തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ കസ്റ്റംസിന് മുമ്പാകെ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭ ചേരുന്നതിനാൽ ജോലി തിരക്കുണ്ടെന്ന് അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചു. ചോദ്യം ചെയ്യലിന് പുതിയ തിയ്യതിയും ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണവുമായി അയ്യപ്പൻ സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിലപാട്. ആദ്യം നോട്ടീസ് നൽകിയിട്ടും നോട്ടീസ് കിട്ടിയില്ലെന്നായിരുന്നു അയ്യപ്പന്റെ നിലപാട്. ഇതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്. ഇനി ഒരിക്കൽ കൂടി നോട്ടീസ് നൽകും. അതിന് ശേഷം അയ്യപ്പനെതിരെ വാറണ്ട് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളായതു കൊണ്ട് എല്ലാ നിയമവശവും കസ്റ്റംസ് തേടും.

ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാനായിരുന്നു കസ്റ്റംസിന്റെ നോട്ടീസ്. അയ്യപ്പൻ ഇന്നലെ വൈകുന്നേരം കസ്റ്റംസിനെ വിളിക്കുകയും 12 മണിയോടെ ഹാജരാകാം എന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ രാത്രി വൈകി ചോദ്യം ചെയ്യലിന് എത്താൻ ബുദ്ധിമുട്ടുണ്ടെന്നും എട്ടാം തിയ്യതി നിയമസഭ ചേരുന്നതിനാൽ ജോലി തിരക്ക് ഉണ്ടെന്നും തനിക്ക് പുതിയൊരു തിയ്യതി തരണമെന്നും ആണ് അയ്യപ്പൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. സ്പീക്കറേയും ഈ കേസിൽ ചോദ്യം ചെയ്യാനാണ് തീരുമാനം.

നിയമസഭ ചേരുന്നതിനു 30 ദിവസം മുമ്പ് മുതലും സഭ പിരിഞ്ഞ് 30 ദിവസംവരെയും സ്പീക്കർക്കെതിരേ നിയമ നടപടിയെടുക്കാൻ ചട്ടപ്രകാരം വിലക്കുണ്ടെന്ന് കസ്റ്റംസിന് നിയമോപദേശം കിട്ടിയിട്ടുണ്ട്. നിയമസഭാനടപടികളിൽ സ്പീക്കർക്കു ചുമതലയുള്ളതിനാലാണ് ഇത്. ഈ സാഹചര്യത്തിൽ ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ചോദ്യം ചെയ്യൽ നീളും. ജനുവരി എട്ട് മുതൽ 28വരെ സഭാ സമ്മേളനം ഉള്ളതു കൊണ്ടാണ് ഇത്. അതായത് മാർച്ച് ആദ്യ വാരം മാത്രമേ സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കഴിയൂ. ആപ്പോഴേക്കും കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് മാറും.

ബജറ്റ് അവതരിപ്പിച്ച് നിയമസഭ പിരിഞ്ഞാലും ചർച്ചയ്ക്കായി വീണ്ടും ചേരാനാകും. നിയമസഭാചട്ടപ്രകാരം സ്പീക്കർക്കു ലഭിക്കുന്ന പരിരക്ഷ ഉപയോഗപ്പെടുത്തിയാൽ രണ്ടുമാസം വരെ ചോദ്യംചെയ്യൽ നീട്ടിക്കൊണ്ടുപോകാം. ഇങ്ങനെ ജനുവരി 28ന് ശേഷവും സഭ നീട്ടി കൊ്ണ്ടു പോയാൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യലും അതനുസരിച്ച് നീളും. ചോദ്യംചെയ്യലിൽനിന്ന് ഒഴിവാകാൻ ഭരണാഘടനാപദവിയുടെ പരിരക്ഷ ലഭിക്കുമോയെന്നാണു കസ്റ്റംസ് പരിശോധിച്ചത്. പരിരക്ഷാ കാലയളവിൽ അന്വേഷണ ഏജൻസികൾക്കു സ്പീക്കറെ വിളിച്ചുവരുത്താനോ ചോദ്യംചെയ്യാനോ കുറ്റംചുമത്താനോ സാധിക്കില്ല.

ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിലെത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടെന്നു മൊഴി നൽകിയതു സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തുമാണ്. ഇവർ മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിൽ സ്പീക്കർക്കെതിരേ ഗുരുതര ആരോപണങ്ങളുണ്ടെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഡോളർ കടത്തുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നാണു ശ്രീരാമകൃഷ്ണന്റെ നിലപാട്. രണ്ടു മന്ത്രിമാരുടെ പേരും സ്വപ്ന പരാമർശിച്ചിട്ടുണ്ടെന്നാണു സൂചന. എട്ടിനു നിയമസഭ ആരംഭിക്കുമ്പോൾ സ്പീക്കർക്കെതിരായ ആരോപണം പ്രതിപക്ഷം മുഖ്യായുധമാക്കും. അവിശ്വാസത്തിനും സ്പീക്കർക്കെതിരെ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിൽ സ്പീക്കറുടെ നിലപാടും നിർണ്ണായകമാകും. തദ്ദേശത്തിൽ എല്ലാ ആരോപണവും ജനങ്ങൾ തള്ളിയെന്ന വാദമുയർത്തി സ്പീക്കറെ പ്രതിരോധിക്കാനാണ് ഭരണ പക്ഷത്തിന്റെ ശ്രമം.

സ്വപ്നയും സരിത്തും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ സ്പീക്കർക്കെതിരേ പരാമർശമുണ്ടെന്നാണ് അറിയുന്നത്. ഇതിൽ വ്യക്തതവരുത്താനാണ് സ്പീക്കറെ ചോദ്യംചെയ്യുന്നതെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. കസ്റ്റംസ് ആക്ട് സെക്ഷൻ 108 പ്രകാരം മൊഴിനൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് തിരുവനന്തപുരം ഓഫീസായിരിക്കും സ്പീക്കർക്ക് സമൻസ് നൽകുക. വിദേശത്തേക്ക് ഡോളർ കടത്ത് നടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിനുള്ള തന്ത്രങ്ങളും ആലോചിക്കുന്നുണ്ട്. സ്പീക്കർ ഒരു ബാഗ് തങ്ങൾക്ക് കൈമാറിയെന്നാണ് സ്വപ്നയും സരിത്തും മൊഴി നൽകിയിരിക്കുന്നത്. ഡോളർ അടങ്ങിയ ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്ന് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി ആവർത്തിക്കുകയും ചെയ്തു.

അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലധികം രൂപ സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ ചില ഉന്നതർ യുഎഇയിലേക്കു കടത്തി. ഈ ഉന്നതരുടെ വിദേശത്തേതടക്കം കള്ളപ്പണ, ബിനാമി നിക്ഷേപവും ഇടപാടുകളും, പ്രത്യേകം കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം.