ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ചവയ്ക്കുന്നത്. പുതിയ സീസണിലും പതിവ് തെറ്റിച്ചില്ല. 32 പന്തുകളിൽനിന്ന് 55 റൺസാണു സഞ്ജു സാംസൺ ഇന്നലെ നേടിയത്. ഇതോടെ സൂപ്പർ താരം വിരാട് കോലിയെ പിന്നിലാക്കി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ അപൂർവ നേട്ടത്തിലെത്തി.

ഐപിഎൽ ചരിത്രത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 700 റൺസിലേറെ സ്‌കോർ ചെയ്ത ബാറ്ററെന്ന റെക്കോർഡാണു സഞ്ജുവിന്റെ പേരിലാക്കിയത്. സഞ്ജുവിന് ഹൈദരാബാദിനെതിരെ ഇപ്പോൾ 725 റൺസാണുള്ളത്. വിരാട് കോലിക്കാകട്ടെ 569 റൺസും.

ഐപിഎല്ലിൽ ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറിയും താരം നേടിയത് ഹൈദരാബാദിനെതിരെയാണ്. 2019 ൽ ഹൈദരാബാദിൽ നടന്ന മത്സരത്തിലാണ് സഞ്ജു സൺറൈസേഴ്‌സിനെതിരെ സെഞ്ചറി നേടിയത്. 55 പന്തുകൾ നേരിട്ട സഞ്ജു 102 റൺസാണ് അന്ന് അടിച്ചെടുത്തത്.

2023 സീസണിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരത്തിൽ 32 പന്തുകളിൽനിന്ന് 55 റൺസാണു സഞ്ജു സാംസൺ നേടിയത്. 19ാം ഓവറിൽ സിക്‌സിനു ശ്രമിച്ച സഞ്ജുവിനെ ബൗണ്ടറിക്ക് സമീപത്തുവച്ച് അഭിഷേക് ശർമ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ അടിച്ചുനേടിയത്.

റോയൽസിനായി ഓപ്പണർമാരായ യശസ്വി ജയ്‌സ്‌വാളും ജോസ് ബട്ലറും ക്യാപ്റ്റൻ സഞ്ജു സാംസണും അർധ സെഞ്ചറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഓപ്പണർമാർ വെടിക്കെട്ട് ബാറ്റിങ്ങാണ് ആദ്യ ഓവറുകളിൽ പുറത്തെടുത്തത്. പവർ പ്ലേയിൽ രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും ഉയർന്ന സ്‌കോർ തന്നെ യുവതാരം യശസ്വി ജയ്‌സ്‌വാളും ജോസ് ബട്‌ലറും ചേർന്ന് അടിച്ചെടുത്തു.

36 പന്തിൽനിന്ന് 85 റൺസാണ് രാജസ്ഥാന്റെ സമ്പാദ്യം. പവർ പ്ലേയിൽ ബട്‌ലർ 22 പന്തിൽ 54 ഉം ജയ്‌സ്‌വാൾ 13 പന്തിൽ 30 ഉം റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സൺറൈസേഴ്‌സിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചുള്ളൂ. 72 റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം

'എങ്ങനെയാണ് സീസൺ തുടങ്ങിയത് എന്നത് അമ്പരപ്പിക്കുന്നു. വളരെയധികം സന്തോഷമുണ്ട്. ജോസ് ബട്ലറെയും യശസ്വി ജയ്സ്വാളിനേയും പോലുള്ള ബാറ്റർമാർ ടീമിലുള്ളത്, അവർ പവർപ്ലേയിൽ കളിച്ച രീതിയെല്ലാം ആഗ്രഹിച്ചതാണ്. മികച്ച ടീമാണ് രാജസ്ഥാൻ റോയൽസ്. ഈ ഫോർമാറ്റിന്റെ പ്രത്യേകത അറിയാമല്ലോ, അതിനാൽ ഈ വിജയം തുടരേണ്ടതുണ്ട്. ഇന്ന് മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചതെങ്കിലും കൂടുതൽ നന്നായി ഫിനിഷ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കണം. ക്രീസിൽ നിന്ന് ഫിനിഷ് ചെയ്യാനാണ് ഞാനാഗ്രഹിച്ചത്. എന്തെങ്കിലും പോരായ്മകളുണ്ടോ എന്ന് ടൂർണമെന്റ് പുരോഗമിക്കുന്നതിന് അനുസരിച്ച് വിലയിരുത്തും' എന്നും സഞ്ജു സാംസൺ മത്സര ശേഷം പറഞ്ഞിരുന്നു.

അതേസമയം കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ജോസ് ബട്ലറുടെ വാക്കുകൾ ഇങ്ങനെ... 'ഗംഭീര തുടക്കമാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ സീസൺ മികച്ചതായിരുന്നെങ്കിലും ഇതൊരു പുത്തൻ തുടക്കമാണ്. സാഹചര്യം വിലയിരുത്തി ബൗളർമാരെ സമ്മർദത്തിലാക്കാനാണ് ഞാൻ ശ്രമിച്ചത്. കൃത്യമായ പദ്ധതിയോടെയാണ് കളിക്കുന്നത്. നിലവിലെ ശൈലി ആസ്വദിക്കുന്നു'.

മത്സരത്തിൽ നാല് ഓവറിൽ 17 റൺസിന് നാല് വിക്കറ്റ് നേടിയ സ്പിന്നർ യുസ്വേന്ദ്ര ചഹലും സന്തോഷം മറച്ചുവെച്ചില്ല. 'ടീം ആഗ്രഹിച്ച രീതിയിലുള്ള തുടക്കമാണ് നേടിയത്. ജോസും ജയ്സ്വാളും ബാറ്റ് ചെയ്ത രീതി നമ്മൾ കണ്ടു, വലിയ സ്‌കോർ കണ്ടെത്തുക എപ്പോഴും പ്രയാസമാണ് എന്ന് നമുക്കറിയാം. സ്റ്റംപ് ടു സ്റ്റംപ് പന്തെറിയുകയായിരുന്നു പദ്ധതി. ആർക്കെതിരെയാണ് പന്തെറിയുന്നത് എന്നതിനെ കുറിച്ച് ഞാനധികം ചിന്തിക്കാറില്ല. ഒരു അഞ്ച് വിക്കറ്റ് നേട്ടം ഐപിഎല്ലിൽ നേടുമ്പോൾ ഇതിലും വലിയ ആഘോഷം നിങ്ങൾക്ക് പ്രതീക്ഷിക്കാം' എന്നും ചഹൽ ചിരിച്ചുകൊണ്ട് പറഞ്ഞുനിർത്തി.