അഹമ്മദബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലിൽ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. അർധ സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ വിരാട് കോലിയെ പാറ്റ് കമ്മിൻസ് ബൗൾഡാക്കുകയായിരുന്നു. 63 പന്തിൽ 54 റൺസ് നേടിയാണ് കോലി പുറത്തായത്. ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീഴുകയായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് കോലി മടങ്ങിയത്. മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിനെയാണ് കോലി പിന്നിലാക്കിയത്. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ, രോഹിത് ശർമ, ശ്രേയസ് അയ്യർ എന്നിവർ നേരത്തെ പുറത്തായിരുന്നു.

നാല് റൺസ് നേടിയ ശുഭ്മൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് ആദ്യം പുറത്തായത്. പിന്നാലെ പാറ്റ് കമ്മിൻസിന്റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്‌സ്വെലുമാണ് പുറത്താക്കിയത്. രാഹുലിനൊപ്പം രവീന്ദ്ര ജഡേജയാണ് ക്രീസിൽ. 30ാം ഓവറിൽ ഇരുവരും ചേർന്ന് സ്‌കോർ 150 കടത്തി.

ഏഴ് പന്തിൽ 4 റൺസ് നേടിയ ശുഭ്മൻ ഗില്ലിനെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്. അഞ്ചാം ഓവറിൽ സ്‌കോർ 30ൽ നിൽക്കേ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. 31 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മാക്സ്വെല്ലിന്റെ പന്തിൽ തുടർച്ചയായി സിക്സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പൺ ചെയ്തത്. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്. മറുവശത്ത് ഗിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. ആദ്യ നാലോവറിൽ ഇരുവരും ചേർന്ന് 30 റൺസ് അടിച്ചെടുത്തു. എന്നാൽ അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ ഗില്ലിനെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. ഏഴുപന്തിൽ നാലുറൺസ് മാത്രമെടുത്ത താരത്തെ സ്റ്റാർക്ക് ആദം സാംപയുടെ കൈയിലെത്തിച്ചു. ഗില്ലിന് പകരം സൂപ്പർ താരം വിരാട് കോലി ക്രീസിലെത്തി.

ഏഴാം ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ തുടർച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി കോലി വരവറിയിച്ചു. പിന്നാലെ ടീം സ്‌കോർ 50 കടക്കുകയും ചെയ്തു. രോഹിത്തും കോലിയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ അർധസെഞ്ചുറിക്കരികിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത് വീണു. ഗ്ലെൻ മാക്സ്വെല്ലിനെ തുടർച്ചയായി സിക്സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തിൽ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 31 പന്തിൽ നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 47 റൺസെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 76-ൽ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനിൽക്കാനായില്ല. നാല് റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയിൽ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോലി അതീവശ്രദ്ധയോടെ ബാറ്റുവീശി. റൺറേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോലിയും രാഹുലും ശ്രദ്ധിച്ചത്. ഇരുവരും 15.4 ഓവറിൽ ടീം സ്‌കോർ 100 കടത്തി. പത്തോവറിലധികം ബൗണ്ടറി പോലും നേടാനാവാതെ ഇന്ത്യ പതറി. സിംഗിളുകൾ മാത്രം നേടിയാണ് കോലിയും രാഹുലും ടീമിനെ നയിച്ചത്. ആദ്യ 20 ഓവറിൽ 115 റൺസാണ് ഇന്ത്യയ്ക്ക് നേടാനായത്. ആദ്യ പത്തോവറിൽ ഇന്ത്യ 80 റൺസെടുത്തപ്പോൾ അടുത്ത പത്തോവറിൽ വെറും 35 റൺസ് മാത്രമാണ് നേടാനായത്. റൺറേറ്റ് എട്ടിൽ നിന്ന് അഞ്ചിലേക്ക് താഴ്ന്നു. മത്സരം പാതിവഴി പിന്നിട്ടപ്പോൾ 25 ഓവറിൽ 131 റൺസാണ് ഇന്ത്യ നേടിയത്. പിന്നാലെ വിരാട് കോലി അർധസെഞ്ചുറിനേടി. താരത്തിന്റെ ഈ ലോകകപ്പിലെ ആറാം അർധസെഞ്ചുറിയാണിത്.

27-ാം ഓവറിലെ രണ്ടാം പന്തിൽ ഫോറടിച്ചുകൊണ്ട് രാഹുൽ ബൗണ്ടറി വരൾച്ചയ്ക്ക് വിരാമമിട്ടു. 96 പന്തുകൾക്ക് ശേഷമാണ് ഇന്ത്യ ബൗണ്ടറി നേടിയത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം പന്തെറിയാനെത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. അർധസെഞ്ചുറി നേടിയ വിരാട് കോലിയെ പുറത്താക്കി കമ്മിൻസ് ആരാധകരെ നിശബ്ദരാക്കി. 63 പന്തിൽ നാല് ബൗണ്ടറിയുടെ സഹായത്തോടെ 54 റൺസെടുത്ത കോലി കമ്മിൻസിന്റെ ബൗൺസർ പ്രതിരോധിക്കുന്നതിനിടെ താരത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റിൽ വീണു. ഇതോടെ ഇന്ത്യ 148 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

ഇരുടീമുകളും കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേടീമിനെ തന്നെ നിലനിർത്തി. ഇന്ത്യ മൂന്നാം കിരീടവും ഓസ്ട്രേലിയ അഞ്ചാം കിരീടവുമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ ഓസീസിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.