കൊച്ചി: ശ്രീമോനും സംഘവും ലഹരി കടത്തിയ പിടിക്കപ്പെടാതിരിക്കാനുള്ള പഴുതുകൾ എല്ലാം അടച്ച്. ഒന്നര ലക്ഷം രൂപ വിലയുള്ള മൂന്ന് വിദേശ ഇനം പട്ടികളും ഈ സംഘത്തിനുണ്ടായിരുന്നു. ഈ പട്ടികളെ ആഡംബരകാറിൽ കൊണ്ടു നടന്നായിരുന്നു കച്ചവടം. ചെന്നൈയിൽ നിന്ന് കാറിൽ ലഹരിയുമായി എത്തുമ്പോൾ പട്ടിയെ കണ്ട് പൊലീസും എക്‌സൈസും ഞെട്ടിവിറച്ചു. ഇതിൽ ചില സംശയങ്ങൾ തോന്നി. അങ്ങനെയാണ് കാക്കനാട്ടേക്ക് അന്വേഷണം എത്തിയത്.

കൊച്ചിയിലെ നിരവധി നിശാ പാർട്ടികളിൽ ഇവർ പങ്കെടുത്തതായും ലഹരിമരുന്ന് വിൽപ്പന നടത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ എക്‌സൈസ് സംഘം റൈഡ് നടത്തുകയായിരുന്നു. യുവതികൾ ഉൾപ്പെടെയുള്ളവർ ഒരുമിച്ചാണ് ഫ്‌ളാറ്റിൽ കഴിഞ്ഞിരുന്നത്. എക്‌സൈസ് സംഘം എത്തിയപ്പോൾ യുവതികൾ ലഹരി മരുന്ന് ഉപയോഗിച്ച് ബോധം നഷ്ടപെട്ട അവസ്ഥയിലായിരുന്നു. എല്ലാവരേയും കസ്റ്റഡിയിൽ എടുത്തു.

കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷംന, കാസർകോട് സ്വദേശികളായ അജു എന്ന അജ്മൽ, മുഹമ്മദ് ഫൈസൽ, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്സൽ, തൈബ എന്നിവരാണ് പിടിയിലായത്. ഇതിൽ ശ്രീമാനാണ് സംഘത്തലവൻ. ഫാബാസിന്റെ ഭാര്യയാണ് ഷംന. ഇരെല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ലഹരി കടത്തിൽ പങ്കാളിയായത്.

ഇവരിൽ നിന്ന് മുന്തിയ ഇനം ലഹരിമരുന്നുകളായ എംഡിഎംഎ, എൽഎസ്ഡി, ലഹരിഗുളികകൾ എന്നിവ പിടികൂടിയിട്ടുണ്ട്. വിപണിയിൽ ഈ മരുന്നുകൾക്കെല്ലാം ചേർത്ത് ഒരു കോടി രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. കാക്കനാട് ഉള്ള ഫ്ലാറ്റിൽ നിന്ന് പ്രതികളെ പിടികൂടുമ്പോൾ ഇവരുടെ കയ്യിൽ 90 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു.

ഒരു ഐ-20 കാർ വഴിയാണ് ഇവർ ലഹരി കടത്തിയിരുന്നത്. മൂന്ന് വിദേശ ഇനം നായ്ക്കളെയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്നാണ് ലഹരിമരുന്ന് ഇവർ കൊണ്ടുവന്നിരുന്നത്. ചെന്നൈയിൽ നിന്ന് ആഡംബര കാറുകളിൽ കുടുംബസമേതമെന്ന രീതിയിലാണ് ഇവർ വന്നിരുന്നത്. സ്ത്രീകളാണ് പലപ്പോഴും ക്യാരിയർമാരായി പ്രവർത്തിക്കുക.

വിദേശ ഇനത്തിൽ പെട്ട നായ്ക്കളെ കൊണ്ടുവരുന്നുവെന്നും പലപ്പോഴും ചെക്പോസ്റ്റുകളിൽ ഇവർ പറയും. ഇങ്ങനെ ചെക്പോസ്റ്റുകളിലെല്ലാം വ്യാപകമായി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ലഹരിമരുന്ന് ഇവർ കടത്തിക്കൊണ്ടുവന്നത്.

ഇതിന് മുമ്പും ഇവർ ഇത്തരത്തിൽ ലഹരി കടത്തിയിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും അറിയിച്ചു.