തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഭക്തിയുടെ പേരിൽ ആര്എസ്എസ് ക്രിമിനലുകൾ അഴിച്ചുവിട്ട കലാപത്തിനെതിരെ മാധ്യമപ്രവർത്തകർ. സംഘപരിവാർ നേതാക്കളുടെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ചും വർഗ്ഗീയ പരാമർശങ്ങളും മനുഷ്യനെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കെപി ശശികലയെ പോലുള്ളവരുടെ വാർത്താ സമ്മേളനത്തിന് പ്രസ്‌ക്ലബ് നൽകാതെയുമാണ് മാധ്യമപ്രലവർത്തകർ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

കെ സുരേന്ദ്രന്റെ വാർത്താ സമ്മേളനം കോഴിക്കോട്ടെ മാധ്യമപ്രവർത്തകർ ബഹിഷ്‌ക്കരിച്ചു.(സംഘപരിവാർ അനുകൂല ചാനലുകൾ പങ്കെടുക്കുന്നുണ്ട്) സംസ്ഥാനമൊട്ടാകെ മാധ്യമ പ്രവർത്തകർക്ക് നേരേ നടക്കുന്ന സംഘപരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.കെപി ശശികലക്ക് വാർത്താ സമ്മേളനം നടത്താൻ പ്രസ് ക്ലബ് നൽകാനാവില്ലന്ന് കോട്ടയം പ്രസ് ക്ലബ് നിലപാടെടുത്തു.പിഎസ് ശ്രീധരൻപിള്ളയുടെ വാർത്താ സമ്മേളനം തിരുവനന്തപുരത്ത് ബഹിഷ്‌ക്കരിച്ചിരുന്നു മാധ്യമ പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരൻപിള്ളയുടെ വാർത്താ സമ്മേളനം തിരുവനന്തപുരത്ത് ബഹിഷ്‌കരിച്ചു.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് ഇന്നലെ മുതൽ ആക്രമണം അഴിച്ചു വിടുകയാണ് ബിജെപി പ്രവർത്തകർ. മാധ്യമപ്രവർത്തകരെ തിരഞ്ഞു പിടിച്ചാണ് ഇന്നലെ ആക്രമിച്ചത്. ഇതിൽ വനിതയെന്ന പരിഗണന പോലും നൽകാതെ ബിജെപി പ്രവർത്തകർ ഇന്നലെ കൈരളി പീപ്പിൽ ടിവി പ്രവർത്തകയെ ആക്രമിച്ചിരുന്നു. ഇന്ന് മാധ്യമങ്ങളിൽ എല്ലാം കൈരളി പീപ്പിളിന്റെ ക്യാമറാ പേഴ്സൺ ഷാജില കണ്ണീരോടെ ക്യാമറയും ഏന്തി നിൽക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഷാജില ആക്രമിക്കപ്പെട്ടത്.

ഷാജിലയ്ക്ക് ഇന്ന് വലിയ തോതിൽ സൈബർ ലോകത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്ന ഷാജിലയുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്തു. ശബരിമല യുവതീപ്രവേശനത്തിന്റെ പേരിലുള്ള സംഘപരിവാർ അക്രമത്തിന്റെയും അഴിഞ്ഞാട്ടത്തിന്റെയും ഇരയായിരുന്നു ഷാജില. സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ഷാജിലയ്ക്ക് നേരെ ക്രൂരമായ അക്രമണമാണ് ആർഎസ്എസ് ബിജെപി കലാപകാരികൾ അഴിച്ചുവിട്ടത്.

സംഘപരിവാർ പ്രവർത്തകർ ഷാജിലയ്ക്ക് നേരെ അസഭ്യവർഷവും ആക്രോശവുമായി പാഞ്ഞടുക്കുകയായിരുന്നു. ഷാജിലയുടെ ക്യാമറ പിടിച്ചു വാങ്ങുകയും മൈക്ക് തല്ലിതകർക്കുകയും ചെയ്തു. സ്വന്തം ജീവൻപോലും അവഗണിച്ച് അക്രമകാരികൾക്ക് മുന്നിൽ നിന്ന് സധൈര്യം ദൃശ്യങ്ങൾ പകർത്തി. കൊലവിളിക്ക് മുന്നിലും പതറാതെ നിന്ന് കർത്തവ്യം നിർവഹിച്ച ഷാജിലയെ മുഖ്യധാരാ മാധ്യമങ്ങൾ സമൂഹമാധ്യമങ്ങളും പ്രകീർത്തിച്ചു. കൈവിടില്ല കർത്തവ്യം എന്ന തലക്കെട്ടോടെ മുഖ്യധാരാ മാധ്യമങ്ങൾ ഷാജില കർത്തവ്യനിരതയായിരിക്കുന്നതിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചു.