സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12-ലെ നിർണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി പാക്കിസ്ഥാൻ. വീണ്ടും മഴ കളിച്ച മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 33 റൺസിനായിരുന്നു പാക്കിസ്ഥാന്റെ ജയം.ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക ഒമ്പത് ഓവറിൽ നാലിന് 69 റൺസിൽ നിൽക്കെ മഴയെത്തിയതോടെ വിജയലക്ഷ്യം 14 ഓവറിൽ 142 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് 14 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുക്കാനേ സാധിച്ചുള്ളൂ.ജയത്തോടെ സെമി പ്രതീക്ഷ നിലനിർത്താനും പാക്കിസ്ഥാന് കഴിഞ്ഞു.

ബാറ്റ്‌സ്മാന്മാർക്ക് പിന്നാലെ ബൗളർമാരും താളം കണ്ടെത്തിയതാണ് പാക്കിസ്ഥാന്റെ വിജയത്തിൽ നിർണ്ണായകമായത്.മൂന്ന് ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷഹീൻ അഫ്രീദിയാണ് പാക് ബൗളർമാരിൽ തിളങ്ങിയത്. ഷദാബ് ഖാൻ രണ്ടു വിക്കറ്റ് വീഴ്‌ത്തി.ജയത്തോടെ നാല് കളികളിൽ നിന്ന് നാല് പോയന്റുമായി പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തെത്തി. ഇപ്പോഴും പാട് ടീമിന്റെ സെമി സാധ്യത ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളുടെ അവസാന മത്സരഫലം അനുസരിച്ചാണ്.

19 പന്തിൽ ഒരു സിക്സും നാല് ഫോറുമടക്കം 36 റൺസെടുത്ത ക്യാപ്റ്റൻ ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ.186 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം പാളി. ഫോമിലുള്ള ക്വിന്റൺ ഡിക്കോക്കിനെ (0) ആദ്യ ഓവറിൽ തന്നെ ഷഹീൻ അഫ്രീദി മടക്കി. പിന്നാലെ വമ്പനടികൾക്ക് പേരുകേട്ട റൈലി റൂസ്സോയേയും (7) മടക്കിയ അഫ്രീദി പാക്കിസ്ഥാന് പ്രതീക്ഷയേകി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ടെംബ ബവുമ - ഏയ്ഡൻ മാർക്രം സഖ്യം 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് ട്രാക്കിലാക്കിയിരുന്നു.

പക്ഷേ എട്ടാം ഓവറിൽ ബവുമയെ മടക്കി ഷദാബ് ഖാൻ മത്സരം വീണ്ടും പാക്കിസ്ഥാന് അനുകൂലമാക്കി. അതേ ഓവറിലെ മൂന്നാം പന്തിൽ മാർക്രത്തിന്റെ കുറ്റിയിളക്കിയ ഷദാബ് അവരെ പ്രതിരോധത്തിലാക്കി. 14 പന്തിൽ നിന്ന് 20 റൺസായിരുന്നു മാർക്രത്തിന്റെ സമ്പാദ്യം. പിന്നാലെ 15 റൺസുമായി ഹെൻ റിക് ക്ലാസനും മടങ്ങിയതോടെ പാക് പ്രതീക്ഷ വർധിച്ചു. പിന്നാലെ വെയ്ൻ പാർനൽ (3), ട്രിസ്റ്റൺ സ്റ്റബ്ബ്സ് (18), കാഗിസോ റബാദ (1), ആന്റിച്ച് നോർക്യ (1) എന്നിവരെയും പുറത്താക്കി പാക്കിസ്ഥാൻ വിജയം സ്വന്തമാക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തിരുന്നു.ഒരു ഘട്ടത്തിൽ നാലിന് 43 റൺസെന്ന നിലയിലായിരുന്ന പാക്കിസ്ഥാനെ ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവരുടെ ഇന്നിങ്‌സുകളാണ് 185-ൽ എത്തിച്ചത്.

വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് വെറും 22 പന്തിൽ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 52 റൺസെടുത്ത ഷദാബാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ഇഫ്തിഖർ 35 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 51 റൺസെടുത്തു. ഇരുവരും ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 82 റൺസാണ് പാക്കിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്.

ലോകകപ്പിൽ നിന്ന് പുറത്താകാതിരിക്കാൻ ജയം അനിവാര്യമായ മത്സരത്തിൽ പാക് ടീമിന്റേത് മോശം തുടക്കമായിരുന്നു. ഓപ്പണർമാരായ മുഹമ്മദ് റിസ്വാനും (4) ക്യാപ്റ്റൻ ബാബർ അസമും (6) വലിയ ചെറുത്തുനിൽപ്പില്ലാതെ മടങ്ങി. ഈ സമയം 11 പന്തിൽ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 28 റൺസെടുത്ത മുഹമ്മദ് ഹാരിസിന്റെ കാമിയോ ഇന്നിങ്‌സാണ് പവർപ്ലേയിൽ പാക്കിസ്ഥാന് 42 റൺസ് സമ്മാനിച്ചത്. എന്നാൽ അപ്പോഴേക്കും മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നാലെ ഏഴാം ഓവറിൽ ഷാൻ മസൂദും (2) പുറത്തായതോടെ പാക്കിസ്ഥാൻ നാലിന് 43 റൺസെന്ന നിലയിലേക്ക് വീണു.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഇഫ്തിഖർ അഹമ്മദ് - മുഹമ്മദ് നവാസ് സഖ്യം 52 റൺസ് കൂട്ടിച്ചേർത്ത് പാക് ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. എന്നാൽ 22 പന്തിൽ നിന്ന് 28 റൺസെടുത്ത നവാസ് 13-ാം ഓവറിൽ റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. എന്നാൽ ഇഫ്തിഖറിനൊപ്പം ഷദാബ് ഖാൻ എത്തിയതോടെ പാക് സ്‌കോറിങ് ടോപ് ഗിയറിലായി. ദക്ഷിണാഫ്രിക്കയ്ക്കായി ആന്റിച്ച് നോർക്യ നാല് വിക്കറ്റ് വീഴ്‌ത്തി.