തൃശൂർ: അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. കൊരട്ടി പാറകൂട്ടം സ്വദേശിനി തണ്ടേങ്ങാട്ടിൽ വീട്ടിൽ സുഭദ്ര (70)യെ ആക്രമിച്ച മകൻ ശ്രീജൻ ( 53 ) ആണ് പിടിയിലായത്.

ഇന്നലെ രാത്രി മദ്യപിച്ച് വന്ന് ഭാര്യയെ ആക്രമിക്കുന്നത് അമ്മ ചോദ്യം ചെയ്തപ്പോൾ ഡൈനിങ് മേശയിലുണ്ടായിരുന്ന കുപ്പി ഗ്ലാസ്സുകൊണ്ട് തലയ്ക്കടിക്കുകയും ചുറ്റിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. മകൻ മദ്യപിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കുന്നതു പതിവെന്ന് സുഭദ്ര പൊലീസിനോട് പറഞ്ഞു.

വിവരമറിഞ്ഞ കൊരട്ടി പൊലീസ് നൈറ്റ് പട്രോളിങ് അംഗങ്ങൾ സ്ഥലത്തെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റി രക്തത്തിൽ മുങ്ങി നിൽക്കുകയായിരുന്ന സുഭദ്രയെ പൊലീസ് ജീപ്പിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സുഭദ്രയുട തലയിൽ പത്തോളം തുന്നൽ ഇട്ടിട്ടുണ്ട്.

പിടിയിലായ പ്രതി മുൻപും വീട്ടുകാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോവാൻ ശ്രമിക്കുന്നതിനിടയിലാണ് ഇന്നു വെളുപ്പിന് പിടിയിലായത്.