ന്യൂഡൽഹി: സ്‌കൂൾ കുട്ടികൾക്കായുള്ള ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശക പരിപാടിയുടെ ബ്രാൻഡ് അംബാസഡറായി നടൻ സോനു സൂദിനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം സോനു പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഡൽഹി സർക്കാരിന്റെ ഒൻപതു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പ്രത്യേക പഠന പദ്ധതിയുടെ തുടക്കം കുറിക്കാനാണ് സോനു സൂദ് കെജ്‌രിവാളിനൊപ്പം ഔദ്യോഗിക വസതിയിലെ ചടങ്ങിൽ പങ്കെടുത്തത്. ആം ആദ്മി പാർട്ടിയിലേക്കുള്ള സോനുവിന്റെ കടന്നുവരവിന്റെ മുന്നോടിയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഇതിനെ വിലയിരുത്തുന്നത്.

തങ്ങൾ രാഷ്ട്രീയകാര്യങ്ങൾ ഒന്നും ചർച്ച ചെയ്തില്ലെന്നാണ് സൂദ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. പഞ്ചാബ് സ്വദേശിയായ സോനു സൂദ്, ലോക്ഡൗണിനിടെ, തന്റെ ജീവകാരൂണ്യ പ്രവർത്തനങ്ങളിലൂടെ ജനസമ്മതി നേടിയിരുന്നു. പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കെജ്രിവാളിന്റെ നീക്കത്തിന് പ്രാധാന്യമുണ്ട്. സോനുവിന്റെ സഹോദരിയും സാമൂഹ്യപ്രവർത്തകയുമായ മാളവിക സച്ചാറും രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്.

ഡൽഹി സർക്കാറിന്റെ 'ദേശ് കി മെന്റേഴ്‌സ്' എന്ന പരിപാടിയുടെ ബ്രാൻഡ് അംബാസഡറാണ് സോനുസോദ്. രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും ഇത്തരം വിദ്യാഭ്യാസ പദ്ധതികൾ അതിനേക്കാൾ ഉപരിയായി പ്രധാന്യം അർഹിക്കുന്നതാണെന്നും സോനു സൂദ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തമാക്കി. ചടങ്ങിൽ സോനുവിന്റെ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭിനന്ദിച്ചു.

മെന്റർഷിപ്പ് പദ്ധതി പ്രകാരം വിവിധ തുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ നിർദ്ധരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗനിർദ്ദേശം നൽകും. മൂന്നുലക്ഷത്തോളം യുവ പ്രൊഫഷണലുകളാണ് 10 ലക്ഷത്തോളം സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളുടെ ഭാവിക്കായി മെന്റർമാരാകുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ മെന്ററിങ് പദ്ധതിയാണെന്നും കെജ്രിവാൾ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ കെജ്രിവാൾ കൈവരിച്ച നേട്ടങ്ങളെ സോനു സൂദ് അഭിനന്ദിക്കുകയും ചെയ്തു.

47 കാരനായ സോനൂ സൂദോ അദ്ദേഹത്തിന്റെ സഹോദരി മാളവിക സച്ചാറോ പഞ്ചാബ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം.മാളവിക സഞ്ചാർ കോൺഗ്രസ് ടിക്കറ്റിൽ മോഗ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും ചിവ വാർത്തകളുണ്ട്. മാളവിക ഈ മേഖലയിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ്. പഞ്ചാബ് സർക്കാരിന്റെ കോവിഡ് വാക്‌സിനേഷൻ പരിപാടിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് സോനു സൂദ്.