ദുബായ്: ഐപിഎൽ താരലേലം പുരോഗമിക്കവേ ലോകകപ്പ് ഉയർത്തി ടീം ക്യാപ്ടനായ പാറ്റ് കമിൻസിന് പൊന്നും വില. 20.5 കോടിക്ക് പാറ്റ് കമിൻസിനെ സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഐപിഎൽ ചരിത്രത്തിൽ ഒറു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. പാറ്റ് കമ്മിൻസിന് വേണ്ടി വലിയ ലേളൃലം വിളിയാണ് നടന്നത്. കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ പഞ്ചാബ് കിങ്‌സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനെ സ്വന്തമാക്കിയതായിരുന്നു ഐപിഎല്ലിൽ ഒരു കളിക്കാരനായി ടീം മുടക്കിയ ഏറ്റവും വലിയ തുക. ആ റെക്കോർഡാണ് കമിൻസ് ഇന്ന് മറികടന്നത്.

വിദേശ പേസറെ ആവശ്യമുള്ള ചെന്നൈ സൂപ്പർ കിങ്‌സ് ആയിരുന്നു ലേലത്തിൽ ഓസ്‌ട്രേലിയൻ നായകനായി ആദ്യം രംഗത്തെത്തിയത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രണ്ട് കോടി അടിസ്ഥാന വിലയുള്ള കമിൻസിനായി രംഗത്തെത്തിയതോടെ ലേലത്തുക കുതിച്ചുയർന്നു. ഒടുവിൽ ലേലം 7 കോടി കടന്നതോടെ സൺറൈസേഴ്‌സ് ഹൈദരാബാദും കമിൻസിനായി രംഗത്തെത്തി. ഇതോടെ ചെന്നൈ സൂപ്പർ കിങ്‌സ് പിന്മാറി. 10 ഉം 15ഉം കോടി കടന്ന് ലേലത്തുക കുതിച്ചിട്ടും ഹൈദരാബാദും ബാംഗ്ലൂരും വിട്ടുകൊടുക്കാൻ തയാറായില്ല. ഒടുവിൽ റെക്കോർഡ് തുകയായ 18.50 കോടിയും കടന്നതോടെ മറ്റ് ടീമുകളുടെ മുഖത്തും അമ്പരപ്പായിരുന്നു.

എന്നാൽ കൂസലില്ലാതെ ലേലം വിളിച്ച കാവ്യമാരനും ആർസിബിയും കമിൻസിന്റെ മൂല്യമുയർത്തി. 20 കോടി കടന്നതോടെ ലേല ഹാളിൽ കൈയടി ഉയർന്നു, ലേലം അവസാനിച്ചിട്ടില്ലെന്ന് അവതാരക ഓർമിപ്പിച്ചു. മറ്റ് ടീം ഉടമകൾ ഇത് എവിടേക്കാണ് പോകുന്നതെന്ന് അന്തം വിട്ടു നിൽക്കെ ആർസിബി കമിൻസിനായി 20.25 കോടി വിളിച്ചു. എന്നാൽ ഒട്ടും സമയം പാഴാക്കാതെ ഹൈദരാബാദിനായി കാവ്യ മാരൻ 20.50 കോടി വിളിച്ചതോടെ ആർസിബി പിന്മാറി.

സൺറൈസേഴ്‌സ് ക്യാപ്ടനായി പാറ്റ് കമ്മിൻസ് മാറിയേക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ സീസണിൽ താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും കമിൻസിനെ 15.50 കോടി മുടക്കി ടീമിലെത്തിച്ചിരുന്നു. കാമറോൺ ഗ്രീൻ(17.50 കോടി), ബെൻ സ്റ്റോക്‌സ്(16.25 കോടി), ക്രിസ് മോറിസ്(16.25 കോടി), നിക്കോളാസ് പുരാൻ(16 കോടി), യുവരാജ് സിങ്(16 കോടി) എന്നിവരാണ് ഐപിഎല്ലിൽ 16 കോടി പിന്നിട്ട കളിക്കാർ.

ദുബായിലെ കൊക്കകോള അരീനയിലാണ് ലേല പരോഗമിക്കുന്നത്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന റോവ്മാൻ പവൽ 7.40 കോടിക്ക് രാജസ്ഥാൻ റോയൽസിൽ. ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനെ 6.80 കോടിക്ക് സൺറൈസേഴ്‌സ് സ്വന്തമാക്കി. ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഒന്നര കോടിയിൽ തുടങ്ങിയ ഹസരങ്കയുടെ ലേലത്തിൽ മറ്റു ടീമുകളൊന്നും താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് ഹസരങ്കയെ അടിസ്ഥാന വിലക്ക് സ്വന്തമാക്കാൻ ഹൈദരാബാദിനായത്.

അതേസമയം ന്യൂസിലൻഡിന്റെ ലോകകപ്പ് ഹീറോ രചിൻ രവീന്ദ്രക്കായി വാശിയേറിയ ലേലം പ്രതീക്ഷിച്ചെങ്കിലും 1.80 കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന രചിനായി ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യപിറ്റൽസുമാണ് ആദ്യ റൗണ്ടിൽ രംഗത്തെത്തിയത്. എന്നാൽ ലേലം ഒന്നര കോടി കടന്നതോടെ ഡൽഹി പിന്മാറി. പിന്നീട് പഞ്ചാബ് കിങ്‌സും ചെന്നൈ സൂപ്പർ കിങ്‌സും ചേർന്നായി മത്സരം. ഒടുവിൽ 1.80 കോടി രൂപക്ക് ചെന്നൈ രചിനെ ടീമിലെത്തിച്ചു. മുൻ താരം ഷാർദ്ദുൽ താക്കൂറിനെയും ചെന്നൈ ലേലത്തിൽ തിരിച്ചു പിടിച്ചു. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടാിരുന്ന ഷാർദ്ദുലിനെ നാലു കോടി രൂപക്കാണ് ചെന്നൈ സൂപ്പർ കിങ്‌സ് വീണ്ടും ടീമിലെത്തിച്ചത്.