ഇസ്‌ലാമബാദ്: ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വമ്പന്മാരായ എതിരാളികളെ നേരിടുമ്പോഴുള്ള സമ്മർദ്ദത്തെ അതിജീവിക്കാൻ ടീമിനൊപ്പം സൈക്കോളജിസ്റ്റിനെക്കൂടി കൊണ്ടുവരാൻ പാക്കിസ്ഥാൻ ആലോചിക്കുന്നു. ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളിലെ കടുത്ത സമ്മർദം മറികടക്കാൻ ഇത് ഉപകരിക്കുമെന്നാണു പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പ്രതീക്ഷ. 2011 ലോകകപ്പിന് ഇന്ത്യയിലേക്കു പോകുന്നതിനു മുൻപ് പാക്കിസ്ഥാൻ താരങ്ങൾക്കു സൈക്കോളജിസ്റ്റുമാരുടെ ഉപദേശങ്ങൾ ലഭിച്ചിരുന്നു.

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സാക്ക അഷറഫുമായി ക്യാപ്റ്റൻ ബാബർ അസം കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ലങ്കൻ പ്രീമിയർ ലീഗിൽ കൊളംബോ സ്‌ട്രൈക്കേഴ്‌സിനു വേണ്ടി കളിക്കുകയാണ് അസം ഇപ്പോൾ.

''താരങ്ങളോടൊപ്പം ഒരു സൈക്കോളജിസ്റ്റ് കൂടിയുള്ളത് സഹായമാകുമെന്ന് സാക്ക വിശ്വസിക്കുന്നു. ടീമിന്റെ പ്രകടനം മോശമായാലും പുറത്തുനിന്നുള്ള സമ്മർദത്തിലും അത് ഉപകാരമാകും. സൈക്കോളജിസ്റ്റായ മക്‌ബൂൽ ബാബ്രി നേരത്തേ പാക്ക് ക്രിക്കറ്റ് താരങ്ങളോടൊപ്പം പ്രവർത്തിച്ചിട്ടുള്ളതാണ്. 2012 - 2013 സമയത്ത് പാക്കിസ്ഥാൻ ടീമിനൊപ്പം അദ്ദേഹവും ഇന്ത്യയിലേക്കു പോയിരുന്നു.'' പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു.

ഏകദിന ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കു പോകണോയെന്ന കാര്യത്തിൽ പാക്കിസ്ഥാൻ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. പാക്കിസ്ഥാൻ സർക്കാർ നിയോഗിച്ച സമിതി ഇക്കാര്യത്തിൽ തീരുമാനം വൈകിപ്പിക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. ഹൈദരാബാദ്, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പാക്കിസ്ഥാന് മത്സരങ്ങളുള്ളത്.

അതേ സമയം ലോകകപ്പിന് മുമ്പ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്ന ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ട പോരിന്റെ പോസ്റ്റർ പുറത്തിറക്കി. കാൻഡിയിൽ സെപ്റ്റംബർ 2-ാം തിയതിയാണ് ടൂർണമെന്റിലെ ആദ്യ ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും റൺമെഷീൻ വിരാട് കോലിയും പാക് ക്യാപ്റ്റൻ ബാബർ അസമും സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദിയുമായാണ് മത്സരത്തിന്റേതായി സ്റ്റാർ സ്‌പോർട്സ് പുറത്തിറക്കിയ പോസ്റ്ററിലുള്ളത്.

ഫൈനലിലെത്തിയാൽ ഏഷ്യാ കപ്പിൽ ഇന്ത്യ, പാക്കിസ്ഥാൻ ടീമുകൾ മൂന്ന് തവണ മുഖാമുഖം വരുന്ന രീതിയിലാണ് മത്സരക്രമം. സെപ്റ്റംബർ രണ്ടിന് കാൻഡിയിൽ വച്ചാണ് ടൂർണമെന്റിലെ ആദ്യ ഇന്ത്യ-പാക്കിസ്ഥാൻ ആവേശപ്പോരാട്ടം. സൂപ്പർ ഫോറിലെത്തിയാൽ സെപ്റ്റംബർ 10ന് കൊളംബോയിൽ ഇരു ടീമുകളും വീണ്ടും മുഖാമുഖം വരും. പാക്കിസ്ഥാനും ഇന്ത്യയും ഫൈനലിൽ പ്രവേശിച്ചാൽ 17-ാം തിയതിയും അയൽക്കാരുടെ സൂപ്പർ പോരാട്ടം പ്രതീക്ഷിക്കാം. ഏഷ്യാ കപ്പിൽ മൂന്ന് തവണ ഇന്ത്യ- പാക് ടീമുകൾ നേർക്കുനേർ വന്നാൽ അത് ഗംഭീരമാകും എന്നാണ് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ വാക്കുകൾ. നേപ്പാളാണ് ഇന്ത്യയും പാക്കിസ്ഥാനുമുള്ള ഗ്രൂപ്പിലെ മറ്റൊരു ടീം.

നേപ്പാളിനും പാക്കിസ്ഥാനും എതിരെ ഗ്രൂപ്പ് മത്സരം ജയിക്കുന്നതിലാണ് ആദ്യ ശ്രദ്ധ എന്ന് രാഹുൽ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ഓഗസ്റ്റ് 24ന് ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാംപ് ആരംഭിക്കും. സെപ്റ്റംബർ രണ്ടിന് ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് ഇന്ത്യ- പാക്കിസ്ഥാൻ ഗ്രൂപ്പ് പോരാട്ടം ഏഷ്യാ കപ്പിൽ തുടങ്ങുക.