ന്യൂഡൽഹി: ഇന്ത്യയിൽ ചൈനീസ് ചാരന്മാർ സജീവമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പാക് ഭീകരർക്കും ഇവർ വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ചൈനീസ് ബന്ധമുള്ള ഇന്ത്യയിലെ ചില സംഘടനകൾ ഇന്റലിജൻസ് നിരീക്ഷണത്തിലാണ്.ലക്ഷ്യമിട്ടിരിക്കുന്ന രാജ്യങ്ങളുടെ നയരൂപീകരണത്തെ സ്വാധീനിക്കുക എന്നതാണ് ചാരപ്രവർത്തനത്തിലൂടെ ചൈന ഉദ്ദേശിക്കുന്നത്.

ചൈനീ,് എൻ.ജി.ഒകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് വരുന്നവർക്ക് വിസ ഉൾപ്പെടെയുള്ളവ അനുവദിക്കുന്നതിൽ നിയന്ത്രണമുണ്ടാകും. സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ ഇത്തരക്കാർക്ക് വിസ അനുവദിക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകു. ഇതിനുള്ള സംഘടനകളെ ഷോർട്ട ലിസ്റ്റ് ചെയ്തിട്ടുണ്ട്. വൻതോതിൽ വിവര ശേഖരണം ഇന്ത്യയിൽ ചൈന നടത്തുന്നതായാണ് വിലയിരുത്തൽ. സോഷ്യൽ മീഡിയാ ആപ്പുകളെ നിരോധിച്ചതും ഈ സാഹചര്യത്തിലാണ്.

ആപ്പിനൊപ്പം എൻജിഒകളിലൂടേയും ചൈനീസ് ചാരപ്രവർത്തനം സജീവമാണെന്നാണ് കണ്ടെത്തൽ. ചൈനീസ് ബന്ധമുള്ള സാംസ്‌കാരിക- വാണിജ്യ സംഘടനകൾ, വിദ്യാഭ്യാസ വിദഗ്ദ്ധർ, പബ്ലിക് പോളിസി ഗ്രൂപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്കാകും വിസ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ചൈനയിൽ നിന്ന് സ്പോൺസർ ചെയ്യപ്പെടുന്ന ആളുകൾക്ക് വിസ നൽകുന്നത് കർശനമായ പരിശോധനകൾക്ക് ശേഷമായിരിക്കും. മറ്റ് രാജ്യങ്ങളിലേക്ക് ചൈനയുടെ താത്പര്യങ്ങളും ചിന്തകളും എത്തിക്കുകയും ആ രാജ്യങ്ങളിൽ ചൈനയുടെ സ്വാധീനം വർധിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശമാണ് എൻ.ജി.ഒകൾ വഴി നടപ്പിലാക്കുന്നതെന്നാണ് വിവരം. ഇത്തരത്തിൽ നിരവധി സംഘടനകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.

നയരൂപീകരണത്തെ സ്വാധീനിക്കാൻ കഴിയുന്നവർ, ചിന്തകർ, രാഷ്ട്രീയ പാർട്ടികൾ, വളർന്നുവരുന്ന നേതാക്കൾ, കോർപ്പറേറ്റ് കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്കായി ഇത്തരം സംഘടനകൾ മുഖേനെ ഇന്ത്യയിലേക്ക് വിസകൾ സംഘടിപ്പിക്കുകയാണ് ചൈന ചെയ്യുന്നത്. ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ബന്ധമുള്ള ആപ്പുകൾ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് പുതിയ നീക്കം വന്നിരിക്കുന്നത്.