ജമ്മു: ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ നിയന്ത്രണ രേഖയിൽ പാക് സൈന്യത്തിന്റെ ആക്രമണം. ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. ഷെല്ലാക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ സുബേദാർ രവീന്ദറാണ് പിന്നീട് മരിച്ചതെന്ന് സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരെ പാക് സൈന്യം വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തുകയുമായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് 3.30 മുതൽ 5.30 വരെയാണ് നൗഷേര സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കി പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. പാക് പ്രകോപനത്തിന് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകി. ധൈര്യവും ആത്മാർഥതയും ഊർജസ്വലതയുമുള്ള സൈനികനായിരുന്നു വീരമൃത്യു വരിച്ച രവീന്ദറെന്ന് സൈനിക വക്താവ് പറഞ്ഞു. അദ്ദേഹത്തിന്റെ ജീവത്യാഗത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണ രേഖയിൽ 5100 വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് പാക്കിസ്ഥാൻ 2020 ൽ നടത്തിയത്. 18 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് പോയവർഷം നടത്തിയത്. ശരാശരി 14 സംഭവങ്ങളാണ് ഓരോ ദിവസവും റിപ്പോർട്ടു ചെയ്യപ്പെട്ടത്. 24 സുരക്ഷാ സൈനികരടക്കം 36 പേർക്ക് പാക് വെടിവെപ്പിനിടെ ജീവൻ നഷ്ടപ്പെട്ടു. 130 പേർക്കാണ് പരിക്കേറ്റതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.