ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിരല്ലെന്ന് ദേശീയ ചാനലിൽ പറഞ്ഞ് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരൻ രംഗത്ത് എത്തിയത് വിവാദമാകുന്നു. ന്യൂസ് 18ന്റെ പ്രൈം ടൈം പരിപാടിയിലാണ് മുൻ സംസ്ഥാന ബിജെപി അദ്ധ്യക്ഷനും രാജ്യസഭ എംപിയുമായ വി മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ബിജെപിക്കുള്ളിലും ആശയക്കുഴപ്പം സജീവമാവുകയാണ്.

യുവതി പ്രവേശനത്തിൽ തുടക്കത്തിൽ പ്രതിഷേധം സജീവമാക്കിയത് ബിജെപിയിലെ മുരളീധര പക്ഷമായിരുന്നു. കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേദങ്ങളാണ് യുവതി പ്രവേശനത്തെ പുതിയ തലത്തിലെത്തിച്ചത്. മുരളീധരനും സന്നിധാനത്ത് എത്തി യുവതി പ്രവേശനത്തെ എതിർത്തിരുന്നു. ഇതിൽ നിന്നുള്ള നിലപാട് മാറ്റാണ് ഇപ്പോൾ സംഭവിച്ചതെന്നാണ് വിലയിരുത്തൽയ

ഒരു വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ ഒരു സ്ത്രീ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ യാതൊരുവിധ പ്രശ്‌നവുമില്ല. അങ്ങനെയാണെങ്കിൽ അവർക്ക് സംരക്ഷണം നൽകേണ്ടത് സ്റ്റേറ്റിന്റെയും പൊലീസിന്റെയും ഉത്തരവാധിത്വമാണത്. അങ്ങനെയെങ്കിൽ സുപ്രീം കോടതി വിധി അനുസരിക്കുക എന്നുള്ളത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ് -വി മുരളീധരൻ ചർച്ചയിൽ പറയുന്നു. എന്നാൽ ഈ വിവാദത്തോടെ ഇതുവരെ മുരളീധരൻ വ്യക്തമായി പ്രതികരിച്ചിട്ടില്ല. ചർച്ചയിൽ നിന്ന് അടർത്തിയെടുത്ത ഭാഗങ്ങളുപയോഗിച്ച് വിവാദമുണ്ടാക്കുന്നുവെന്നാണ് മുരളീധരനോട് അടുപ്പമുള്ളവർ മറുനാടനോട് പ്രതികരിച്ചത്. ഇക്കാര്യത്തിൽ മുരളീധരൻ വ്യക്തത വരുത്തുമെന്നും പറയുന്നു.

ശബരിമലയിൽ കനകദുർഗയും ബിന്ദുവുമെത്തിയതിനെ മുരളീധരൻ അനുകൂലിക്കുന്നില്ല. ഇവർ വിശ്വാസികൾ അല്ലെന്നും പറയുന്നു. അത് രാഷ്ട്രീയമായ ഗൂഢാലോചനയാണെന്നും ഇദ്ദേഹം പറയുന്നു. കേരളത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കും എന്ന കേരള സർക്കാർ നയത്തിനെതിരെ ശക്തമായ സമയം കേരള ബിജെപി നയിക്കുമ്പോഴാണ് പാർട്ടിയിലെ മുതിർന്ന നേതാവ് ദേശീയ ചാനലിൽ ഈ പ്രസ്താവന നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇതേ സമയം തന്നെ ശബരിമലയിൽ സുപ്രീംകോടതി വിധി വന്ന് ആദ്യമായി മാസപൂജയ്ക്ക് നട തുറന്നപ്പോൾ ആന്ധ്രഭക്ത സംഘത്തോടൊപ്പം എത്തിയ മാധവി അടക്കമുള്ളവരെ എന്തിന് തടഞ്ഞു എന്ന ചോദ്യവും ഉയരുന്നുണ്ട്.

ശബരിമലയിൽ യുവതികൾ കയറിയതിനെ തുടർന്ന് സംസ്ഥാനത്താകെ ബിജെപിയും ആർഎസ്എസും അക്രമങ്ങൾ നടത്തിയ സാഹചര്യത്തിൽ ദേശീയ മാധ്യമമായ 'സിഎൻഎൻ ന്യൂസ് 18ന്റെ പ്രൈം ടൈം' എന്ന ചർച്ചാ പരിപാടിയിലാണ് വി മുരളീധരൻ പുതിയ നിലപാട് സ്വീകരിച്ചത്. ഒരു വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ ഒരു സ്ത്രീ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ യാതൊരുവിധ പ്രശ്‌നവുമില്ല. അങ്ങനെയാണെങ്കിൽ അവർക്ക് സംരക്ഷണം നൽകേണ്ടത് സ്റ്റേറ്റിന്റെയും പൊലീസിന്റെയും ഉത്തരവാദിത്വമാണ്. സുപ്രീം കോടതി വിധി അനുസരിക്കുക എന്നുള്ളത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് മുരളീധരൻ വിശദീകരിച്ചു.കേരളത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സർക്കാരിനെതിരെ ബിജെപി സമരം നയച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദേശീയ മാധ്യമത്തിലെത്തിയപ്പോൾ ബിജെപി നേതാവ് നിലപാട് മാറ്റിയത്.

ഇപ്പോൾ യുവതികൾ കയറിയത് രാഷ്ട്രീയമായ ഗൂഢാലോചനയാണെന്നും മുരളീധരൻ ആരോപിച്ചു. നേരത്തെ ശബരിമലയിൽ യുവതികളെ ആസൂത്രിതമായി കയറ്റിയതിനു പിന്നിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) അന്വേഷിണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് മുരളീധരന് നിവേദനം നൽകിയിരുന്നു. ഇതിന് ശേഷമാണ് ചാനൽ ചർച്ച വിവാദങ്ങൾക്ക് സാഹചര്യമൊരുക്കിയത്. ഏതായാലും കേരളത്തിലെ മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുത്തതോടെ സംഘപരിവാറും ഗൗരവത്തോടെ മുരളീധരന്റെ വാക്കുകളെ കണ്ടിട്ടുണ്ട്.

അതുകൊണ്ട് തന്നെ പരസ്യ നിലപാട് പ്രഖ്യാപനം മുരളീധരൻ ഈ വിഷയത്തിൽ നടത്തുമെന്നാണ് സൂചന. ഏതായാലും നിലവിലുള്ള ചർച്ചകളിൽ ആർഎസ്എസ് കടുത്ത അതൃപ്തിയിലാണ്. ഇത്തരത്തിലുള്ള പ്രസ്താവനകൾ പ്രതിഷേധിക്കുന്ന വിശ്വാസികളുടെ ആത്മവിശ്വാസം തകർക്കുമെന്നാണ് സൂചന.