മുംബൈ: വീണ്ടും മലയാളി ബിസിസിഐ സെക്രട്ടറിയാകുമോ? സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾ ചർച്ചകൾ പലവിധമാണ്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി ഗാംഗുലി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. ഗാംഗുലിക്കു പകരക്കാരനായി ബിസിസിഐ തലപ്പത്തേക്ക് മുൻ ഇന്ത്യൻ താരം റോജർ ബിന്നി എത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് മറ്റൊരു സമാന്തര നീക്കം. അമിത് ഷായുടെ മകൻ ജയ് ഷായാണ് നിലവിൽ ബിസിസിഐയുടെ സെക്രട്ടറി. ജയ് ഷായെ പ്രസിഡന്റാക്കി ബിസിസിഐയുടെ സെക്രട്ടറിയാകാനാണ് മലയാളിയായ ജയേഷ് ജോർജിന്റെ ശ്രമം. മുമ്പ് മലയാളിയായ എസ് കെ നായർ ബിസിസിഐയുടെ സെക്രട്ടറിയായിട്ടുണ്ട്.

പതിനെട്ടിന് നടക്കുന്ന വാർഷിക സമ്മേളനത്തിലാണ് ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ജയ് ഷാ സെക്രട്ടറിയായി തുടരുമെന്നാണ് റിപ്പോർട്ടുകൾ. സൗരവ് ഗാംഗുലി ബിന്നിക്ക് അനുകൂലമാണ്. നിലവിൽ കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനായ റോജർ ബിന്നി, 1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു. ബിസിസിഐയുടെ തലപ്പത്ത് രാജ്യന്തര കളി പരിചയമുള്ള വ്യക്തിവേണമെന്നതാണ് ഗാംഗുലിയുടെ മനസ്സ്. ഇത് അട്ടിമറിക്കാനാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമം. ജയേഷ് ജോർജിനെ സെക്രട്ടറിയാക്കാനുള്ള സാധ്യതയാണ് തേടുന്നത്.

ബിസിസിഐ സിലക്ഷൻ കമ്മിറ്റി അംഗമായും റോജർ ബിന്നി പ്രവർത്തിച്ചിട്ടുണ്ട്. ബിസിസിഐയുടെ കരടു പട്ടികയിൽ റോജർ ബിന്നിയുടേയും പേരുണ്ട്. ബോളിങ് ഓൾറൗണ്ടറായിരുന്ന ബിന്നി ഇന്ത്യയ്ക്കായി 27 ടെസ്റ്റ്, 72 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 47 ഉം ഏകദിനത്തിൽ 77 ഉം വിക്കറ്റുകൾ വീഴ്‌ത്തി. ഇതെല്ലാം ബിന്നിക്ക് അനുകൂലമാണ്. എന്നാൽ ഗാംഗുലി സ്ഥാനം ഒഴിയുന്ന കാര്യത്തിൽ ഇനിയും വ്യക്തമായിട്ടില്ല. ഐ.സി.സിയുടെ ചെയർമാനായി ഗാംഗുലി എത്തുമെന്നത് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഗാംഗുലിക്ക് ബിസിസിഐയെ നയിക്കാനാണ് താൽപ്പര്യമെന്നും സൂചനയുണ്ട്.

ഗാംഗുലി നവംബറിൽ ഐ.സി.സിയുടെ ചെയർമാനായി സ്ഥാനമേൽക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു. നിലവിൽ ഗ്രെഗ് ബാർക്ലിയാണ് ഐ.സി.സിയുടെ തലവൻ. ബാർക്ലിയുടെ കാലയളവ് ഉടൻ തന്നെ അവസാനിക്കും. ഈ ഒഴിവിലേക്ക് ഗാംഗുലിയെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ രണ്ട് വർഷം കൂടി ചെയർമാൻ സ്ഥാനത്ത് തുടരാൻ ബാർക്ലി ഈയിടെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബർമിങ്ങാം കോൺഫറൻസിനിടെയാണ് ബാർക്ലി ഇക്കാര്യമറിയിച്ചത്. ചെയർമാൻ സ്ഥാനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് വോട്ടെടുപ്പിലൂടെയാണ്. ഈ സാഹചര്യത്തിൽ രണ്ടു കൊല്ലത്തിന് ശേഷം ഗാംഗുലി ഐസിസിയിലേക്ക് മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ വന്നാൽ ബിസിസിഐയിൽ തൽകാലം മാറ്റമുണ്ടാകില്ല.

