റിയാദ്: മെയ് പതിനേഴ് മുതൽ അന്താരാഷ്ട്ര സർവ്വീസുകൾ പുനരാരംഭിക്കാൻ സൗദി എയർലൈൻസ് തയ്യാറാണെന്ന് സൗദി എയർലൈൻസ് കമ്മ്യൂണിക്കേഷൻസ് അസിസ്റ്റന്റ് ഡയറക്ടർ ഖാലിദ് ബിൻ അബ്ദുൽഖാദിർ. 'നിങ്ങളുടെ ലഗ്ഗേജ് തയ്യാറായോ' എന്ന് ചോദിച്ചുകൊണ്ടുള്ള സന്ദേശം കഴിഞ്ഞ ദിവസം എയർലൈൻസ് ട്വീറ്റ് ചെയ്തിരുന്നു. ഇത് വൈറലായി. ഇതിന്റെ ചുവടുപിടിച്ചുയർന്ന സംശയങ്ങൾ ദൂരീകരിച്ചുകൊണ്ടാണ് ഖാലിദ് ബിൻ അബ്ദുൽ ഖാദിർ പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഒരുക്കം തുടങ്ങിയ വിവരം വെളിപ്പെടുത്തിയത്.

കൊവിഡിനെ തുടർന്ന് കഴിഞ്ഞവർഷം മാർച്ച് 15നാണ് സൗദി എയർലൈൻസ് അന്താരാഷ്ട്ര സർവീസ് നിർത്തിവെച്ചത്. സൗദിയിലെ അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് നീട്ടിയിട്ടില്ലെന്നും നേരത്തെ പ്രഖ്യാപിച്ചത് പോലെ മെയ് 17ന് വിലക്ക് നീക്കുമെന്നും സൗദി കോവിഡ് പ്രതിരോധ സമിതി സെക്രട്ടറി ഡോ. തലാൽ അൽ തുവൈജിരി അറിയിച്ചു. ഇക്കാര്യം മെയ് 17 ന് മുമ്പായി തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.