തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 236 റൺസ് വിജയലക്ഷ്യം. യശ്വസി ജയ്‌സ്വാൾ, ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്വാദ് എന്നിവരുടെ അർദ്ധ സെഞ്ചറികളും അഞ്ചാമനായി ഇറങ്ങിയ റിങ്കു സിങ്ങിന്റെ തകർപ്പനടിയുമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. സ്‌കോർ: ഇന്ത്യ: നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസ്.

ടോസ് നേടിയ ഓസീസ് നയകൻ മാത്യു വേഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. യശസ്വി-യെയ്ക്വാദ് കൂട്ടുകെട്ട് 5.5 ഓവറിൽ ഓപ്പണിങ് വിക്കറ്റിൽ 77 റൺസ് ചേർത്തു. 25 പന്തിൽ 53 റൺസെടുത്ത് ജയ്‌സ്വാൾ പുറത്തായതിന് പിന്നാലെ ഇഷാൻ കിഷൻ ഗെയ്കുവാദുമായി ചേർന്ന് സ്‌കോർ 100 കടത്തി. 29 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഇഷാനെ മാർകസ് സ്റ്റോയിനിസ് ആണ് പുറത്താക്കിയത്. 52(32).

അവസാന ഓവറിൽ പുറത്താകും മുമ്പ് ഗെയ്ക്വാദും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 58(43). റിങ്കു സിങ് 9 പന്തിൽ 31 റൺസെടുത്ത് പുറത്താകാതെ നിന്നു. റിങ്കു നാല് ഫോറും രണ്ട് സിക്സും പറത്തി. ക്യാപ്റ്റൻ സൂര്യകുമാർ 10 പന്തിൽ നിന്ന് 19 റൺസുമായി മടങ്ങി. തിലക് വർമ രണ്ട് പന്തിൽ നിന്ന് ഏഴ് റൺസെടുത്തു.

ഓസ്‌ട്രേലിയ ടീമിൽ രണ്ടുമാറ്റങ്ങൾ വരുത്തി. ലോക കപ്പ് നേടിയ ടീമംഗങ്ങളായ ഗ്ലെൻ മാക്‌സ്വെല്ലിനെയും, ആദം സാംപയെയും ജേസൺ ബെഹ്രഡോർഫിനും, ആരൺ ഹാർഡിക്കും പകരം ഉൾപ്പെടുത്തി. ഇന്ത്യ അതേ ടീമിനെ നിലനിർത്തി. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ-1-0 ത്തിന് മുന്നിലാണ്.