ഗാംഗുലി ഐ.സി.സി. ചെയർമാനാകുകയാണെങ്കിൽ ജയ് ഷാ ബി.സി.സിഐ. പ്രസിഡന്റാകുമെന്നാണ് സൂചനയെന്നും ടൈംസ് പറഞ്ഞിരുന്നു. അരുൺ ധുമൽ സെക്രട്ടറിയുമാകുമെന്നായിരുന്നു വാർത്ത. ഇതിനിടെയാണ് ബിന്നിയുടെ പേരും ചർച്ചകളിലെത്തിയത്. ഇത്തരം ആശയക്കുഴപ്പങ്ങൾക്കിടെയാണ് ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി സെക്രട്ടറി പദത്തിലെത്താനുള്ള ജയേഷ് ജോർജിന്റെ നീക്കം. ഗാംഗുലി തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഐ.സി.സി. ചെയർമാനാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനായി അദ്ദേഹം മാറും. എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ, ജഗ് മോഹൻ ഡാൽമിയ, ശരദ് പവാർ എന്നിവരാണ് മുൻപ് ചെയർമാൻ സ്ഥാനത്തിരുന്നവർ.

ജയ്ഷായ്ക്ക് സെക്രട്ടറിസ്ഥാനത്ത് ഒരുതവണകൂടി അനുവദിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ഭരണഘടനാ ഭേദഗതിക്ക് സുപ്രീംകോടതി അംഗീകാരം നൽകിയിരുന്നു. ഒക്ടോബറിൽ ജയ്ഷായുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ ഭേദഗതി. ബിസിസിഐ ഭരണഘടനപ്രകാരം സംസ്ഥാന അസോസിയേഷനുകളിലോ ബിസിസിഐയിലോ അതല്ലെങ്കിൽ രണ്ടിലുമോ തുടർച്ചയായി രണ്ടുതവണ (ആറുവർഷം) പൂർത്തിയാക്കുന്നവർ മൂന്നുവർഷം മാറിനിൽക്കേണ്ടതുണ്ട്. ഗുജറാത്ത് അസോസിയേഷനിലും ബിസിസിഐയിലുമായി ജയ്ഷാ തുടർച്ചയായി രണ്ടുതവണ പൂർത്തിയാക്കിയിരുന്നു.

മൂന്നുവർഷം മാറിനിൽക്കണമെന്ന നിബന്ധന അസോസിയേഷനിൽ ഒരുതവണയും പിന്നീട് ബിസിസിഐയിൽ ഒരുതവണയും പൂർത്തിയാക്കുന്നവർക്ക് ബാധകമാക്കേണ്ടതില്ലെന്ന ഭേദഗതി നിർദ്ദേശമാണ് കോടതി അംഗീകരിച്ചത്. പുതിയ ഭേദഗതിക്ക് അംഗീകാരമായതോടെ പ്രസിഡന്റുസ്ഥാനത്ത് സൗരവ് ഗാംഗുലിക്ക് തുടരാമെന്ന അവസ്ഥയും വന്നു. സൗരവ് ഗാംഗുലിയും നേരത്തേ ബംഗാൾ സംസ്ഥാന അസോസിയേഷനിൽ ഒരുതവണ പൂർത്തിയാക്കിയിരുന്നു. അതിനുശേഷമാണ് ബിസിസിഐ പ്രസിഡന്റായത്. ഇതിനിടെയാണ് ഐസിസിയിലെ സ്ഥാനം വരുന്നത്. ഈ നിയമ ഭേദഗതിയുടെ കരുത്തിൽ മലയാളിയായ ജയേഷ് ജോർജിനും ബിസിസിഐയിൽ തുടരാം. നിലവിൽ ജോയിന്റ് സെക്രട്ടറിയാണ് ജയേഷ് ജോർജ്. അമിത് ഷായുടെ മകന്റെ വിശ്വസ്തനും.

ബിസിസിഐയിലോ അസോസിയേഷനുകളിലോ അതല്ലെങ്കിൽ രണ്ടിലുമായോ തുടർച്ചയായി രണ്ടുതവണ പൂർത്തിയാക്കിയവർ മൂന്നുവർഷം മാറിനിൽക്കണമെന്ന നിബന്ധന പ്രസിഡന്റിനും സെക്രട്ടറിക്കു ംമാത്രമായി ഒഴിവാക്കും വിധമായിരുന്നു ആദ്യ ഭേദഗതിനിർദ്ദേശം. എന്നാൽ, അമിക്കസ്‌ക്യൂറി മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ഇതിനോട് വിയോജിച്ചു. രണ്ടു പദവികൾക്കു മാത്രമായുള്ള ഇളവ് നീതികരിക്കാനാകില്ലെന്നും ബിസിസിഐയിലെയും അസോസിയേഷനുകളിലെയും എല്ലാ ഭാരവാഹികൾക്കും ഒരേപോലെ ബാധകമാക്കണമെന്നും മനീന്ദർ സിങ് ആവശ്യപ്പെട്ടു. അമിക്കസ്‌ക്യൂറിയുടെ ഭേദഗതിനിർദ്ദേശത്തോട് സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും യോജിച്ചു. തുടർന്ന് ഭേദഗതിനിർദ്ദേശം അംഗീകരിക്കുന്നതായി കോടതി അറിയിച്ചു. ഇതാണ് ജയേഷ് ജോർജിന് തുണയായത്.