പെർത്ത്: ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടു തോൽവികൾക്കൊടുവിൽ പാക്കിസ്ഥാന് ആശ്വാസ ജയം. ലോകകപ്പിലെ കുഞ്ഞൻടീമായ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ആറു വിക്കറ്റുകൾക്കാണു പാക്കിസ്ഥാന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ്സ് 20 ഓവറിൽ 9 വിക്കറ്റിന് 91 റൺസ് മാത്രം നേടിയപ്പോൾ പാക്കിസ്ഥാൻ 13.5 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ജയത്തിലെത്തി. അർധസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. നേരത്തെ ഷദാബ് ഖാൻ മൂന്ന് വിക്കറ്റ് നേടിയിരുന്നു.

്ഓട്രേലിയയിൽ ആദ്യമായാണ് പാക്കിസ്ഥാൻ ഒരു ട്വന്റി20 മത്സരം ജയിക്കുന്നത്. 27 പന്തിൽ 27 റൺസെടുത്ത കോളിൻ അക്കർമാനാണ് നെതർലൻഡ്‌സിന്റെ ടോപ് സ്‌കോറർ. ഒൻപതു ഡച്ച് ബാറ്റർമാർക്ക് രണ്ടക്കം കടക്കാൻ പോലുമായില്ല. 20 പന്തിൽ 15 റൺസെടുത്ത ക്യാപ്റ്റൻ സ്‌കോട്ട് എഡ്വാർഡ്‌സാണ് നെതർലൻഡ്‌സിന്റെ മറ്റൊരു പ്രധാന സ്‌കോറർ. പാക്കിസ്ഥാനു വേണ്ടി ശതബ് ഖാൻ മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ മുഹമ്മദ് റിസ്‌വാൻ മുന്നിൽനിന്നു നയിച്ചപ്പോൾ പാക്കിസ്ഥാനു കാര്യങ്ങൾ എളുപ്പമായി. 39 പന്തുകളിൽനിന്ന് റിസ്‌വാൻ അടിച്ചെടുത്തത് 49 റൺസ്. ക്യാപ്റ്റൻ ബാബർ അസമിന് ലോകകപ്പിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങാനായില്ല. നാലു റൺസ് മാത്രമെടുത്ത് ബാബർ റൺ ഔട്ടാകുകയായിരുന്നു. ഫഖർ സമാൻ 16 പന്തിൽ 20 റൺസും ഷാൻ മസൂദ് 16 പന്തിൽ 12 റൺസുമെടുത്തു.

ജയിക്കാൻ ഒരു റൺ വേണ്ടപ്പോൾ ആകാശത്തേക്ക് പന്തടിച്ച് ഷാൻ മസൂദ് പുറത്തായി. 13.5 ഓവറിൽ പാക്കിസ്ഥാൻ ജയിക്കുമ്പോൾ ഇഫ്തിഖർ അഹമ്മദ് 5 പന്തിൽ 6ഉം, ഷദാബ് ഖാൻ 2 പന്തിൽ 4ഉം റൺസുമായി പുറത്താകാതെ നിന്നു. ഈ ലോകകപ്പിൽ പാക്കിസ്ഥാന്റെ ആദ്യ ജയമാണിത്. നേരത്തെ ഇന്ത്യക്കും സിംബാബ്വെക്കും എതിരെ പാക് ടീം തോറ്റിരുന്നു.

സൂപ്പർ 12 റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയോടും രണ്ടാം പോരാട്ടത്തിൽ സിംബാബ്‌വെയോടും പാക്കിസ്ഥാൻ തോറ്റിരുന്നു. മൂന്നാം മത്സരത്തിൽ നെതർലൻഡ്‌സിനെ കീഴടക്കിയെങ്കിലും ശേഷിക്കുന്ന കളികളിൽ ജയിച്ചാൽ മാത്രമേ പാക്കിസ്ഥാനു സെമി പ്രതീക്ഷ നിലനിർത്താനാകൂ. ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ തോൽപിക്കുകയും വേണം.