പത്തനംതിട്ട: പത്താം ക്ലാസ് കണക്കു പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതായി പരാതി. മുട്ടത്തുകോണം എസ്എൻഡിപിഎച്ച്എസ്എസിലെ ഹെഡ്‌മാസ്റ്റർ എസ്. സന്തോഷ് പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളിൽ ചോദ്യ പേപ്പർ പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയായിരുന്നു.

സ്വന്തം സ്‌കൂൾ ഗ്രൂപ്പിലെ കണക്ക് ടീച്ചർമാർക്ക് വേണ്ടി ഇട്ടു കൊടുത്തതാണെന്നും ചോദ്യങ്ങൾ സോൾവ് ചെയ്ത് ഉത്തരം വാങ്ങി കുട്ടികൾക്ക് നൽകാൻ വേണ്ടിയാണ് ചോദ്യ പേപ്പർ ചോർത്തിയതെന്നും ആരോപണമുയർന്നു. 126 ഹെഡ്‌മാസ്റ്റർമാരാണ് ഗ്രൂപ്പിലുള്ളത്. ഇവരിൽ ചിലർ അപ്പോൾ തന്നെ ഡിഇഓയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

9.40 നാണ് കുട്ടികളെ പരീക്ഷയ്ക്കായി ക്ലാസിൽ കയറ്റുന്നത്. 10 മണിക്ക് കുട്ടികൾക്ക് ചോദ്യപേപ്പർ നൽകും. 12 മണിക്ക് കുട്ടികൾ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതു വരെ ചോദ്യപേപ്പർ അതീവ രഹസ്യ സ്വഭാവമുള്ള രേഖയാണ്. 10 മണിക്ക് ചോദ്യപേപ്പർ നൽകി 10.30 ആയപ്പോഴാണ് ഡിഇഓയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചോദ്യപേപ്പറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ അടുത്തു നിന്ന് എടുത്തതാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും. പ്രയാസമേറിയ ചോദ്യങ്ങൾ സോൾവ് ചെയ്ത് ഉത്തരം നൽകുന്നതിന് വേണ്ടിയാകണം ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത് അയച്ചതെന്ന് കരുതുന്നു. സ്വന്തം അദ്ധ്യാപകരുടെ ഗ്രൂപ്പിലേക്ക് അയച്ച ചിത്രം മാറി ഡിഇഓയുടെ ഗ്രൂപ്പിലെത്തുകയായിരുന്നുവെന്ന് പറയുന്നു.

തെരഞ്ഞെടുപ്പിന് മുൻപ് എസ്എസ്എൽസി/ഹയർ സെക്കൻഡറി പരീക്ഷകൾ സർക്കാർ മാറ്റി വച്ചത് പോലും അട്ടിമറി ഭയന്നായിരുന്നു. ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള വിവാദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷകൾ നടത്താൻ തീരുമാനിച്ചത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
-
സർക്കാർ ഭയന്നത് എന്തോ അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. ചോദ്യപേപ്പർ ചോർത്തിയ ഹെഡ്‌മാസ്റ്റർ സന്തോഷ് ഇടതു അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയുടെ പ്രവർത്തകനാണ്. അതു കൊണ്ടു തന്നെ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പത്തനംതിട്ട ഡിഇഓയെ മാധ്യമ പ്രവർത്തകർ പല തവണ വിളിച്ചെങ്കിലും പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല. കഴിഞ്ഞ പരീക്ഷകളിലും ഇതേ പോലെ സന്തോഷ് ചോദ്യപേപ്പർ ചോർത്തിയിരിക്കാമെന്നും ഇയാളുടെ ഫോൺ പിടിച്ചെടുക്കണമെന്നുമാണ് ആവശ്യം. അതേ സമയം, സ്‌കൂളിലെ അദ്ധ്യാപകരുടെ ഗ്രൂപ്പിസത്തിന് ബലിയാടാണ് സന്തോഷ് എന്നാണ് ഒരു വിഭാഗം പറയുന്നത്.