ആലപ്പുഴ: വിവാഹത്തിന്റെ കാര്യത്തിൽ നമ്മൾ വിചാരിക്കുന്നതൊന്നുമല്ല നടക്കുന്നതെന്ന് പൊതുവേ പറയാറുണ്ട്.നടക്കണമെന്നാണ് നിശ്ചയമെങ്കിൽ നടന്നിരിക്കുമെന്നും. ഇക്കാര്യങ്ങളൊക്കെ ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കപ്പെടുകയാണ് ആലപ്പുഴയിലെ ഈ കല്യാണക്കഥയിൽ.കനത്തമഴയെത്തുടർന്ന് അപ്പർ കുട്ടനാട് മേഖലയിലെ വെള്ളക്കെട്ടായതോടെ വരനും വധവും വിവാഹപന്തലിലേക്കെത്തിയത് ചെമ്പിൽ കയറി.അപ്പർ കുട്ടനാട്ടിലെ ഐശ്വര്യയ്ക്കും ആകാശിനുമാണ് വിവാഹിതരാവാനായി ചെമ്പിൽ കയറേണ്ടി വന്നത്.

തലവടി പനയൂന്നൂർക്കാവ് ക്ഷേത്രമായിരുന്നു ആകാശിന്റെയും ഐശ്വര്യയുടെയും വിവാഹവേദി. അപ്രതീക്ഷിതമായി പെയ്ത മഴയിൽ ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശമാകെ വെള്ളത്തിൽ മുങ്ങി.പിന്നെ നാട്ടുകാരാണ് കതിർമണ്ഡപത്തിൽ എത്താൻ ചെമ്പിനകത്ത് യാത്ര ഒരുക്കിയത്. അടുത്ത ബന്ധുക്കളെ മാത്രം സാക്ഷിയാക്കി ഇരുവരും താലി ചാർത്തി. ഇരുവരുടേയും പ്രണയവിവാഹമാണ്.ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു തകഴി സ്വദേശി ആകാശിന്റേയും അമ്പലപ്പുഴ സ്വദേശി ഐശ്വര്യയുടെയും വിവാഹം. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ് ഇരുവരും.

കനത്തമഴയെ തുടർന്ന് മണിമലയാറിലും പമ്പയിലും ജലനിരപ്പ് ഉയർന്നതോടെയാണ് തലവടി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്. ഇതോടെ കല്യാണം നടത്താൻ തീരുമാനിച്ചിരുന്ന ക്ഷേത്ര പരിസരവും വെള്ളത്തിന്റെ അടിയിലായി. ഇതോടെ ചെമ്പിൽ വധൂവരന്മാരെ ക്ഷേത്രത്തിൽ എത്തിക്കാൻ ബന്ധുക്കളും നാട്ടുകാരും തീരുമാനിക്കുകയായിരുന്നു. കല്യാണം നടന്ന ഓഡിറ്റോറിയത്തിൽ വേദിയുടെ താഴെ വരെ വെള്ളക്കെട്ടാണ്. കല്യാണം കഴിഞ്ഞ് ഇരുവരെയും ചെമ്പിൽ തന്നെ തിരികെ കൊണ്ടുപോയി.

കല്ല്യാണത്തിനായി ചെമ്പിനകത്ത് കയറി വരേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായി കല്ല്യാണമെന്നും വധു ഐശ്വര്യ ചിരിയോടെ പറഞ്ഞു. ക്ഷേത്രത്തിൽ വച്ച് കല്യാണം കഴിക്കണമെന്നത് ആഗ്രഹമായിരുന്നുവെന്ന് ആകാശ് പറയുന്നു. അതുകൊണ്ടാണ് പ്രതിബന്ധങ്ങളെല്ലാം അവഗണിച്ച് ക്ഷേത്രത്തിൽ ചെമ്പിൽ എത്താൻ തീരുമാനിച്ചതെന്നും ആകാശ് പറയുന്നു.

മഴ മാറി നിന്നെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവാണ് ആലപ്പുഴ ജില്ലയിലെ പ്രതിസന്ധി. അപ്പർ കുട്ടനാട്, ചെങ്ങന്നൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലയിലെ ഡാമുകൾ തുറന്നതോടെ കൂടുതൽ വെള്ളം വൈകിട്ടോടെ ഒഴുകി എത്തും എന്ന ആശങ്കയുണ്ട്.