ചെന്നൈ: ലക്ഷദ്വീപിൽ ജനവിരുദ്ധ നിയമങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്ന അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ തിരികെ വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ ഇടപെടുകയും അദ്ദേഹത്തെ അഡ്‌മിനിസ്ട്രേറ്റർ സ്ഥാനത്ത് നീക്കം ചെയ്യുകയും വേണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ശക്തി ബഹുസ്വരതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

'അവിടെ താമസിക്കുന്ന മുസ്ലിംജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന അഡ്‌മിനിസ്ട്രേറ്റർ പട്ടേലിന്റെ നടപടി മനോവേദനയുണ്ടാക്കുന്നു' സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

എംഡിഎംകെ അധ്യക്ഷൻ വൈക്കോയും ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്കെതിരെ രംഗത്തെത്തി. ലക്ഷദ്വീപ് ജനതയുടെ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കുന്നതിനാൽ ഇതിനെതിരെ ശക്തമായി അപലപിക്കുന്നു.അഡ്‌മിനിസ്ട്രേറ്റർ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തെ രാജ്യസഭാ എംപി കൂടിയായ വൈക്കോ പിന്തുണയ്ക്കുന്നതായും അറിയിച്ചു.