ദോഹ: അറബി മണ്ണിൽ നിന്നും ലോകക്കപ്പും കൊത്തിയെടുത്ത് നാട്ടിലേക്ക് പറക്കാമെന്ന ബ്രസീന്റെ മോഹത്തിന് പരിക്ക് വില്ലനാകുമോ? ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റ് നെയ്മർ പുറത്തു പോകേണ്ടി വന്നതിന്റെ ആശങ്കയിലാണ് ബ്രസീൽ. സെർബിക്കെതിരായ മത്സരത്തിൽ തുടർച്ചയായി ടാക്ലിംഗിന് ഇരയായിരുന്ന താരം. പരിക്കേറ്റ് കാൽവീങ്ങിയിരിക്കുന്ന നെയ്മറുടെ ചിത്രം പുറത്തുവന്നു. മത്സരം പൂർത്തിയാകുന്നതിന് മുൻപ് കളംവിട്ട നെയ്മർ ഡഗൗട്ടിൽ ഇരുന്ന് കരയുന്നതും ചിത്രത്തിൽ കാണാം.

എതിർതാരത്തിൽ നിന്നേറ്റ ചവിട്ടാണ് നെയ്മറെ പരിക്കേൽപ്പിച്ചത്. മത്സരത്തിൽ നെയ്മറെ പൂട്ടനായിരുന്നു സെർബിയ പ്രധാനമായും ശ്രമിച്ചത്. ഇതോടെ തുടർച്ചയായി അദ്ദേഹം ഫൗൾ ചെയ്യപ്പെട്ടു. മത്സരത്തിൽ 9 തവണയാണ് നെയ്മർ ഫൗൾ ചെയ്യപ്പെട്ടത്. നിക്കോള മിലെൻകോവിച്ചിന്റെ ടാക്ലിംഗിനിടെയാണ് നെയ്മറിന്റെ കാലിന് പരിക്കേറ്റത്. നിരാശനായി ഡഗ് ഔട്ടിലിരിക്കുന്ന നെയ്മറെ സഹതാരങ്ങൾ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. നെയ്മറിന് പകരം ആന്റണിയാണ് കളത്തിലിറങ്ങിയത്

പുറത്തുവന്ന ചിത്രങ്ങളിൽ നെയ്മറുടെ പരിക്കിനെ കുറിച്ച് ആശങ്ക നൽകുന്നതാണ്. നെയ്മറുടെ പരിക്ക് ഇനിയുള്ള മത്സരങ്ങളെ ബാധിക്കുമോ എന്ന് ആരാധകർ ആശങ്കപ്പെടുന്നതിനിടെ കോച്ച് ടിറ്റെ വിശദീകരണവുമായി രംഗത്തെത്തി. പരിക്കിൽ ആശങ്ക വേണ്ടെന്നും നെയ്മർ അടുത്ത മത്സരങ്ങളിൽ കളത്തിലുണ്ടാകുമെന്നുമാണ് ടിറ്റെ അറിയിച്ചത്.

സെർബിയയുമായുള്ള മത്സരം അവസാനിക്കാൻ 11 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ചവിട്ടേറ്റ് നെയ്മറിന്റെ കണങ്കാലിന് പരിക്കേറ്റത്. സെർബിയയുടെ ആക്രമണാത്മക പ്രതിരോധത്തിനിടെയായിരുന്നു പരിക്ക്. കളിയുടെ അവസാന മിനിറ്റുകളിൽ കണ്ണീരോടെ ബെഞ്ചിലിരുന്ന നെയ്മർ പതുക്കെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പരിക്ക് ഗുരുതരമല്ലെന്ന് ടിറ്റെ അറിയിച്ചു- 'വിഷമിക്കേണ്ട, നെയ്മർ ലോകകപ്പിൽ കളിക്കുന്നത് തുടരും, നിങ്ങൾക്ക് അക്കാര്യം ഉറപ്പിക്കാം'.

ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മറിന്റെ പ്രതികരണമിങ്ങനെ- 'ഞങ്ങൾ ഉടനടി ചികിത്സ ആരംഭിച്ചു. 24-48 മണിക്കൂർ നിരീക്ഷിക്കും. കളിയിലുടനീളം നെയ്മറിന് വേദന അനുഭവപ്പെട്ടു, പക്ഷേ പരിക്കിന് ശേഷവും ടീമിനൊപ്പം കളത്തിൽ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നെയ്മറിനെ നാളെ എംആർഐ സ്‌കാനിംഗിന് വിധേയനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആദ്യ മത്സരത്തിൽ ബ്രസീൽ സെർബിയയെ തകർത്തത്. റിച്ചാർലിസനാണ് ബ്രസീലിനായി രണ്ടു ഗോളുകളും നേടിയത്. 62, 73 മനിറ്റുകളിലായിരുന്നു ഗോൾ പിറന്നത്. സൂപ്പർതാരം നെയ്മർ സെർബിയൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോക്‌സിനുള്ളിലേക്ക് നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. വിനീഷ്യസ് അടിച്ച പന്ത് ഗോളി തട്ടിയകറ്റിയെങ്കിലും റീബൗണ്ട് റിച്ചാലിസൺ വലയിലാക്കി.

73ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് വിനീഷ്യസ് ബോക്‌സിനുള്ളിലേക്ക് നൽകിയ പന്ത് റിച്ചാലിസൺ മനോഹരമായ ഒരു ബൈസിക്കിൾ കിക്കിലൂടെ വലക്കുള്ളിലാക്കി. രണ്ടാംപകുതിയിൽ തുടരെ തുടരെയുള്ള ബ്രസീലിയൻ ആക്രമണത്തിൽ സെർബിയൻ പ്രതിരോധം വിറച്ചു. മത്സരത്തിന്റെ 60ാം മിനിറ്റിൽ അലക്‌സൺ സാൻഡ്രോയൂടെ ഒരു ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

ഒന്നാംപകുതിയിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്രസീൽ മുന്നിട്ടുനിന്നെങ്കിലും ഗോൾ മാത്രം നേടാനാടിയില്ല. മുന്നേറ്റങ്ങളെല്ലാം സെർബിയൻ പ്രതിരോധത്തിൽ തട്ടി വിഫലമായി. 28ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ സുവർണാവസരം നഷ്ടപ്പെടുത്തി. തിയാഗോ സിൽവ ഗോൾമുഖത്തേക്ക് പന്ത് നിട്ടി നൽകുമ്പോൾ ഗോളിക്കു മുന്നിൽ വിനീഷ്യസ് മാത്രം.

എന്നാൽ, അതിവേഗത്തിൽ മുന്നോട്ടുകയറി സെർബിയൽ ഗോളി പ്രതിരോധിച്ചു. ബ്രസീലിയൻ മുന്നേറ്റങ്ങളെയെല്ലാം തടയുന്നതിൽ സെർബിയൻ മധ്യനിരയും പ്രതിരോധവും വിജയിച്ചു. 35ാം മിനിറ്റിൽ റാഫിഞ്ഞക്ക് മികച്ച അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. പോസ്റ്റിലേക്കുള്ള താരത്തിന്റെ ദുർബലമായ ഷോട്ട് നേരെ ഗോളിയുടെ കൈയിലേക്ക്.