തളിപ്പറമ്പ്: തളിപ്പറമ്പിൽ പൊലിസുകാരൻ പ്രതിയായ എ.ടി.എം കാർഡ് തട്ടിപ്പ് കേസ് ഒതുക്കാൻ അണിയറയിൽ നീക്കങ്ങൾ ശക്തമാകുന്നു. ഒളിവിൽ കഴിയുന്ന തളിപ്പറമ്പ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസർ ശ്രീകാന്തിനെ കേസിൽ നിന്നും രക്ഷപ്പെടുത്താനാണ് പൊലീസ് ഉന്നതരുടെ ഒത്താശയോടെ അണിയറയിൽ നീക്കങ്ങൾ ശക്തമാകുന്നത്.ഇതിന്റെ ഭാഗമായി എടിഎം കാർഡ് മോഷ്ടാവായ ഗോകുലിന്റെ സഹോദരിയെ കൊണ്ട് പരാതി പിൻവലിപ്പിക്കാനുള്ള നീക്കങ്ങൾ നടന്നുവരികയാണ്.

മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം ഉപയോഗിച്ച് പണം കവർന്ന സംഭവത്തിൽ പ്രതിയായ തളിപ്പറമ്പ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഇ എൻ ശ്രീകാന്ത് നേരത്തെ കോടതിയിൽ മുൻകൂർ ജാമ്യം തേടിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. ഇതിനു ശേഷമാണ് പ്രതിയുടെ സഹോദരി നൽകിയ പരാതി പിൻവലിപ്പിക്കാൻ പൊലിസ് നീക്കം നടത്തുന്നത്. സമ്മർദ്ദങ്ങളുടെ ഫലമായി പരാതി പിൻവലിക്കാൻ അനുമതി നൽകണമെന്ന് അപേക്ഷിച്ച് സഹോദരി ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

അന്വേഷണ സംഘത്തോട് അഭിപ്രായം ചോദിച്ച ഹൈക്കോടതി കേസ് വിധി പറയാൻ മാറ്റിയിട്ടുണ്ട്. ഹരജിയെ അന്വേഷണ ഉദ്യോസ്ഥർ എതിർത്തതായാണ് അറിയുന്നത്. തളിപ്പറമ്പ് പൊലിസ് അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന ആരോപണത്തെ തുടർന്ന് ആലക്കോട് പൊലിസാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. തളിപ്പറമ്പിൽ നിന്നും നിർത്തിയിട്ട വാഹനത്തിൽ വെച്ചിരുന്ന എ.ടി.എം കാർഡും മറ്റു സാധനങ്ങളും കവർന്ന കേസിലെ പ്രതിയായ ഗോകുൽ തന്റെ സഹോദരിയുടെ അക്കൗണ്ടിൽ അൻപതിനായിരം രൂപ നിക്ഷേപിക്കുകയായിരുന്നു.

അന്വേഷണത്തിനിടെയിൽ പ്രതിയിൽ നിന്നും എ.ടി.എം കാർഡ് തട്ടിയെടുത്ത ശ്രീകാന്ത് രണ്ടു തവണകളായി പിൻ നമ്പർ ചോദിച്ച് മനസിലാക്കിയതിനു ശേഷം പണം പിൻവലിക്കുകയായിരുന്നു. മൊബൈലിൽ മെസെജ് വന്നതിനെ തുടർന്ന് ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് പൊലിസിൽ പരാതി നൽകിയതിനെ തുടർന്നാണ് വകുപ്പ് തല അന്വേഷണമാരംഭിക്കുന്നത്.

ശ്രീകാന്ത് പണം തട്ടിയെന്ന് തെളിഞ്ഞതിനെ തുടർന്ന് കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമ്മ ഇയാളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഇതിനു ശേഷം ആലക്കോട് പൊലിസ് കേസെടുത്ത് ഇയാൾക്കായി അന്വേഷണം നടത്തിയെങ്കിലും ഒളിവിൽ പോവുകയായിരുന്നു. പ്രാഥമിക എഫ്ഐആറിൽ പ്രതിയായ പൊലീസുകാരന്റെ പേരില്ലാതെ നാമമാത്രം വകുപ്പ് ചേർത്ത് കേസെടുത്ത തളിപ്പറമ്പ് പൊലീസിന്റെ നടപടി വിവാദമായതോടെ കേസന്വേഷണ ചുമതല മാറ്റുകയും ചെയ്തു.

പൊലീസുകാരൻ അതിയടം ശ്രീസ്ഥയിലെ ഇ എൻ ശ്രീകാന്ത് നമ്പൂതിരി ഒളിവിൽ പോയതോടെ വീടിന്റെ മതിലിൽ തട്ടിപ്പ് വീരൻ എന്ന നിലയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഒളിവിൽ കഴിയുന്ന പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും ചില പൊലീസുകാരെയും സഹപാഠികളായ സുഹൃത്തുക്കളെയും വിളിച്ചതായി പൊലീസ് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞവർഷം കോവിഡ് കാലത്ത് മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിലൂടെ പ്രചാരണം നടത്തിയതിന് ശ്രീകാന്ത് നമ്പൂതിരി നടപടി നേരിട്ടിരുന്നു.