റിയാദ് : കൊവിഡിനെ തുടർന്ന് ഹൈ റിസ്‌ക് പട്ടികയിലുൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ സന്ദർശിച്ചവർ ആ വിവരം മറച്ചു വച്ച് രാജ്യത്തേക്ക് എത്തിയാൽ കനത്ത പിഴ ഈടാക്കുമെന്ന് സൗദി. ഇങ്ങനെയുള്ളവരിൽ നിന്ന് അഞ്ചു ലക്ഷം സൗദി റിയാൽ പിഴയീടാക്കും. വിവിധ രാജ്യങ്ങളിൽ ഓമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.

ഹൈ റിസക് രാജ്യങ്ങളിൽ നിന്ന് വ്യോമ മാർഗംവഴിയോ അല്ലാതെയോ സൗദിയിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ എയർലൈൻ കമ്പനികളും വാഹന ഉടമകളും വെളുപ്പെടുത്തണം. കോവിഡ് വ്യാപനം രൂക്ഷമായമഹാമാരി പൊട്ടിപ്പുറപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ സന്ദർശനത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താതിരുന്നാൽ ആരോഗ്യ നിരീക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 21, 25, 26 എന്നിവ അടിസ്ഥാനമാക്കി കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ട്.

രാജ്യാന്തര യാത്രക്കാർ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളോ അത്തരം പകർച്ച വ്യാധികളോ പടരാതിരിക്കാനുള്ള മുൻകരുതൽ പാലിക്കണമെന്നതാണ് നിയമം. ഇതനുസരിച്ച് നിയമം ലംഘിക്കുന്നവരും ഗതാഗത സംവിധാനത്തിന്റെ ഉടമയും ശിക്ഷ അനുഭവിക്കേണ്ടി വരും. കൂടാതെ ഇങ്ങനെ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇരുകൂട്ടരും ഉത്തരവാദികളാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.