റിയാദ്: ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി ക്ലബ്ബിൽ കളിക്കാൻ എത്തിയത് ഗൾഫ് മേഖലയിലെ ഫുട്‌ബോൾ സംവിധാനത്തെ ചെറുതായൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. വലിയ ആവേശമാണ് സൗദിയിൽ ഇതോടെ ഉണ്ടായിരിക്കുന്നത്. ചരിത്രം വഴിമാറും ചിലർ വരുമ്പോൾ എന്നു പറയുന്നതു പോലെ ക്രിസ്റ്റിയാനോ റൊണാൾഡോ സൗദിയിൽ എത്തിയതോടെ ഇവിടുത്തെ നിയമങ്ങളെല്ലാം വഴിമാറിയിരിക്കയാണ്. കടുത്ത നിയമങ്ങളിൽ പോലും ക്രിസ്റ്റിയാനോക്ക് ഇളവു നൽകിയിരിക്കയാണ് സൗദി ഭരണകൂടം.

രാജ്യത്തിന്റെ കായികഭാവി തീരുമാനിക്കുന്നതിൽ റോണോയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണു ഭരണാധികാരികൾ. കൊട്ടാരവും പരിചാരകരും ആഡംബരങ്ങളും അണിനിരത്തി രാജകീയമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ് അൽ നസർ സ്വീകരിച്ചിരിക്കുന്നത്. വിദ്യാലയങ്ങളടക്കം എല്ലായിടത്തും റോണോയാണു പ്രധാന ചർച്ചാവിഷയം. സൗദിയുടെ കായികമേഖലയിൽ റോണോയുടെ വരവ് ഊർജമേകിയെന്ന് കായികമന്ത്രി തുറന്നു പറയുന്നു. മെസിയും സൗദി ലീഗിൽ കളിക്കുന്ന ഭാവികാലത്തിനായി കാത്തിരിക്കുകയാണു രാജ്യം.

അതേസമയം, ഔദ്യോഗികമായി വിവാഹംചെയ്തിട്ടില്ലാത്തവർക്ക് ഒരുമിച്ച് താമസിക്കാൻ അനുവാദമില്ലാത്ത സൗദിയിൽ റൊണാൾഡോയ്ക്കായി നിയമത്തിൽ ഇളവ് നൽകിയിരിക്കുയാണ് സൗദി അറേബ്യ. പങ്കാളിയായ ജോർജീന റോഡ്രിഗസിനെ റൊണാൾഡോ നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ല. എന്നാൽ സൗദിയിൽ പങ്കാളിക്കൊപ്പം താമസിക്കുന്നതിന് റോണോയ്ക്ക് ഒരെതിർപ്പുമുണ്ടാകില്ല.

റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രിഗസും വിവാഹിതരായിട്ടില്ല. സൗദി നിയമപ്രകാരം അവിവാഹിതരായ ദമ്പതികൾക്ക് സൗദി അറേബ്യയിൽ ഒരുമിച്ച് താമസിക്കാൻ അനുവാദമില്ല. എന്നാൽ ഈ നിയമം ലംഘിച്ചതിന് റൊണാൾഡോയ്ക്ക് അനന്തരഫലങ്ങൾ നേരിടാൻ സാധ്യതയില്ലെന്ന് റിയാദിലെ ഒരു അഭിഭാഷകൻ പറയുന്നു.

''രാജ്യത്തെ നിയമങ്ങൾ ഇപ്പോഴും വിവാഹ ഉടമ്പടി ഇല്ലാതെ സഹവസിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, അധികാരികൾ അടുത്തിടെ ഈ പ്രശ്‌നം കാര്യമായെടുക്കുന്നില്ല. ഇതിന്റെ പേരിൽ ഇപ്പോൾ നിയമനടപടികളോ വിചാരണയോ നടക്കുന്നില്ല. എന്നാൽ അവിവാഹിതരായവർ ഒരുമിച്ച് താമസിച്ചതിന്റെ പേരിൽ എന്തെങ്കിലും പ്രശ്‌നമോ കുറ്റകൃത്യമോ ഉണ്ടായാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും അഭിഭാഷകൻ പറയുന്നു.

ഏകദേശം 1700 കോടിയിലേറെ രൂപയുടെ കരാറാണ് റൊണാൾഡോയും അൽ നാസറും തമ്മിൽ ഒപ്പുവെച്ചത്. അടുത്ത രണ്ടരവർഷത്തേക്കാണ് റൊണാൾഡോയെ അൽനാസർ സ്വന്തം കൂടാരത്തിലെത്തിച്ചത്. അതേസമയം റൊണാൾഡോയ്ക്ക് രണ്ട് മത്സരങ്ങളുടെ സസ്‌പെൻഷൻ ഉണ്ട്. അതിനാൽത്തന്നെ അൽ നാസറിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ റൊണാൾഡോയ്ക്ക് കളിക്കാനാകില്ല.

റെക്കോഡ് തുകയ്ക്ക് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോ ഇതുവരെ ടീമിനായി അരങ്ങേറ്റം നടത്തിയിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഏർപ്പെടുത്തിയ വിലക്കാണ് താരത്തിന്റെ അരങ്ങേറ്റം വൈകാൻ കാരണമായത്. കാണികളിലൊരാളുടെ മൊബൈൽ തട്ടിത്തെറുപ്പിച്ചതിനെത്തുടർന്നാണ് റൊണാൾഡോയ്ക്ക് രണ്ട് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയത്. 50000 പൗണ്ട് പിഴയും താരത്തിന് മേൽ ചുമത്തി. എവർട്ടണിനെതിരായ മത്സരശേഷമാണ് സംഭവമരങ്ങേറിയത്.

അൽ നസ്റിലെത്തിയ ശേഷം രണ്ട് മത്സരങ്ങളുടെ വിലക്ക് മാറിയശേഷം വേണം റൊണാൾഡോയ്ക്ക് ബൂട്ടുകെട്ടാൻ. ജനുവരി 22 ന് താരം സൗദി അറേബ്യൻ ക്ലബ്ബിനായി കളിക്കുമെന്ന് അൽ നസ്ര് അറിയിച്ചിട്ടുണ്ട്. എത്തിഫാക്കാണ് ടീമിന്റെ എതിരാളി. എന്നാൽ അതിന് മുന്നോടിയായി റൊണാൾഡോ സൂപ്പർ താരം ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും നെയ്മറുമെല്ലാം അണിനിരക്കുന്ന പി.എസ്.ജിക്കെതിരേ കളിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജനുവരി 19 ന് പി.എസ്.ജിക്കെതിരേ നടക്കുന്ന സൗഹൃദ മത്സരത്തിൽ റൊണാൾഡോ കളിച്ചേക്കും. അൽ നസ്ര്, അൽ ഹിലാൽ എന്നീ ക്ലബ്ബുകൾ ചേർന്നുള്ള ഒരു സംയുക്ത ടീം പി.എസ്.ജിക്കെതിരേ കളിക്കും.

അങ്ങനെയാണെങ്കിൽ റൊണാൾഡോ ടീമിലുണ്ടാകുമെന്നാണ് സൂചന. സൗഹൃദ മത്സരമായതിനാൽ വിലക്ക് ബാധകമാകില്ല. അങ്ങനെയെങ്കിൽ വീണ്ടുമൊരു റൊണാൾഡോ-മെസ്സി പോരാട്ടത്തിന് ഫുട്ബോൾ ലോകം സാക്ഷിയാകും. റൊണാൾഡോ കളിക്കുമെന്നുതന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.