കോട്ടയം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇന്ന് സംഘടിപ്പിക്കുന്ന വനിത മതിലിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് പ്രമേയം. ഇന്ന് നടക്കുന്ന വനിത മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടായി മാറുമെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.ശബരിമലയിലെ സർക്കാർ നിലപാടിനെ എതിർത്ത് എൻഎസ്എസ് പ്രമേയം കൊണ്ട് വന്നു.എൻഎസ്എസ് എന്ന സംഘടനയ്ക്ക് രാഷ്ട്രീയമില്ലെന്നും അംഗങ്ങൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന നായർ പ്രതിനിധി സഭയിൽ സംസാരിക്കുമ്പോഴായിരുന്നു സുകുമാരൻ നായരുടെ രൂക്ഷ വിമർശനം.

സർക്കാർ കയ്യിലുണ്ടെന്നു കരുതി വിശ്വാസം തകർക്കാൻ മുഖ്യമന്ത്രി വന്നാലും നടക്കില്ല. ആചാരവും അനാചാരവും അറിയാത്തവരാണു നവോത്ഥാനം പഠിപ്പിക്കാൻ വരുന്നത്. എൻഎസ്എസ് മന്നത്തിന്റെ പാതയിലല്ലെന്നു പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശം. എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും മന്നം ജയന്തിയോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ പങ്കെടുത്ത് സുകുമാരൻ നായർ പറഞ്ഞു. അംഗങ്ങൾക്ക് ഏതു രാഷ്ട്രീയവും സ്വീകരിക്കാം. സംഘടനയ്ക്കുള്ളിൽ രാഷ്ട്രീയം കലർത്താൻ അനുവദിക്കില്ല. എല്ലാവർക്കുംവേണ്ടിയാണ് ശബരിമല വിഷയത്തിൽ പ്രതികരിച്ചത്. ഒരു സമുദായനേതാവ് കേന്ദ്ര പൊലീസിന്റെ അകമ്പടിയോടെ നടക്കുന്നെന്നും സുകുമാരൻ നായർ പരിഹസിച്ചു.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സർക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേർന്നു സംഘടിപ്പിക്കുന്ന വനിതാമതിൽ ഇന്നു വൈകിട്ടു നാലിന്. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയ്ക്കു മുന്നിൽ വരെ ദേശീയപാതയിൽ 620 കിലോമീറ്റർ ദൂരമാണു മതിൽ തീർക്കുന്നത്. ഇതിനു വേണ്ടതു 30 ലക്ഷം പേരാണെങ്കിലും 50 ലക്ഷം വനിതകൾ പങ്കെടുക്കുമെന്നാണു നേതാക്കളുടെ പ്രതീക്ഷ.