കോട്ടയം: മനിതി സംഘടനയെ കേരളത്തിൽ കാലുകുത്താൻ പോലും അനുവദിക്കില്ലെന്നായിരുന്നു സംഘപരിവാറിന്റെ പ്രഖ്യാപനം. അത് അവർ നടപ്പിലാക്കുകയും ചെയ്തു. അപ്പോഴും മനിതികളെ പമ്പയിലെത്തിച്ചത് പൊലീസ് ബുദ്ധിയായിരുന്നു. കോട്ടയം എസ് പി ഹരിശങ്കറിന്റെ നേതൃത്വത്തിലെ ഓപ്പറേഷൻ. ഇതിന്റെ പരാജയത്തിന് ശേഷവും സുപ്രീംകോടതി വിധി നടപ്പാക്കാൻ കോട്ടയം എസ്‌പി തന്ത്രപരമായി തന്നെ കരുക്കൾ നീക്കി. മനിതികൾ മടങ്ങിയതിന് പിന്നാലെ കനകദുർഗയും ബിന്ദുവുമെത്തി. ഇവരും തിരിച്ചു പോയി. അപ്പോഴും ഇവരുടെ ഉള്ളിലെ സ്പാർക് കേരളാ പൊലീസ് തിരിച്ചറിഞ്ഞു. അങ്ങനെ അവരിലൂടെ സുപ്രീംകോടതി വിധി നടപ്പാക്കിയെന്ന് വരുത്താൻ പൊലീസ് തീരുമാനിച്ചു. ഉന്നതരുടെ തീരുമാനം നടപ്പാക്കാനുള്ള ഉത്തരവാദിത്തം വീണ്ടുമെത്തിയതും ഹരിശങ്കറിലായിരുന്നു. അത് അദ്ദേഹം നടപ്പാക്കുകയും ചെയ്തു.

മനിതികളെ എത്തിച്ചതിൽ പൊലീസിന് ചില പിഴവുകൾ വന്നു. മനിതികൾ എന്ന് ശബരിമലയിൽ എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതുകാരണം പരിവാറുകാർക്ക് സംഘം ചേരാൻ അവസരം അവസരം കിട്ടി. ഇത് തിരിച്ചറിഞ്ഞായിരുന്നു 2019ലെ ഓപ്പറേഷൻ. ദർശനത്തിനെത്തി പ്രതിഷേധത്തെ തുടർന്ന് മടങ്ങിയ കനകദുർഗയും ബിന്ദുവും പൊലീസ് സംരക്ഷണയിലായിരുന്നു. അവർ എവിടെയുണ്ടെന്ന് പോലും ആരും അറിഞ്ഞില്ല. ബിന്ദുവിനെ എസ് പി ഹരിശങ്കർ തടഞ്ഞുവച്ചിരിക്കുന്നുവെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. തനിക്ക് ആരോഗ്യ പ്രശ്‌നമുണ്ടെന്നും അതിനാൽ കൂട്ടുകാരിക്കൊപ്പമുണ്ടെന്നും പറഞ്ഞ് ബിന്ദു ഫെയ്‌സ് ബുക്കിൽ ലൈവെത്തി. ഇതോടെ വനിതാ മതിലിന്റെ ചർച്ചകളിലേക്ക് കാര്യങ്ങളെത്തി. അപ്പോഴും കൃത്യമായ സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു കേരളാ പൊലീസ്.

പൊലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ബിന്ദുവും കനകദുർഗയും അതീവ രഹസ്യമായി പമ്പയിലെത്തി. നിലയ്ക്കലിലെ പൊലീസ് പോലും ഇത് അറിഞ്ഞില്ല. പമ്പയിലും എല്ലാം അതീവരഹസ്യമായി. മലകയറി ദർശനം കഴിഞ്ഞു മടങ്ങും വരെ എല്ലാം അതീവ രഹസ്യം. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് എബ്രഹാമും മാത്രമാണ് എല്ലാം അറിഞ്ഞത്. എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയിട്ടും തിരുവനന്തപുരം റേഞ്ച് ഐജിയുടെ ചുമതല മനോജ് എബ്രഹാമിൽ നിലനിർത്തിയത് ഇതിന് വേണ്ടി കൂടിയാണ്. അങ്ങനെ സന്നിധാനത്തുള്ള പൊലീസുകാർ ആരും അറിയാതെ യുവതികളെ മലകയറ്റി. പൊലീസിലെ 95 ശതമാനവും വിശ്വാസികളാണെന്നും അവർ സ്ത്രീകളെ തടയുമെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുകൊണ്ടാണ് പൊലീസിൽ നിന്നും എല്ലാം രഹസ്യമാക്കിയത്.

ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിന്റെ മകനാണ് കോട്ടയം എസ് പി ഹരിശങ്കർ. മയക്കുമരുന്ന് മാഫിയയെ കൊച്ചിയിൽ തളച്ച ഉദ്യോഗസ്ഥൻ. പല കേസുകളിലും ഉറച്ച നിലപാട് എടുത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചതും ഹരിശങ്കറിന്റെ നീക്കങ്ങളാണ്. എസ് എൻ ഡി പിയുടെ മുൻ നേതാവും ബിൽഡറുമായ കിളിമാനൂർ ചന്ദ്രബാബുവിന്റെ മരുമകനുമാണ് ഹരിശങ്കർ. ശ്രീധന്യ കൺസ്ട്രക്ഷൻ ഉടമയാണ് വെള്ളാപ്പള്ളിയുമായി ഇടഞ്ഞു നിൽക്കുന്ന കിളിമാനൂർ ചന്ദ്രബാബു. മുഖ്യമന്ത്രിയുമായി അടുപ്പം ഏറെയുള്ള കുടുംബ ബന്ധങ്ങളാണ് ഹരിശങ്കറിന്റെ കരുത്ത്. അതുകൊണ്ട് തന്നെ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് ശബരിമല വിഷയത്തിൽ തീരുമാനം എടുക്കാൻ കഴിഞ്ഞു. ഇത് മനസ്സിലാക്കിയാണ് പിണറായിയും ശബരിമലയിൽ ഹരിശങ്കറിനെ വിശ്വസ്തനാക്കിയത്. അത് ഫലം കാണുകയും ചെയ്തു. ഇരു ചെവി അറിയാതെ എല്ലാം ശുഭമാക്കി. ഇതിന് പിന്നിൽ ശങ്കരദാസിന്റെ ഇടപെടലുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ പോലും സംശയിക്കുന്നു.

കനകദുർഗയേയും ബിന്ദുവിനേയും രഹസ്യതാവളത്തിൽ നിർത്തിയത് കേരളാ പൊലീസാണ്. മഫതിയിൽ വിടേണ്ട അതി വിശ്വസ്തരെ കമ്‌ടെത്തിയതും പൊലീസായിരുന്നു. മനിതി സംഘത്തെ കൊണ്ടുവന്നപ്പോൾ ഉണ്ടായ പിഴവെല്ലാം മറികടന്നു. ചെന്നൈയിൽ നിന്ന് ട്രെയിനിൽ കോട്ടയത്ത് എത്തുമെന്നായിരുന്നു മനിതിയുടെ നേതാവ് സെൽവിയുടെ പ്രഖ്യാപനം. ഇതോടെ പാലക്കാട് മുതൽ റെയിൽവേ സ്റ്റേഷനുകളിൽ അയ്യപ്പ കർമ്മസമിതിക്കാർ നിരീക്ഷകരായി. കോട്ടയം റെയിൽവേ സ്റ്റേഷൻ ഉപരോധത്തിന് ആയിരങ്ങളെ തയ്യാറാക്കി. ഇതോടെ മനിതിക്ക് കേരളത്തിൽ പോലും എത്താനാകുമോ എന്ന ആശങ്ക സജീവമായി. ഇതോടെയാണ് മനിതിയെ പമ്പയിൽ എത്തിക്കാനുള്ള ദൗത്യം യുവ ഐപിഎസുകാരനായ ഹരിശങ്കറിനെ ഏൽപ്പിക്കുന്നത്.

കോട്ടയം എസ്‌പി ഏവരേയും ഞെട്ടിക്കുന്ന തരത്തിൽ തന്ത്രങ്ങളൊരുക്കിയപ്പോൾ പരിവാറുകാർക്ക് മനിതിയെ തൊടാൻ പോലുമായില്ല. വലിയ പ്രതിഷേധമൊന്നുമില്ലാതെ പമ്പ വരെ മനിതിയുടെ പ്രവർത്തകരെ എത്തിച്ചത് ഹരിശങ്കറായിരുന്നു. ഇത് സർക്കാരിന്റെ കണ്ണിലും പെട്ടു. ഇതോടെയാണ് ശബരിമലയിലെ പ്ലാൻ ബിയുടെ ചുമതലയും ഹരിശങ്കറിനെ ഏൽപ്പിച്ചത്.

