കോട്ടയം: സംസ്ഥാനത്ത് ഇന്ന് ലോക റെക്കോർഡ് സൃഷ്ടിക്കാൻ പോന്ന നവോത്ഥാന വനിതാ മതിൽ കേരളത്തിൽ ഉയരുകയാണ്. സ്ത്രീശാക്തീകരണവും സ്വാതന്ത്ര്യവുമൊക്കെയാണ് മതിലിന്റെ മുദ്രാവാക്യമെങ്കിലും പ്രവൃത്തിൽ ഉത്തരേന്ത്യൻ സംഘപരിവാറുകാരെ പോലും നാണിപ്പിക്കുകയാണ് ഇവിടുത്തെ പുരോഗമനക്കാർ. സിപിഎമ്മിന്റെ യുവജന സംഘടന തീർത്ത ഭീഷണിയുടെ മതിൽ ഭയന്ന് പള്ളിയിൽ അഭയം തേടിയിരിക്കയാണ് പെൺകുട്ടികളും കുഞ്ഞുങ്ങളും അടങ്ങുന്ന 25 പേർ. ഡിവൈഎഫഐ ഭീഷണി ഭയന്ന് സ്‌കൂളിൽ പോലും പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ അടക്കമുള്ളവർ. വീടുകളിലേക്ക് മടങ്ങിയാൽ ഭീഷണിയുണ്ടാകുമെന്ന് ഭയന്നാണ് താമസവും പഠനവും ഇവർ പള്ളിയിൽ തന്നെയാക്കിയത്.

ക്രിസ്മസ് കാരളുമായി പോകുമ്പോൾ ഡിവൈഎഫ്‌ഐ സംഘത്തിന്റെ ആക്രമണത്തിന് ഇരകളായ ആറു കുടുംബങ്ങളിലെ 25 പേരാണ് കഴിഞ്ഞ ഒൻപതു ദിവസമായി കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ അഭയം തേടിയത്. ഈ പുതുവൽസരത്തിലും അവർക്കു സ്വന്തം വീടുകളിലേക്കു മടങ്ങാൻ പേടിയാണ്. സിപിഎം പിന്തുണയോടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രഖ്യാപിച്ച ഊരുവിലക്കിലാണ് ഈ കുടുംബങ്ങൾ.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാരൾ സംഘത്തിനു നേരെ 23ന് രാത്രിയാണ് ആക്രമണമുണ്ടായത്. ബിടെക് വിദ്യാർത്ഥിനിയായ യമിയയ്ക്ക് കല്ലേറിൽ കണ്ണിനുതാഴെ പരുക്കേറ്റു. കാരൾ സംഘം രക്ഷപ്പെടാനായി കയറിയ പള്ളിക്കു നേരെയും ആക്രമണമുണ്ടായി. 7 യുവാക്കൾ അറസ്റ്റിലായെങ്കിലും എല്ലാവരും ജാമ്യം കിട്ടി പുറത്തിറങ്ങി. ഇതോടെ ഭീഷണി കൂടിയെന്ന് പള്ളിയിൽ താമസിക്കുന്നവർ പറയുന്നു. പള്ളിയുടെ പുറത്തിറങ്ങിയാൽ റോഡിൽ വച്ചു ഭീഷണിപ്പെടുത്തുന്നു. പള്ളിയിലേക്കു വരുന്ന ഓരോ വാഹനങ്ങളും നിരീക്ഷിക്കുന്നുണ്ട്. പരുക്കേറ്റവരെ പള്ളിയിൽ സന്ദർശിക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വരെ സിപിഎം പ്രവർത്തകർ തടഞ്ഞു നിർത്തി.

പള്ളിയിൽ കഴിയുന്നവരുടെ സുരക്ഷയ്ക്കായി രണ്ടു പൊലീസുകാർ കാവലുണ്ട്. ആക്രമിച്ചത് 12 പേരുള്ള സംഘമാണെന്നും 5 പേരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആംഗ്‌ളിക്കൻ പള്ളി സെക്രട്ടറി ജോൺസൺ പറയുന്നു. വീടാക്രമണത്തിനു മാത്രമാണു പൊലീസ് കേസെടുത്തത്. സ്ത്രീകളെ ആക്രമിച്ചതിനും പള്ളി തകർത്തതിനും കേസെടുക്കണമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നൽകിയെങ്കിലും ഇതുവരെ പൊലീസ് ആരുടെയും മൊഴി പോലും എടുത്തില്ലെന്നും ജോൺസൺ പറയുന്നു.

ഒറ്റപ്പെട്ട കുന്നിനു മുകളിലാണ് പള്ളി. ഇവിടേക്ക് ഒറ്റയടിപ്പാത മാത്രമേയുള്ളൂ. അതടച്ചാൽ പിന്നെ പള്ളിയിൽ കഴിയുന്നവർക്ക് പുറത്തിറങ്ങാനും വഴിയില്ല. അതേസമയം പൊലീസ് ഇവർക്കു സുരക്ഷ നൽകുന്നുണ്ടെന്നും അക്രമം ഉണ്ടാകാതിരിക്കാൻ നടപടി എടുത്തുവെന്നും ചങ്ങനാശേരി ഡിവൈഎസ്‌പി എസ്. സുരേഷ് കുമാർ പറയുന്നു. അതേസമയം പള്ളിയിൽ അഭയം തേടിയിരിക്കുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും അവർക്ക് വീടുകളിലേക്ക് മടങ്ങാൻ സാഹചര്യം ഒരുക്കണമെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷൻ കേരളത്തിലെ ചീഫ് സെക്രട്ടറിക്കും ഡി ജി പിക്കും കോട്ടയം ജില്ലാ കലക്ടർക്കും എസ് പിക്കും നിർദ്ദേശം നൽകി. കാരൾ ഗാനാലാപനത്തിനിടയിൽ ഇവരെ ആക്രമിച്ച സിപിഎം , ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. എന്തു നടപടി സ്വീകരിച്ചു എന്ന് ഏഴു ദിവസത്തിനകം കമ്മിഷന് മറുപടി നൽകാനും നിർദ്ദേശിച്ചു.

