അങ്കമാലി: ശബരിമലയിൽ ദർശനം നടത്തിയ അഡ്വ.ബിന്ദുവും കനക ദുർഗ്ഗയും എവിടെ എന്ന കാര്യത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇപ്പോഴും അവ്യക്തത. പൊലീസിനു മാത്രമേ ഇക്കാര്യത്തിൽ വ്യക്തയുള്ളൂ. കണ്ണൂരിലെ സുരക്ഷിത കേന്ദ്രത്തിൽ ഇവരുണ്ടെന്നാണ് സൂചന. അതിനിടെ കറുകുറ്റിയിൽ നിന്നും ഇവർക്കൊപ്പം ടാക്സി കാറിൽ യാത്രയായ കിടങ്ങൂർ നെടുംതള്ളിൽ ജോൺസൺ ഇന്നലെ രാത്രി 8.30 -തോടെ വീട്ടിൽ തിരിച്ചെത്തി. ഇയാളുടെ വീട് ഇപ്പോൾ പൊലീസ് സംരക്ഷണത്തിലാണ്.

ശബരിമലയിൽ നിന്നുള്ള മടക്കയാത്രയിൽ ബിന്ദുവും കനകദുർഗയും തങ്ങിയത് അങ്കമാലി നോർത്ത് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപമുള്ള ജോൺസണിന്റെ വീട്ടിലായിരുന്നു ബിന്ദുവിന്റെ സുഹൃത്തായ ജോൺസന്റെ വീട്ടിൽ രാവിലെ 10 മണിയോടെയാണ് ഇരുവരും എത്തിയത്. കാലടിയിൽ നിന്ന് ഉൾവഴികളിലൂടെ സഞ്ചരിച്ചാണ് അവിടെയെത്തിയത്. യുവതികളെ വീട്ടിലാക്കിയ ശേഷം ഇവർക്കൊപ്പമുണ്ടായിരുന്ന സഹായികൾ മടങ്ങി. യുവതികൾ എത്തുന്നതിനു മുൻപ് 9 മണിയോടെ പൊലീസ് വീടിന്റെ പരിസരത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പിൽ നിന്നു വിരമിച്ച ആളാണ് ജോൺസൺ.

ബിന്ദുവും കനകദുർഗയും എവിടെയുണ്ടെന്ന് ജോൺസണും വെളിപ്പെടുത്തുന്നില്ല. ഇരുവരെയും സുഹൃത്തിന്റെ അടുത്തെത്തിച്ചെന്നും ഇവിടെ നിന്നും സുരക്ഷിത താവളംകണ്ടെത്തി മറുമെന്നാണ് ഇരുവരും തന്നെ അറിയിച്ചിട്ടുള്ളതെന്നും ജോൺസൺ മറുനാടനോട് വ്യക്തമാക്കി. ബിന്ദുവുമായി മുൻ പരിചയമുണ്ടായിരുന്നു. ശബരിമലയിൽ കയറുന്നതിനുള്ള ഇവരുടെ യാത്രയുടെ രണ്ടാം ഘട്ടം മുതലുള്ള കാര്യങ്ങൾ എല്ലാം അറിഞ്ഞിരുന്നു. കൂടിയാലോചനകളും നടന്നിരുന്നു. സ്ത്രീകൾ ശബരിമലയിൽ കയറരുതെന്ന ഒരു വിഭാഗത്തിന്റെ അജണ്ടയോട് മനസ്സിലുണ്ടായിരുന്ന വിദ്വേഷവും ഇവരുടെ നീക്കത്തിന് പിൻതുണ നൽകാൻ കാരണമായെന്നും ജോൺസൺ പറയുന്നു.

കോട്ടയത്തു നിന്നാണ് ബിന്ദുവും കനക ദുർഗ്ഗയും സന്നിധാനത്തേയ്ക്ക് യാത്ര പുറപ്പെട്ടത്. യാത്രയുടെ ആരംഭം മുതൽ പൊലീസ് എല്ലാവിധ സഹായവും ചെയ്തിരുന്നെന്നാണ് ഇരുവരും പറഞ്ഞത്. മലയിറങ്ങിയ ശേഷവും ബിന്ദു വിളിച്ചിരുന്നു. സ്വകാര്യവാഹനത്തിലാണ് വീട്ടിലെത്തിയത്. രണ്ടര മണിക്കൂറോളം വീട്ടിലുണ്ടായിരുന്നു. പത്രസമ്മേളനം നടത്തി യാത്രയുടെ വിശാദാംശങ്ങൾ വെളിപ്പെടുത്താനും വീഡിയോകളും ചിത്രങ്ങളുമൊക്കെ നൽകാനും അവർ പദ്ധതിയിട്ടിരുന്നു. എന്നാൽ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് നിരുത്സാഹപ്പെടുത്തി. തുടർന്നാണ് സുഹൃത്തിന്റെ അടുത്തേയ്ക്ക് ഇവരെ എത്തിക്കാൻ തീരുമാനിച്ചത്.

യൂത്ത് ഡയലോഗ് എന്ന് സംഘടന രൂപീകരിച്ചിരുന്നു താനെന്നും ജോൺസൺ പറയുന്നു. ഇതിന്റെ പ്രവർത്തനം ഇപ്പോൾ കാര്യമായി നടക്കുന്നില്ല. പല ഭാഗത്തായി പ്രവർത്തകരുണ്ട്. ചുംബന സമരത്തെ അനുകൂലിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. നക്സൽ-മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുമായി യാതൊരുബന്ധവുമില്ല. ആക്ടിവിസ്റ്റുകളുടെ നിലപാടിനോട് ഇപ്പോൾ എതിർപ്പാണ്. സംഘ്പരിവാർ ശക്തികൾ ഇത്രമാത്രം അഴിഞ്ഞാടിയിട്ടും എതിർക്കാൻ ഇവരിൽ ചുരുക്കം ചിലർ മാത്രമാണ് മുന്നോട്ടുവന്നത്. ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും സഹായം ചെയ്തതിന്റെ പേരിൽ ബിജെപി പ്രവർത്തകർ വീടിന് മുന്നിലെത്തി പ്രതിഷേധിച്ചു.ഇപ്പോൾ വീടിന് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.ജോൺസൺ പറഞ്ഞു.

തീവ്ര ഇടതുപക്ഷ നിലപാടുകാരനും പരിസ്ഥിതി പ്രവർത്തകനും എന്ന നിലയിലാണ് പൊലീസ് വൃത്തങ്ങളിൽ ജോൺസൺ അറിയപ്പെടുന്നത്. നാട്ടുകാരും ഇദ്ദേഹത്തെക്കുറിച്ച് നൽകുന്ന വിവരം ഇതാണ്. പരിസ്ഥിതി സ്നേഹം മൂത്ത് വീട് നിർമ്മിച്ചിട്ടുള്ളത് മണ്ണുകൊണ്ടാണ്. ഇതുവരെ ഇയാളുടെ പേരിൽ കേസുകളൊന്നുമില്ലാന്നാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.