മലപ്പുറം: കരിപ്പൂർ സ്വർണക്കവർച്ച കേസിലെ പ്രധാന ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന സുഫിയാൻ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണ് സുഫിയാൻ കീഴടങ്ങിയത്. കൊടുവള്ളി വാവാട് സ്വദേശിയാണ് സുഫിയാൻ.നേരത്തെ കോഫപോസ കേസിലടക്കം ജയിലിൽ കിടന്ന വ്യക്തിയാണ് സുഫിയാൻ. സുഫിയാൻ കൊടുവള്ളി സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസ് നിഗമനം.

രാമനാട്ടുകര സ്വർണകവർച്ചാശ്രമം അന്വേഷിക്കുന്ന സംഘം സുഫിയാനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ചെർപുളശ്ശേരിയിൽ നിന്നും പിടിയിലായ സംഘത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണ കവർച്ചക്ക് പിന്നിലെ മുഖ്യ ആസൂത്രകൻ സുഫിയാനാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയ ഘട്ടത്തിലാണ് പൊലീസിൽ കീഴടങ്ങുന്നത്. കൊടുവള്ളി വാവാട് സ്വദേശിയാണ് സുഫിയാൻ.

നേരത്തെ കോഫപോസ കേസിലടക്കം ജയിലിൽ കിടന്ന വ്യക്തിയാണ് സുഫിയാൻ. സുഫിയാൻ പിടിയാകുന്നതോടെ സ്വർണക്കവർച്ച കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. രാമനാട്ടുകരയിൽ സംഘാംഗങ്ങൾ അപകടത്തിൽപ്പെട്ടത് കണ്ട സൂഫിയാൻ രക്ഷപ്പെടുത്താൻ പോലും ശ്രമിക്കാതെ കടന്നുകളഞ്ഞതായാണ് പൊലീസിന് വിവരം ലഭിച്ചത്. അപകടത്തിൽപ്പെട്ട മഹീന്ദ്ര എസ്യുവിക്ക് പുറമെ ഫോർച്യൂണർ, ഥാർ, മരൂതി ബലേനോ എന്നീ വാഹനങ്ങളിലും സംഘാംഗങ്ങൾ ഉണ്ടായിരുന്നതായും സംശയം ഉയരുന്നുണ്ട്. ഇതിൽ കാണാതായ മൂന്നാമത്തെ വാഹനത്തെ കുറിച്ച് വിവരം ലഭിച്ചില്ല. അപകടം നടന്നപ്പോൾ മാരുതി ബലേനോ കാർ നിർത്താതെ പോയെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. ഇതിലാണ് സൂഫിയാൻ സഞ്ചരിച്ചിരുന്നത്.

അനസ് പെരുമ്പാവൂരും ചരൽ ഫൈസലുമെല്ലാം രാമനാട്ടുകരയിലെ അപകടത്തിൽ തെളിയുന്നതിന് കാരണവും സുഫിയാന്റെ ഇടപെടലാണ്. ഇവരുടെ സംഘത്തെ കടത്തിന് നിയോഗിച്ചത് സൂഫിയാനായിരുന്നു. സൂഫിയാന് സംരക്ഷണം നൽകുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യം. വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്ന സംഘത്തിലെ കണ്ണിയാണ് സൂഫിയാൻ. 2018 ഓഗസ്റ്റിൽ കൊടുവള്ളി നീലേശ്വരം നൂഞ്ഞിക്കര നസീം, സഹോദരൻ തഹീം, എന്നിവരുടെ വീട്ടിൽ നിന്ന് സ്വർണം ശുദ്ധീകരിക്കുന്ന അഞ്ച് ഫർണസും 570 കിലോഗ്രാം സ്വർണം ശുദ്ധീകരിച്ച് നൽകിയതിന്റെ രേഖകളും ഡി.ആർ.ഐ പിടിച്ചെടുത്തു. ഇതോടെയാണ് സ്വർണക്കടത്തിൽ സൂഫിയാൻ ഉൾപ്പെടെ കൂടുതൽ യുവാക്കളുടെ പങ്ക് വ്യക്തമായത്.

