കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലത്തിൽ ഡി.സിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ വിജയമുറപ്പിച്ച് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. ഇതോടെ തെരഞ്ഞെടുപ്പിന് ശേഷം പുതിയ ഡി.സി.സി പ്രസിഡന്റാരാകണമെന്ന വിഷയത്തിൽ അണിയറ നീക്കങ്ങൾ തുടങ്ങി. എ. വിഭാഗത്തിൽ നിന്നും സുധാകരവിഭാഗത്തിലേക്ക് ആറു വർഷം മുൻപ് കളം മാറിയെത്തിയ സതീശൻ പാച്ചേനിയെ ഡി.സി. സി യുടെ അമരക്കാരനായി കെ.സുധാകരൻ എംപി കൊണ്ടുവരികയായിരുന്നു.

സ്ഥാനമോഹികളായ തന്റെ വിശ്വസ്തരെ തഴഞ്ഞായിരുന്നു സുധാകരന്റെ അപ്രതീക്ഷിത നീക്കം. ഇതിനു സമാനമായി ഇക്കുറി വീണ്ടും എ ഗ്രൂപ്പിൽ നിന്നും സുധാകര ഗ്രുപ്പിലേക്ക് ചേരി മാറിയെത്താൻ സന്നദ്ധനായ സോണി സെബാസ്റ്റ്യനെ ഡി.സി.സി പ്രസിഡന്റായി കൊണ്ടുവരാൻ സുധാകരൻ താൽപ്പര്യപ്പെടുന്നുണ്ടെന്നാണ് സൂചന. ഇരിക്കൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വത്തം നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റ്യൻ പൂർണമായും ഇപ്പോൾ എ ഗ്രുപ്പുമായി അകന്നു കഴിയുകയാണ്.

കഴിഞ്ഞ ദിവസം സുധാകരനുമായി സോണി സെബാസ്റ്റ്യൻ രഹസ്യ ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇരിക്കുർ സീറ്റ് തനിക്ക് ലഭിക്കാൻ എ ഗ്രുപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയോ കെ.സി ജോസഫോ ആത്മാർത്ഥമായി ഇടപെട്ടില്ലെന്ന അതൃപ്തി സോണിക്കുണ്ട്. ഈ കാര്യം പാർട്ടിയിലെ മറ്റു നേതാക്കളോട് അദ്ദേഹം പരസ്യമായി പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇരിക്കൂറിൽ സീറ്റ് നഷ്ടപ്പെട്ടതിന്റെ പരിഹാരമായി തങ്ങൾക്ക് ഡി.സി.സി സ്ഥാനം വേണമെന്നും സോണി സെബാസ്റ്റ്യനെ ഡി.സി.സി പ്രസിഡന്റാക്കണമെന്നുമുള്ള പ്രശ്‌ന പരിഹാര ഫോർമുല തർക്കം കൊടുമ്പിരി കൊള്ളുമ്പോൾ കണ്ണുരിൽ സമവായ ചർച്ചയ്‌ക്കെത്തിയ ഉമ്മൻ ചാണ്ടിയും എം.എം ഹസനും കെപിസിസി നേതൃത്വത്തിന് മുൻപിൽ വെച്ചിരുന്നുവെങ്കിലും കെ.സുധാകരൻ തള്ളിക്കളയുകയായിരുന്നു.

