നത്.

കൊല്ലം അഡീഷണൽ കമ്മീഷണർ ജോസി ചെറിയാൻ മുൻപാകെയാണ് സോളാർ സംരംഭക മൊഴി നൽകിയത്. 2019ൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഇവർ മൊഴി നൽകാതെ കാലതാമസമുണ്ടാകുകയായിരുന്നു. അനിൽകുമാർ മന്ത്രിയായിരിക്കെ വിവാദത്തിലുൾപ്പെട്ട സ്ത്രീയെ വിവധ സ്ഥലങ്ങളിൽകൊണ്ടുപോയി പീഡിപ്പിച്ചതായി സോളാർ റിപ്പോർട്ടിലുണ്ടായിരുന്നു. അനിൽകുമാറിനെതിരായി മുൻപ് പറഞ്ഞിരുന്ന ആരോപണങ്ങൾ പരാതിക്കാരി ആവർത്തിച്ചയായും പരാതിയിൽ ഉറച്ചുനിൽക്കുന്നതായി മൊഴി നൽകിയതായുമാണ് വിവരം. കുറ്റപത്രം സമർപ്പിക്കുന്നതിന് കൂടുതൽ അന്വേഷണം നടത്തണമെന്ന് അഡീഷണൽ കമ്മീഷണർ അറിയിച്ചു. കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരായ പരാതിയിലും ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ കേസായിരുന്നു സോളാർ തട്ടിപ്പ്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സമര പരമ്പരകൾക്കായിരുന്നു അന്ന് ഇടതുപക്ഷം നേതൃത്വം നൽകിയത്. പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം 2018ലാണ് സോളാർ കേസുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന പരാതി ഉയരുന്നത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കെതിരെയായിരുന്നു ഈ ആരോപണം. എന്നാൽ കേസ് എടുത്ത് രണ്ട് വർഷം കഴിഞ്ഞിട്ടും അന്വേഷണം എവിടെയുമെത്തിയില്ലെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഇരയുടെ മൊഴിയെടുപ്പ് പൂർത്തിയായിരിക്കുന്നത്.

സോളാർ വിവാദം കത്തിനിൽക്കുന്നതിനിടെ തന്നെയാണ് പ്രമുഖ കോൺഗ്രസ് നേതാക്കൾക്കെതിരെ പീഡനാരോപണങ്ങളും ഉയരുന്നത്. അന്നത്തെ കോൺഗ്രസ് എംഎൽഎയും നിലവിലെ ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടിക്കെതിരെ യുഡിഎഫ് ഭരണ കാലത്ത് തന്നെ പീഡന പരാതിയിൽ കേസെടുത്തിരുന്നു. പിന്നീട് 2018ലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, എപി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്.

പീഡിപ്പിച്ചവരുടെ പേര് എഴുതിയ പരാതിക്കാരിയുടെ കത്ത് ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിന്റെ ഭാഗമാക്കിയതോടെയാണ് പിണറായി സർക്കാർ കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. കത്തിന് പുറമെ യുവതിയിൽ നിന്നും പരാതി എഴുതിവാങ്ങിയ ശേഷമായിരുന്നു ഈ നടപടി. മന്ത്രിമാരുടെ വസതികൾ, എംഎൽഎ ഹോസ്റ്റൽ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.

പ്രത്യേക അന്വേഷണ സംഘത്തലവന്മാരായിരുന്ന രാജേഷ് ദിവാനും അനിൽ കാന്തും കേസന്വേഷണം ഏറ്റെടുക്കാൻ ആകില്ലെന്ന് അറിയിച്ചതോടെ എഡിജിപി ഷെയ്ഖ് ദ‍ർവേസ് സാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പിന്നീട് ഓരോ കേസും ഓരോ ഉദ്യോഗസ്ഥന് നൽകിയായിരുന്നു അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. ചില കേസുകളിൽ ഹാജരായ പരാതിക്കാരി തെളിവുകൾ ഹാജരാക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇതിനൊന്നും തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.