നാട്ടിൽ നിന്ന് മുങ്ങിയ സൂഫിയാനെ പിടികൂടുന്നതിനായി കോഴിക്കോട്, ബംഗലൂരു ഡി.ആർ.ഐ സംഘം ലുക്കൗട്ട് നോട്ടീസിറക്കുകയും ചെയ്തിരുന്നു. 2020ൽ സൂഫിയാൻ ഫെബ്രുവരിയിൽ കാഠ്മണ്ഡു വിമാനത്താവളം വഴി ഇന്ത്യയിലെത്തി. കൊടുവള്ളിയിലെ ബന്ധുവീടുകളിലുൾപ്പെടെ ഒളിച്ചുകഴിയുകയായിരുന്നു. ഡി.ആർ.ഐ പിന്തുടരുന്നുവെന്ന് മനസിലാക്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാവാടുള്ള വീട്ടിൽ നിന്ന് പിടികൂടുകയും ചെയ്തു. ഇതിന് ശേഷം പുജപ്പുര ജയിലിൽ നിന്നിറങ്ങി വീണ്ടും സ്വർണ്ണ കടത്തിൽ സജീവമാകുകയായിരുന്നു സൂഫിയാൻ.

സ്വർണക്കടത്ത് കേസിൽ പ്രതികളായ അഞ്ച് കോഴിക്കോട്ടുകാർക്കെതിരെ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ 2019ൽ കൊഫെപോസ ചുമത്തിയിരുന്നു. സഹോദരങ്ങളായ നസീം, താഹിം എന്നിവരുടെ നേതൃത്വത്തിൽ 140 കോടി വില വരുന്ന സ്വർണം ഉരുക്കിയെടുത്ത കേസിലായിരുന്നു. ഇത്. വനിതാ യാത്രക്കാരെ ഉപയോഗിച്ചും ഇവർ അക്കാലത്ത് പതിവായി സ്വർണം കടത്തിയിരുന്നു. ഓമശ്ശേരി നൂഞ്ഞിക്കര സ്വദേശികളായ നസീം, സഹോദരൻ താഹിം, മാനിപുരം സ്വദേശി ഷാഫി, കൊടുവള്ളി സ്വദേശികളായ സമീർ അലി, ടി.കെ.സൂഫിയാൻ എന്നിവർക്കെതിരെ 2018 ഓഗസ്റ്റ് ഒന്നിന് കോഴിക്കോട് ഡിആർഐ ചുമത്തിയ കേസിലാ.ിരുന്നു കോഫെപോസ ചുമത്തിയത്. ഇതിൽ ഷാഫിയെ താമരശ്ശേരി പൊലീസുമായി ചേർന്ന് കൊടുവള്ളി ടൗണിൽവച്ച് അറസ്റ്റ് ചെയ്തിരുന്നു. നസീമും താഹിമും എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതിയിലെത്തി കീഴടങ്ങി. എന്നാൽ സൂഫിയാനെ കിട്ടിയില്ല.

സമീർ അലി ബെംഗളൂരുവിലേക്കും സൂഫിയാൻ ദുബായിലേക്കും കടന്നതായി അന്ന് ഡിആർഐക്കു വിവരം ലഭിച്ചിരുന്നു. പിന്നീട് സൂഫിയാനും അറസ്റ്റിലായി. ഷാഫി, സമീർ അലി, സൂഫിയാൻ എന്നിവർ യുവാക്കളെ ഉപയോഗിച്ച് മറ്റുള്ളവർക്കു വേണ്ടിയും വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്തിയതായി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും വനിതായാത്രക്കാരെ ഉപയോഗിച്ച് ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ചു കടത്തുന്നതായിരുന്നു രീതി. മിശ്രിത രൂപത്തിലുള്ള സ്വർണം നസീമിന്റെയും സംഘത്തിന്റെയും സഹായത്തോടെയാണ് വേർതിരിച്ചെടുക്കുന്നതായിരുന്നു മുമ്പത്തെ തന്ത്രം. നസീമും താഹിമും ചേർന്ന് 140 കോടിരൂപ വിലവരുന്ന 600 കിലോയോളം സ്വർണം ഉരുക്കി തങ്കമാക്കിമാറ്റിയിട്ടുണ്ടെന്നാണ് ഡിആർഐ 2019ൽ കണ്ടെത്തിയത്. ഇതിൽ ഏറെയും സൂഫിയാന്റേതായിരുന്നു.