തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോർഡ് വിശദീകരണം തേടും. ബോർഡിനോട് കൂടിയാലോചനകൾ നടക്കാതെ കൈക്കൊണ്ട നടപടികളാണ് സർക്കാറിനെയും ദേവസ്വം ബോർഡിനെയും ചൊടിപ്പിച്ചത്. ബോർഡിനെ അറിയിക്കാതെ നടയടച്ചത് ഗുരുതര പിഴവാണെന്ന് വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട്. അതുകൊണ്ട് തന്നെ തന്ത്രി 15 ദിവസത്തിനകം ദേവസ്വം ബോർഡിന് വിശദീകരണം നൽകണമെന്നും ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു.

സുപ്രീം കോടതി വിധിക്കെതിരായ സമീപനമാണ് തന്ത്രി സ്വീകരിച്ചത് എന്നും ബോർഡ് ആരോപിക്കുന്നു. വിശദീകരണം നൽകാൻ തന്ത്രിക്ക് നിശ്ചിത സമയം നൽകാനും ഇന്ന് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. തന്ത്രിയുടെ മറുപടി പരിശോധിച്ച ശേഷം മാത്രം മതി തുടർ നടപടികൾ എന്നുമാണ് ബോർഡിന്റെ തീരുമാനം. ഇത് എന്ത് നടപടിയായിരിക്കും എന്ന കാര്യം വ്യക്തമല്ല. ദേവസ്വം മാന്വലിൽ ഇക്കാര്യം കൃത്യമായി പറയുന്നില്ല. എന്നാൽ ശുദ്ധിക്രിയ അടക്കമുള്ള പരിഹാര ക്രിയകൾ ചെയ്യാൻ തന്ത്രിക്ക് അവകാശമുണ്ടെന്ന് തന്നെയാണ് ബോർഡ് നിലപാട്. ബോർഡിനോട് ചോദിക്കാതെ നടയടച്ചു എന്ന വിഷയത്തിൽ മാത്രമാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം യുവതീ പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചതിന് പിന്നാലെ തന്ത്രിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഫോണിൽ വിളിച്ചിരുന്നു. തുടർന്ന് താൻ നടയടക്കാൻ പോവുകയാണ് എന്ന വിവരം പത്മകുമാറിനോട് തന്ത്രി പറഞ്ഞിരുന്നു. എന്നാൽ മറ്റ് ബോർഡ് അംഗങ്ങളോട് ഇക്കാര്യം സംസാരിച്ച ശേഷം തീരുമാനിക്കാം എന്നായിരുന്നു പത്മകുമാറിന്റെ നിലപാട്. എന്നാൽ തന്ത്രി ഇതിന് കാത്തുനിൽക്കാതെ നടയടക്കുകയായിരുന്നു. നേരത്തെ തുലാമാസ പൂജ സമയത്ത് യുവതികൾ പ്രവേശിച്ചാൽ നടയടക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചിരുന്നു. അതേസമയം തന്ത്രിക്കെതിരെ നടപടി എടുക്കുന്നത് കാര്യങ്ങൾ വഷളാക്കും എന്നാണ് വിലയിരുത്തൽ.

കൂടുതൽ നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ നിരീക്ഷക സമിതിയും ബോർഡുമായി ചർച്ച നടത്തും. ശബരിമലയിൽ എത്തുന്ന യുവതികൾക്ക് പൊലീസ് പ്രത്യേക സംരക്ഷണം നൽകുന്നതിനെതിരെ ഹൈക്കോടതി നിരീക്ഷണ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇതും ചർച്ചയ്ക്കെടുത്തേക്കും. തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. ബോർഡ് നിയമാവലി പ്രകാരം നട അടയ്ക്കാൻ തന്ത്രിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നതാകും പ്രധാനമായും ചർച്ചയാവുക. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് തന്ത്രിയാണ്. ആചാരം ലംഘിക്കപ്പെട്ടതിനാലാണ് നട അടച്ച് ശുദ്ധിക്രിയകൾ നടത്തിയതെന്ന മറുപടിയിൽ കാര്യങ്ങൾ അവസാനിക്കാനാണ് സാദ്ധ്യത.

സുപ്രീംകോടതി വിധി അനുസരിച്ചാണ് യുവതികളെത്തിയത്. നിയമപരമായ അവകാശത്തോടെ സന്നിധാനത്ത് എത്തിയവർ പോയശേഷം ശുദ്ധിക്രിയ നടത്തിയത് വിധിയുടെ ലംഘനമാണെന്നാണ് ബോർഡ് കരുതുന്നത്. എന്നാൽ തന്ത്രിക്ക് മാത്രമായി ഇത്തരത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ എൻ.വാസു പറഞ്ഞു. തന്ത്രിക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. അത് അവരുടെ ഉത്തരവാദിത്വമാണെന്ന് ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസും പ്രതിരകിച്ചു.

അതിനിടെ യുവതീ പ്രവേശനത്തെ തുടർന്ന് ശബരിമല നട അടച്ച സംഭവത്തിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ രൂക്ഷവിമർശനവുമായി കൃഷി മന്ത്രി വി എസ്.സുനിൽ കുമാർ രംഗത്തെത്തി. സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടൻ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയെ തുടർന്നാണ് സ്ത്രികൾ ശബരിമലയിൽ പ്രവേശിച്ചത്. ശുദ്ധിക്രിയ നടത്താൻ തന്ത്രിക്ക് എന്തധികാരമാണുള്ളത് . ദേവസ്വം ബോർഡ് ഇടപെട്ട് തന്ത്രിയെ മാറ്റണം. ഇക്കാര്യത്തിൽ മന്ത്രിസഭയ്ക്ക് ഏകാഭിപ്രായമാണെന്നും വി എസ്.സുനിൽ കുമാർ പറഞ്ഞു.