പൊലീസ് നടപ്പാക്കിയത് പ്ലാൻ ബി

ആരേയും അറിയിക്കാതെ യുവതികളെ എത്തിക്കാനായിരുന്നു പ്ലാൻ ബി. ഇരുമുടി കെട്ടില്ലാതെ യുവതികളുടെ മുഖം മറച്ച് അതിവിശ്വസ്തരായ പൊലീസുകാർക്കൊപ്പം മലചവിട്ടിച്ചു. എല്ലാ വഴികളിലും മഫ്തിയിൽ പൊലീസുണ്ടായിരുന്നു. യൂണിപോമിട്ട പൊലീസുകാർ പോലും ഇതൊന്നും അറിഞ്ഞില്ല. ആരും യുവതികളെ ചോദ്യം ചെയ്തതുമില്ല. ട്രാൻസ് ജെൻഡേഴ്‌സ് എന്ന് പൊലീസിൽ ചിലരോട് യുവതികൾ പറഞ്ഞതായും സൂചനയുണ്ട്. ട്രാൻസ് ജെൻഡേഴ്‌സിന് ദർശനം അനുവദനീയമാണെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചതായും സൂചനയുണ്ട് .അങ്ങനെ ആരുടേയും കണ്ണിൽപ്പെടാതെ യുവതികൾ സന്നിധാനത്ത് എത്തി. ഇരുമുടി ഇല്ലാത്തതുകൊണ്ട് തന്നെ വിഐപി വഴയിലൂടെ യുവതികളെ കയറ്റി. അപ്പോൾ മാത്രമാണ് സന്നിധാനത്തെ പ്രധാന പൊലീസുകാർ പോലും എല്ലാം അറിഞ്ഞത്. മിനിറ്റുകൾ കൊണ്ട് ദർശനം പൂർത്തിയാക്കി യുവതികൾ പമ്പയിലെത്തി. അവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറി. അതിന് ശേഷമാണ് വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവച്ചത്. ഇങ്ങനെ അതീവ രഹസ്യമാക്കി പ്ലാൻ ബി ഹരിശങ്കർ വിജയത്തിലെത്തിച്ചു.

യുവതിക്കൊപ്പം പൊലീസിനെ കൂടാതെ മറ്റ് ചിലരും ഉണ്ടായിരുന്നു. പൊലീസും യുവതികളും എല്ലാം കറുപ്പ് വേഷത്തിലായിരുന്നു. അതിലൂടെ ഭക്തരുടെ സംഘമെന്ന പ്രതീതി സൃഷ്ടിക്കാനും കഴിഞ്ഞു. യുവതികൾ പൊലീസിന്റെ സംരക്ഷണയിലാണ് ഇപ്പോഴുമുള്ളത്. മണ്ഡല മകരവിളക്ക് കാലത്ത് തുടക്കത്തിൽ പമ്പയുടെ ചുമതല ഹരിശങ്കറിനായിരുന്നു. പമ്പയിൽ പ്രതിഷേധക്കാർ തമ്പടിക്കാതെ നോക്കിയതും കാര്യങ്ങളെല്ലാം വെടുപ്പിലാക്കിയതും ഹരിശങ്കറായിരുന്നു. ഈ മികവ് തിരിച്ചറിഞ്ഞാണ് മനിതിയെ പമ്പയിലെത്തിക്കാനുള്ള ദൗത്യം ഹരിശങ്കറിനെ പൊലീസിലെ ഉന്നതർ ഏൽപ്പിച്ചത്. ഇതോടെ തന്നെ ഹരിശങ്കർ കരുതലോടെ നീങ്ങി. മനിതിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കി. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ചെന്നൈയിലേക്ക് അയക്കുകയാണ് ചെയ്തത്. ഇവരേയും കേരളത്തിലേക്കുള്ള മനിതിയാത്രക്കാരുടെ സംഘത്തിലെ അംഗങ്ങളാക്കി. ഇവരിലൂടെ ഈ സംഘത്തിന്റെ ഓരോ ചലനവും കേരളാ പൊലീസ് തിരിച്ചറിഞ്ഞു. ഈ സംഘത്തിന് തമിഴ്‌നാട് പൊലീസിന്റെ പൂർണ്ണ സുരക്ഷ ഒരുക്കിയതും ഉദ്യോഗസ്ഥരെ ചെന്നൈയിലെത്തിച്ച ഹരിശങ്കറിന്റെ ബുദ്ധിയാണ്. ഇതിനൊപ്പം യുവതികൾ കോട്ടയത്ത് ട്രെയിനിലൂടെ തന്നെ എത്തുമെന്ന പ്രചരണവും പൊലീസ് നടത്തി. ഇതോടെ പരിവാറുകാരുടെ ശ്രദ്ധ തീവണ്ടികളിലായി.

ചെന്നൈയിൽ നിന്ന് യാത്ര തുടങ്ങാതെ മധുരയിൽ നിന്ന് സെൽവിയുമായി യാത്ര തുടങ്ങി. അതും സ്വകാര്യ ടെമ്പോ ട്രാവലറിൽ. ഇക്കാര്യം ഹിന്ദു മുന്നണിക്കാർ അറിഞ്ഞെന്ന് മനസ്സിലായപ്പോൾ പൊലീസ് സുരക്ഷ കർശനമാക്കി. ഈ വാഹനം മധുരയിൽ നിന്ന് നാഗർ കോവിൽ വഴി തിരുവനന്തപുരത്ത് എത്തുമെന്ന് പ്രചരിപ്പിച്ചു. പിന്നീട് ആര്യങ്കാവ് ചെക് പോസ്റ്റ് വഴിയാകുമെന്ന സൂചനകൾ പുറത്തു വിട്ടു. ഇതിന് ശേഷം കമ്പത്തെ കഥ വന്നു. ഈ ഘട്ടത്തിലൊന്നും കേരളാ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ മനിതിക്കൊപ്പമുണ്ടെന്ന് ആരും അറിഞ്ഞില്ല. ടെമ്പോ ട്രാവലറിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലൂടെ യാത്രാ വഴിയും ഹരിശങ്കർ നിശ്ചയിച്ചു. പ്രതിഷേധക്കാർ വലിയ തോതിൽ തമ്പടിച്ചിടത്തൊന്നും വണ്ടി എത്തിയില്ല. കോട്ടയവും എരുമേലിയും ഒഴിവാക്കി വണ്ടിയെ അർദ്ധരാത്രി പമ്പയിലെത്തിച്ചു.

കോട്ടയത്ത് എത്തി മറ്റ് കേരളത്തിൽ നിന്നുള്ള സുഹൃത്തുക്കളുമായി പമ്പയിലെത്താനാണ് സെൽവി ആഗ്രഹിച്ചത്. അതിന് ശ്രമിച്ചാൽ നിലയ്ക്കലിൽ പോലും എത്താനാകില്ലെന്ന് യുവതികളെ മനസിലാക്കിപ്പിച്ചതും ഹരിശങ്കറിന്റെ ഇടപെടലാണ്. അതുകൊണ്ട് മാത്രമാണ് യുവതികൾ പമ്പയിൽ എങ്കിലും എത്തിയത്. അതീവ രഹസ്യമായി യാത്രാ വഴി പോലും സൂക്ഷിച്ചു. സന്നിധാനത്തേയും പമ്പയിലേയും നിലയ്ക്കലിലേയും പൊലീസ് ഉദ്യോഗസ്ഥർ പോലും ഒന്നും അറിഞ്ഞില്ല. വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരാതിരിക്കാനായിരുന്നു ഈ കരുതൽ. ഇതും വിജയം കണ്ടു. യാത്രാവഴി ചോരാത്തത് അതുകൊണ്ട് മാത്രമാണ്. എന്നാൽ പമ്പയിലെത്തിയപ്പോൾ കാര്യങ്ങൾ കൈവിട്ടു. ഇത് മനസ്സിലാക്കിയാണ് പമ്പയിലും സന്നിധാനത്തും പ്ലാൻ ബി ഇത്തവണ ഹരിശങ്കർ നടപ്പാക്കിയത്.