മുംബൈ: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ സെലക്ടർമാർക്കും ബിസിസിഐയ്ക്കും എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സെമി ഫൈനലിൽ പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചത്. കനത്ത തോൽവിക്ക് പിന്നാലെ ട്വിറ്ററിൽ ട്രെന്റിങ്ങായി മാറുകയാണ് മലയാളി താരം സഞ്ജു സാംസൺ.

ലോകകപ്പ് ടീമിൽ, തകർത്തടിക്കുന്ന സഞ്ജുവിനെപ്പോലുള്ള ബാറ്റർമാർ വേണമായിരുന്നെന്നും ഇനിയെങ്കിലും യുവതാരങ്ങൾക്കു ടീമിൽ അവസരം നൽകണമെന്നും ട്വിറ്ററിൽ ആരാധകർ ആവശ്യമുന്നയിച്ചു. മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായ് അടക്കമുള്ളവർ ട്വിറ്റർ കുറിപ്പുകളിൽ സഞ്ജുവിനെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ടീമിന്റെ മോശം പ്രകടനത്തെ മാത്രമല്ല, ടീം സെലക്ഷനിലെയും തന്ത്രങ്ങളിലെയും പാളിച്ചകളെയും ആരാധകർ കടന്നാക്രമിക്കുന്നുണ്ട്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമ്മ, കെ.എൽ രാഹുൽ എന്നിവരുടെ സ്ഥിരതയില്ലായ്മയും, ഇന്ത്യയുടെ തോൽവിക്ക് കാരണമായെന്ന് ആരാധകർ പറഞ്ഞുവെക്കുന്നു.

ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ മലയാളി താരം സഞ്ജു വി സാംസൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുകയാണ്. സഞ്ജുവിനെപ്പോലെ ആക്രമിച്ചു കളിക്കുന്ന ഒരാൾ ടീമിൽ വേണമായിരുന്നുവെന്ന് ആരാധകരും കളിയെഴുത്തുകാരും ചൂണ്ടിക്കാട്ടുന്നു. വിക്കറ്റ് കീപ്പർമാരായി ടീമിൽ ഉണ്ടായിരുന്ന ദിനേഷ് കാർത്തിക്കും റിഷഭ് പന്തും നിറംമങ്ങിപ്പോയെന്നും അവർ പറയുന്നു.

ട്വന്റി 20 മത്സരങ്ങളിൽ സഞ്ജു സാംസൺ പ്രിഥ്വി ഷാ എന്നിവരെ പോലെയുള്ള യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്ന് ആരാധകർ ആവശ്യപ്പെടുന്നു. രാജ്ദീപ് സിങ് സർദേശായിയെ പോലെയുള്ള മുതിർന്ന മാധ്യമപ്രവർത്തകരും ഇക്കാര്യം ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ ടീമിൽ എടുക്കാത്തതിനെ വിമർശിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. വൈകാതെ സഞ്ജു ഇന്ത്യൻ ടീമിൽ കളിക്കുമെന്നാണ് അന്ന് ബിസിസിഐ അധ്യക്ഷനായിരുന്ന സൗരവ് ഗാംഗുലി പറഞ്ഞത്.

ഇന്ന് സഞ്ജു സാംസന്റെ ജന്മദിനം കൂടിയാണ്. നിരവധി പേരാണ് സഞ്ജുവിന് ആശംസകൾ നേർന്നുകൊണ്ട് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ തോൽവിക്കിടയിലും സഞ്ജു അതിവേഗം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറി.

സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്ലണ്ട് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 16 ഓവറിൽ വിക്കറ്റു പോകാതെ വിജയത്തിലെത്തി. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ലർ (49 പന്തിൽ 80), അലക്‌സ് ഹെയ്ൽസ് (47 പന്തിൽ 86) എന്നിവർ അർധ സെഞ്ചറി നേടി.

ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ബട്‌ലറും ഹെയ്ൽസും ചേർന്ന് ഇംഗ്ലണ്ടിനായി പടുത്തുയർത്തിയത്. ഹെയ്ൽസ് 29 പന്തിൽനിന്നും ബട്ലർ 36 പന്തിൽനിന്നും അർധ സെഞ്ചറി തികച്ചു. 10.1 ഓവറിൽ (61 പന്ത്) 100 കടന്ന ഇംഗ്ലണ്ട് 16 ഓവറിൽ അനായാസം വിജയത്തിലെത്തി. ഹെയൽസാണു കളിയിലെ താരം. 13 ന് മെൽബണിൽ നടക്കുന്ന ഫൈനലിൽ പാക്കിസ്ഥാനും ഇംഗ്ലണ്ടും ഏറ്റുമുട്ടും.