പടിക്കപ്പറമ്പിൽ പി ജെ. പൗലോസ്, സെന്റ്‌പോൾസ് പള്ളി സെക്രട്ടറി ജോൺസൺ എന്നിവർ അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യന്റെ നടപടി. സിപിഎം പ്രവർത്തകർ കാരൾ സംഘത്തിലെ വനിതകളോടും കുട്ടികളോടും അപമര്യാദയായി പെരുമാറിയെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. പാത്താമുട്ടത്ത് കരോൾ സംഘത്തെ മദ്യപസംഘം ആക്രമിച്ച സംഭവത്തിൽ ഏഴുപേർക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തിരുന്നു. ഇവരെ ജാമ്യത്തിലെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. സംഘത്തിന്റെ കല്ലേറിൽ പരിക്കേറ്റ ലിൻസി, ആശ, ബോവാസ് എന്നിവർ ജില്ല ആശുപത്രിയിൽ ചികിത്സതേടി. ആക്രമണത്തിൽ വീടുകളുടെ ജനൽചില്ലുകളും പള്ളിയിലെ ഉപകരണങ്ങളും നശിച്ചിരുന്നു.

പാത്താമുട്ടം പള്ളിയിൽ നടന്നത് അധികാരത്തിന്റെ ധാർഷ്ട്യമെന്ന് ഇരയാക്കപ്പെട്ടവരെ സന്ദർശിച്ച കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ജനുവരി നാലിന് എസ്‌പി ഓഫീസിലേക്ക് യുഡിഎഫിന്റെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് നടത്തും. സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും സന്ദർശനം നടത്തി.

ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഭയന്ന് പാത്താമുട്ടം സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ കഴിയുന്നവരെ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും സന്ദർശിച്ചു. ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണം ഭയന്ന് ആറോളം കുടുംബങ്ങളാണ് പള്ളിയിൽ കഴിയുന്നത്. ഇവിടെ സംഭവിച്ചത് അധികാരത്തിന്റെ ധാർഷ്ട്യമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

ഡിവൈഎഫ്ഐ ഭീഷണിയെ തുടർന്ന് എട്ട് ദിവസമായി കോട്ടയം പാത്താമുട്ടം സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ നിന്ന് പുറത്തിറങ്ങാനാവാത്ത അഞ്ച് കുടുംബങ്ങൾക്ക് കേരള സർക്കാർ സുരക്ഷയൊരുക്കി സംരക്ഷണം നൽകണമെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും ആവശ്യപ്പെട്ടു. ഡിസംബർ 23ന് കരോളിനിടെ അക്രമമുണ്ടായതിനെ തുടർന്ന് പള്ളിയിൽ അഭയം തേടിയവരാണ് ഈ അഞ്ച് കുടുംബങ്ങളെന്നും കരോളിനിടെ ഒരു കൂട്ടം ഡിവൈഎഫ്ഐ പ്രവർത്തകരാണ് പെൺകുട്ടികൾ ഉൾപ്പെടുന്ന സംഘത്തിന് നേരെ അതിക്രമങ്ങൾ നടത്തിയതെന്നും അദ്ദേഹം പത്രകുറിപ്പിലൂടെ പറഞ്ഞു.

ശാരീരികമായും ലൈംഗികമായും അതിക്രമമുണ്ടായെന്ന് ആരോപണമുണ്ടെന്നും ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങിയ അവർ ഭീഷണി മുഴക്കുകയാണെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു. 'ഭീഷണികൾ നിലനിൽക്കുന്നതിനാൽ എട്ട് ദിവസമായിട്ടും ഇവർക്ക് പള്ളിയിൽ നിന്ന് പുറത്തിറങ്ങാനായിട്ടില്ല. ക്രിസ്മസ് അവധി കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമ്പോൾ സ്‌കൂളിലോ കോളേജിലോ പോകാൻ കഴിയാതെ പന്ത്രണ്ട് വിദ്യാർത്ഥികളും കൂടിയാണ് പള്ളിയിൽ അകപ്പെട്ടിരിക്കുന്നത്. മൂന്നര വയസ്സുള്ള കുഞ്ഞുൾപ്പെടെ സ്ത്രീകളും ഈ സംഘത്തിലുണ്ട്' അദ്ദേഹം പറഞ്ഞു.

പൊലീസ് നിഷ്‌ക്രിയത്വമാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്നും അദ്ദേഹം ആരോപിച്ചു. 'വടക്കേ ഇന്ത്യയിലേക്ക് ഭൂതക്കണ്ണാടി വച്ചിരിക്കുന്നവർ കേരളത്തിൽ ഭരിക്കുന്ന പാർട്ടി നടത്തുന്ന ന്യൂനപക്ഷ ധ്വംസനം കണ്ടില്ലെന്നു നടിക്കുകയാണ്. ഉടൻ തന്നെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപ്പെട്ടു പള്ളിയിൽ അകപ്പെട്ടിരിക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സംരക്ഷണം നൽകണം.' കണ്ണന്താനം ആവശ്യപ്പെട്ടു. ഇപ്പോഴും ഭീഷണി മുഴുക്കുന്ന ഡിവൈഎഫ്ഐകാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു വേണ്ട നടപടികൾ എടുക്കണമെന്നും കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ആവശ്യപ്പെട്ടു.