ഇതിനിടെയാണ് എ ഗ്രൂപ്പിലെ പ്രമുഖ നേതാവും യു.ഡി.എഫ് ചെയർമാനുമായ പി.ടി മാത്യു വ്യാജ ഫെയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ സോണി സെബാസ്റ്റ്യനെതിരെ അഴിമതിയാരോപണവുമായി രംഗത്തുവന്നത്.ഇതോടെ ഇരിക്കുറിലെ എ വിഭാഗം നേതാക്കൾക്കിടെയിൽ അസ്വാരസ്യം ശക്തമായത്. ഇതു മുതലെടുത്തു കൊണ്ട് സോണിയെ തന്റെ പാളയത്തിലേക്ക് കൊണ്ടുവരാനുള്ള ചരടുവലിയാണ് സുധാകരൻ നടത്തിയത്. സോണി തന്റെ ഗ്രൂപ്പുകാരനായാൽ വിശാല ഐ വിഭാഗത്തിന്റെ പ്രതിനിധിയായി സതീശൻ പാച്ചേനി ഒഴിയുന്ന മുറയ്ക്ക് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകാമെന്നാണ് സുധാകരൻ നൽകിയ ഓഫറെന്നറിയുന്നു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഇതോടെ കണ്ണൂരിൽ പാച്ചേനിയെപ്പോലെ വിശാല ഐ ഗ്രൂപ്പിലേക്ക് ജ്ഞാനസ്‌നാനം ചെയ്യുന്ന എ ഗ്രൂപ്പുകാരനായ സോണിക്ക് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ അമരക്കാരനാവാനുള്ള സാധ്യതയേറിയിരിക്കുകയാണ്. എന്നാൽ എ ഗ്രുപ്പിൽ നിന്നും മറുകണ്ടം ചാടി വരുന്ന സോണി സെബാസ്റ്റ്യന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകുന്നതിൽ സുധാകരവിഭാഗത്തിലെ സ്ഥാനമോഹികളായ മറ്റു നേതാക്കളിൽ അമർഷം പുകയുന്നുണ്ട്. ഇത്രയും കാലം ഗ്രൂപ്പിനും പാർട്ടിക്കുമായി വെള്ളം കോരുകയും വിറകുവെട്ടുക്കും ചെയ്ത തങ്ങളെ മൂലയ്ക്കിരുത്തിയെന്ന അമർഷമാണ് ഇവർ പ്രകടിപ്പിക്കുന്നത്.

കെപിസിസി ജനറൽ സെക്രട്ടറിയായ മാർട്ടിൻ ജോർജിന്റെ പേരാണ് നേരത്തെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് നിഷേധിക്കപ്പെട്ട റിജിൽ മാക്കുറ്റി, രാജിവൻ എളയാവുർ എന്നീ നേതാക്കളും ഡി.സി.സി പ്രസിഡന്റാവാൻ കുപ്പായം തുന്നിയിട്ട് നടക്കുന്നവരാണ്. സോണിയെ ഡി.സി.സി പ്രസിഡന്റാക്കിയാൽ സുധാകരവിഭാഗത്തിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ അതേ സമയം കണ്ണുരിലെ രണ്ടാം ചേരിയായി ശക്തിയാർജ്ജിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിഭാഗവും കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായി പിടിമുറുക്കിയിട്ടുണ്ട്.

കെപിസിസി ജനറൽ സെക്രട്ടറി സജീവ് മാറോളി, വി.എ നാരായണൻ, പുതുതായി ഗ്രൂപ്പിലേക്ക് വന്ന പി.ടി മാത്യു എന്നിവരെ നേതൃതലത്തിലേക്ക് കൊണ്ടുവരാനാണ് കെ.സി വേണുഗോപാൽ ഗ്രൂപ്പ് ശ്രമിക്കുന്നത്. ഇരിക്കൂറിൽ തങ്ങളുടെ ഗ്രുപ്പുകാരനായ സജീവ് ജോസഫ് നല്ല മാർജിനിൽ ജയിച്ചാൽ ഇവരുടെ ആവശ്യത്തിനും ശക്തി കൂടും. സംഘടനാ അഴിച്ചുപണിയുടെ ഭാഗമായി കണ്ണുരിൽ കെ.സി വേണുഗോപാൽ തന്റെ പക്ഷക്കാരനായ ഒരാളെ അധ്യക്ഷനായി നിർദ്ദേശിച്ചാൽ സുധാകരൻ എന്തു തന്നെ പ്രതിഷേധ മഴിച്ചു വിട്ടാലും കെപിസിസിക്ക് അംഗീകരിക്കേണ്ടി വരുമെന്നാണ് ഇവരുടെ കണക്ക് കൂട്ടൽ.