ജൊഹാനസ്ബർഗ്: മുൻ പ്രസിഡന്റ് ജേക്കബ് സുമയെ അറസ്റ്റ് ചെയ്തതതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതൽ മേഖലകളിലേക്ക് പടരുന്നു. രാജ്യത്തെ കലാപഭൂമിയാക്കിയാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്. കവർച്ചയും കൊലയും നഗരങ്ങളെ മുൾമുനയിലാക്കിയ രാജ്യത്ത് ഇതിനകം 72 പേർ കൊല്ലപ്പെട്ടു.

തെരുവുകളിലെല്ലാം കൊള്ളയും കൊള്ളിവെപ്പും പതിവായിരിക്കയാണ്. ആശുപത്രിക്ക് വരെ അക്രമികൾ തീവെച്ചിട്ടുണ്ട്. സുരക്ഷാ സേന കലാപം തടയാൻ ശ്രമിക്കുമ്പോഴും അതൊന്നും എളുപ്പം നടക്കുന്ന ലക്ഷണമില്ലാത്ത അവസ്ഥയിലാണ്. സമാധാനത്തിന് ആഹ്വാനം ചെയ്തും തെരുവുകളിൽ സൈന്യത്തെ വിന്യസിച്ചും സർക്കാർ രംഗത്തുണ്ടെങ്കിലും കലാപം പടരുകയാണ്. അ

പാർത്തീഡ് ഭരണം അവസാനിച്ച് 27 വർഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക കടുത്ത ആഭ്യന്തര സംഘർഷത്തിലേക്ക് നീങ്ങിയതെന്ന് പ്രസിഡന്റ് സിറിൽ റാമഫോസ പറഞ്ഞു. കലാപശ്രമത്തിന് 1,300 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മാൾ കവർച്ചക്കെത്തിയ ആൾക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് 10പേരും വെയർഹൗസ് കവർച്ചക്കിടെ ചരക്കുകൾ വീണ് നിരവധി പേരും മരിച്ചതായി പൊലീസ് പറഞ്ഞു. സുമയുടെ അനുയായികളാണ് അതിക്രമങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം.

റോഡുകളിൽ വാഹന ഗതാഗതം മുടക്കിയും വെയർഹൗസുകൾ കൊള്ളയടിച്ചും നഗരങ്ങളിൽ തീയിട്ടും അക്രമി സംഘം വാഴുന്നത് രാജ്യത്തെ ജനജീവിതം നരകതുല്യമാക്കിയിട്ടുണ്ട്. കോവിഡ് വാക്‌സിനേഷൻ പലയിടത്തും നിർത്തിവെച്ച നിലയിലാണ്. അതിനിടെ, വാക്‌സിൻ സൂക്ഷിച്ച ഒരു ക്ലിനിക്കിലും കവർച്ച നടന്നു. കടകളിൽ ജനം കൂട്ടമായി കയറി കവർച്ച നടത്തുന്നതാണ് ഏറ്റവും വലിയ ഭീഷണിയാകുന്നത്. തിങ്കളാഴ്ച മാത്രം 200ലേറെ മാളുകൾ കവർച്ചക്കിരയായി.

നെൽസൺ മണ്ടേലയുടെ നാടായ സൊവേറ്റോയിൽ നിരവധി ഷോപ്പിങ് സെന്ററുകളിലും അക്രമിസംഘം കയറിയിറങ്ങി. ജൂൺ 30നാണ് കോടതിയലക്ഷ്യ കേസിൽ ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമക്ക് 15 മാസം തടവ് ശിക്ഷ കോടതി വിധിച്ചത്. പ്രസിഡന്റായിരിക്കെ നടത്തിയ അഴിമതി ആരോപണത്തിൽ അന്വേഷണ കമ്മീഷനുമായി സഹകരിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് ഭരണഘടന കോടതി ശിക്ഷ വിധിച്ചത്.

അഴിമതിക്കേസിൽ നിന്ന് രക്ഷപ്പെടാൻ പൊതുജന സഹതാപം ഉണ്ടാക്കാനാണ് സുമ ശ്രമിച്ചതെന്നും ഇത് ഭരണഘടനാ തത്വങ്ങളെ അപമാനിക്കുന്നതാണെന്നും കോടതി പറഞ്ഞിരുന്നു. ഒരു വ്യക്തിയും നിയമത്തിന് അതീതനല്ലെന്നും കോടതി പറഞ്ഞു. മുൻ രാഷ്ട്ര തലവനെന്ന നിലയിൽ സുമയ്ക്ക് നിയമത്തെക്കുറിച്ച് അറിയാമെന്നും എന്നാൽ കോടതി ഉത്തരവിനെ നഗ്‌നമായി അദ്ദേഹം ലംഘിച്ചതായും തടവുശിക്ഷ പ്രഖ്യാപിക്കുന്നതിനു മുമ്പ് കോടതി കൂട്ടിച്ചേർത്തു.

നേരത്തെ, അഴിമതിക്കേസിൽ സുമ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 79 കാരിയായ സുമ ഒമ്പതുവർഷത്തോളം അധികാരത്തിലിരുന്ന സമയത്ത് നടത്തിയ അഴിമതിയിലായിരുന്നു ശിക്ഷ വിധിച്ചത്. എന്നാൽ, അന്വേഷണ കമ്മീഷനുമായി സഹകരിക്കില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. 2018ലാണ് അഴിമതി ആരോപണത്തെ തുടർന്ന് ജേക്കബ് സുമയ്ക്ക് അധികാരം നഷ്ടമാകുന്നത്. 1999ൽ യൂറോപ്യൽ നിന്ന് റാൻഡിന് യുദ്ധവിമാനങ്ങൾ, പട്രോളിങ് ബോട്ടുകൾ, മിലിട്ടറി ഗിയർ എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള അഴിമതിയിലാണ് ജേക്കബ് സുമ വിചാരണ നേരിടുന്നത്.