മുംബൈ: ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ വീണ്ടും തഴഞ്ഞതിൽ ബിസിസിഐക്കെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്ത്. ഓസ്‌ട്രേലിയക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ പരിക്ക് മാറി സഞ്ജു തിരിച്ചെത്തുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ സീനിയർ സെലക്ഷൻ കമ്മിറ്റി പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല. എന്നാൽ ഫോമില്ലായ്മയ്ക്ക് രൂക്ഷ വിമർശനം നേരിടുന്ന കെ എൽ രാഹുൽ വീണ്ടും ടീമിൽ ഇടംപിടിക്കുകയും ചെയ്തു.

ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജു സാംസണിനെ പിന്തുണച്ച് ട്വിറ്ററിൽ നിരവധി ആരാധകർ രംഗത്തെത്തി. മിക്കവരും ചൂണ്ടിക്കാണിക്കുന്നത് സഞ്ജുവിനെ പുറത്തിരുത്തി രാഹുലിനെ ടീമിലേക്ക് ക്ഷണിച്ച ബിസിസിഐയുടെ നടപടിയാണ്. ഈ വർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ സഞ്ജു ബിസിസിഐയുടെ പദ്ധതികളിലില്ലേ എന്ന് ആരാധകർ ചോദിക്കുന്നു. സഞ്ജു സാംസണെ സെലക്ടർമാർ തഴഞ്ഞതിനെ വിമർശിക്കുന്ന നിരവധി പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ കാണാം.

'സഞ്ജു സാംസണെ ടീമിലെടുക്കൂ എന്ന് 140 കോടി ജനങ്ങൾ ആർത്തുവിളിക്കുമ്പോൾ ബിസിസിഐ എപ്പോഴും കേൾക്കുന്നത് രാഹുലിനെ ടീമിൽ ഉൾപ്പെടുത്തൂ' എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.

'ഇതിലും ഭേദം സഞ്ജുവിനെ മറ്റ് ലീഗുകളിലോ രാജ്യത്തിനായോ കളിക്കാൻ ബിസിസിഐ അനുവദിക്കുന്നതാണ്, ഏകദിനത്തിൽ 66 ശരാശരിയും 104 സ്‌ട്രൈക്ക് റേറ്റുമുള്ള താരം ഇതിനേക്കാളേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്' എന്നായിരുന്നു മറ്റൊരു ട്വീറ്റ്.

രാഹുലിന് ഇപ്പോൾ കിട്ടുന്ന പിന്തുണ ഒരുകാലത്തും സഞ്ജുവിന് കിട്ടിയിരുന്നില്ല എന്ന് ആരാധകർ വാദിക്കുന്നു. ഓസീസിനെതിരായ ഏകദിന സ്‌ക്വാഡിൽ മാത്രമല്ല, അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിലും രാഹുലിനെ സെലക്ടർമാർ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓസീസിനെതിരായ ഏകദിന സ്‌ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, ഷർദുൽ ഠാക്കൂർ, അക്സർ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്.

മോശം ഫോമിലുള്ള രാഹുലിന് ടെസ്റ്റ് ടീമിലും അവസരം നൽകിയതോടെയൊണ് ആരാധകർ രംഗത്ത് എത്തിയത്. രാഹുലിനെപ്പറ്റിയുള്ള വിമർശനം ഉയരുമ്പോഴും ശ്രദ്ധേയമായൊരു കാര്യവുമുണ്ട്. താരത്തിന്റെ ഉപനായക പദവി 'നഷ്ടമായി'.

ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രാഹുലിന്റെ പേരിന് നേരെ ഉപനായകൻ എന്ന് ചേർത്തിരുന്നു. എന്നാൽ പുതിയ ലിസ്റ്റിൽ ഉപനായകൻ എന്ന് ചേർത്തിട്ടില്ല. ഇതാണ് രാഹുലിനെ ഒഴിവാക്കിത്തുടങ്ങുകയാണോ എന്ന രീതിയിൽ ചർച്ചകൾ ഉയർന്നത്. അതേസമയം ഉപനായക പദവി മറ്റൊരാൾക്കും നൽകിയിട്ടുമില്ല. രസകരമായ കമന്റുകളും ഇതുസംബന്ധിച്ച് ഉയരുന്നു.

ബി.സി.സിഐ മറന്ന് പോയതാവുമെന്നായിരുന്നു ഒരു കമന്റ്. നിരന്തരം പരാജയപ്പെട്ടിട്ടും രാഹുൽ ടീമിൽ ഇടംനേടുന്നതാണ് ആരാധകരെ ദേഷ്യം പിടിപ്പിക്കുന്നത്. വെങ്കടേഷ് പ്രസാദിനെപ്പോലുള്ള മുൻതാരങ്ങൾ ട്വിറ്ററിൽ വടിയെടുത്ത് രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ആഭ്യന്തര മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന താരങ്ങളോടുള്ള അവഗണനയാണിതെന്നായിരുന്നു വെങ്കടേഷ് പ്രസാദിന്റെ വിമർശനം. എന്നാൽ ഏത് സമയവും ഫോമിലേക്ക് വരാനുള്ള കഴിവുള്ളതിനാൽ അദ്ദേഹത്തിന് ഒരിക്കൽ കൂടി അവസരം നൽകിയതാകാമെന്നാണ് വിലയിരുത്തൽ. വരുന്ന രണ്ട് ടെസ്റ്റുകളിൽ കൂടി പരാജയപ്പെട്ടാൽ രാഹുലിന് ഇനി ടെസ്റ്റ് ടീമിൽ കാണില്ലെന്നും മുന്നറിയിപ്പെന്ന നിലയ്ക്കാണ് ഉപനായക പദവി മാറ്റിയതെന്നും സമൂഹമാധ്യമങ്ങളിൽ ചിലർ പങ്കുവെക്കുന്നുണ്ട്.

സെലക്ടർമാരുടെ മനസിലെന്തെന്ന് കാത്തിരുന്നു കാണേണ്ടിവരും. അതേസമയം കാര്യമായ മാറ്റങ്ങളില്ലാതെയാണ് ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ ബി.സി.സിഐ പ്രഖ്യാപിച്ചത്.