മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19.1ഓവറിൽ രണ്ട് വിക്കറ്റ് രണ്ട് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെയും ഓപ്പണർ അഭിഷേക് ശർമയുടെയും നിക്കോളാസ് പുരാന്റെയും ബാറ്റിങ് മികവിലാണ് ഹൈദരാബാദ് സീസണിലെ രണ്ടാം ജയം കുറിച്ചത്. നാലു മത്സരങ്ങളിൽ ഗുജറാത്തിന്റെ ആദ്യ തോൽവിയാണിത്. സ്‌കോർ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 162-7, സൺറൈസേഴ്‌സ് ഹൈദരാബാദ് 19.1 ഓവറിൽ 168-2.

ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യത്തിലേക്ക് കരുതലോടെയാണ് ഹൈദരാബാദ് ബാറ്റുവീശിയത്. പവർ പ്ലേയിലെ ആദ്യ നാലോവറിൽ 11 റൺസ് മാത്രമടിച്ച ഹൈരദാബാദ് ഓപ്പണർമാരായ കെയ്ൻ വില്യംസണും അഭിഷേക് ശർമയും അഞ്ചാം ഓവറിൽ ഷമിക്കെതിരെ ആണ് ആദ്യ ബൗണ്ടറി അടിക്കുന്നത്. ഷമിക്കെതിരെ സിക്‌സും ഫോറും അടക്കം 14 റൺസടിച്ച് റൺവേഗം കൂട്ടിയ ഹൈദരാബാദ് ലോക്കി ഫെർഗൂസൻ എറിഞ്ഞ പവർ പ്ലേയിലെ അവസാന ഓവറിൽ നാല് ബൗണ്ടറി അടക്കം 17 റൺസടിച്ച് പവർ പ്ലേയിൽ 42 റൺസിലെത്തി.

പവർ പ്ലേക്ക് ശേഷം റാഷിദ് ഖാനെ സിക്‌സടിക്കാനുള്ള ശ്രമത്തിൽ അഭിഷേക് ശർമ(32 പന്തിൽ 42) പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ അഭിഷേക്-വില്യംസൺ സഖ്യം 64 റൺസടിച്ചു. അഭിഷേകിന് പകരമെത്തിയ രാഹുൽ ത്രിപാഠിയും വില്യംസണും ചേർന്ന് ഹൈദരാബാദിന്റെ പ്രതീക്ഷ കാത്ത് സ്‌കോർ ബോർഡ് ചലിപ്പിച്ചു. എന്നാൽ പതിനൊന്നാം ഓവറിലും പന്ത്രണ്ടാം ഓവറിലും ഏഴ് റൺസ് മാത്രം വഴങ്ങി ഗുജറാത്ത് ബൗളർമാരായ റാഷിദ് ഖാനും ലോക്കി ഫെർഗൂസനും ഹൈദരാബാദിനെ വരിഞ്ഞു കെട്ടി.

എന്നാൽ ഹാർദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിമൂന്നാം ഓവറിൽ രണ്ട് സിക്‌സ് അടക്കം 16 റൺസടിച്ച വില്യംസൺ ഹൈദരാബാദിനെ ട്രാക്കിലാക്കി. രാഹുൽ തെവാട്ടിയ എറിഞ്ഞ പതിനാലാം ഓവറിൽ 10 റൺസടിച്ച് 100 കടന്ന ഹൈദരാബാദിനായി വില്യംസൺ 42 പന്തിൽ അർധസെഞ്ചുറിയിലെത്തി. വിജയത്തിനടുത്തെത്തിച്ച് വില്യംസൺ(46 പന്തിൽ 57) മടങ്ങിയെങ്കിലും നിക്കോളാസ് പുരാനും(18 പന്തിൽ 34*), ഏയ്ഡൻ മാർക്രവും(8 പന്തിൽ 12*) ചേർന്ന് ഹൈദരാബാദിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. ഗുജറാത്തിനായി ലോക്കി ഫെർഗൂസനും ഹാർദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. 42 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. ഹൈദരാബാദിനായി നടരാജൻ രണ്ട് വിക്കറ്റെടുത്തു. അവസാന മൂന്നോവറിൽ ഹാർദ്ദിക് ക്രീസിലുണ്ടായിട്ടും ഗുജറാത്തിന് തകർത്തടിക്കാനാവഞ്ഞതാണ് ഗുജറാത്ത് സ്‌കോർ 162ൽ ഒതുക്കിയത്. 27 റൺസ് മാത്രമാണ് അവസാന മൂന്നോവറിൽ ഗുജറാത്ത് നേടിയത്. നടരാജൻ എറിഞ്ഞ അവസാന ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടമായ ഗുജറാത്തിന് ഏഴ് റൺസെ നേടാനായുള്ളു.